TMJ
searchnav-menu
post-thumbnail

Travel

കാടറിഞ്ഞ് കുടജാദ്രിയിലേക്ക്

20 Sep 2023   |   3 min Read
മുഹമ്മദ് അൽത്താഫ്

ട്ടും പ്രതീക്ഷിക്കാതെ സംഭവിക്കുന്ന യാത്രകള്‍ക്ക് ഭംഗി കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഓണസദ്യ കഴിച്ചുകൊണ്ടിരിക്കെ എവിടെയെങ്കിലും പോയാലോ എന്ന ചോദ്യത്തില്‍ നിന്നും യാത്രികരുടെ മനംമയക്കിയ കുടജാദ്രിയിലേക്ക് പോവാമെന്ന തീരുമാനത്തിലെത്തി. കോഴിക്കോട് നിന്നും വൈകിട്ടുള്ള നേത്രാവതിയില്‍ ജനറല്‍ ടിക്കറ്റുമെടുത്ത് യാത്ര ആരംഭിച്ചു.

എന്നത്തേയും പോലെ നേത്രാവതിയില്‍ നല്ല തിരക്കാണ്. വാഗണ്‍ട്രാജഡിയെ സ്മരിച്ചു കൊണ്ട് തിക്കിത്തിരക്കി എങ്ങനെയോ അതിനകത്തു കയറിപ്പറ്റി. വണ്ടി മൂകാംബികക്കടുത്തുള്ള ബൈന്ദൂര്‍ സ്റ്റേഷനില്‍ എത്തുംവരെ ഡോറിന്റെ അടുത്ത് നിന്നും ഇരുന്നും സൊറ പറയാനായിരുന്നു ഞങ്ങടെ വിധി. ഞങ്ങളോട് സംസാരിച്ച് തൊട്ടടുത്ത് ഉണ്ടായിരുന്ന ഹിന്ദിക്കാര്‍ മലയാളം പഠിച്ചു. അവര്‍ നല്‍കിയ പല സ്നാക്സുകളും ഇടയ്ക്കിടെ കഴിച്ചു. അതുകൊണ്ട് തന്നെ കഥയും പറഞ്ഞ് ബൈന്ദൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വളരെ പെട്ടന്ന് എത്തിയതുപോലെ തോന്നി. അവരോട് യാത്ര പറഞ്ഞു ഇറങ്ങി. റയില്‍വേ സ്റ്റേഷനില്‍ തന്നെ ചുരുണ്ടു കൂടി കിടന്ന് നേരം വെളുപ്പിച്ചു. ചിലവ് ചുരുക്കിയുള്ള യാത്ര ആയതിനാല്‍ റൂമെടുക്കുന്നതിനേക്കാള്‍ മെച്ചം അവിടുത്തെ വരാന്ത തന്നെ ആയിരുന്നു. രാവിലെതന്നെ എണീറ്റ് സ്വപ്ന കേന്ദ്രമായ കുടജാദ്രിയിലേക്ക് ബസ് കയറി. യാത്രക്കാരെല്ലാം പൈസമുടക്കി ജീപ്പില്‍ അവിടേക്ക് എത്തുമ്പോള്‍ കാടിനെ അടുത്തറിഞ്ഞുകൊണ്ട് പോവാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്.



കാട് തുടങ്ങുന്നിടത്ത് ബസ്സിറങ്ങി ഞങ്ങള്‍ പ്രയാണം ആരംഭിച്ചു. കാട്ടിലേക്ക് കാലെടുത്തു വെച്ചതും അട്ടകളുടെ കൂട്ടമായുള്ള അക്രമമായിരുന്നു. രക്ത ദാഹികളായ അട്ടകളെ തുരത്താന്‍ ഒരു സിഗര്‍ലൈറ്റ് ലാംമ്പ് അല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. മഴപെയ്തത് കൊണ്ട് കാടിനുള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത കുളിരായിരുന്നു. ഒരു കുപ്പി വെള്ളവും രണ്ടു മൂന്ന് പാക്കറ്റ് ബിസ്്കറ്റുകളുമായിരുന്നു ഞങ്ങളുടെ കൈവശം ആകെയുണ്ടായിരുന്നത്. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്ററോളം വരുന്ന കാടും മലകളും താണ്ടി കുടജാദ്രിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് മൂന്നു നാലു മണിക്കൂര്‍ വേണ്ടി വരുമെന്ന് ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട ഒരാള്‍ പറഞ്ഞിരുന്നു. ഇടവിട്ട് പെയ്ത ചാറ്റല്‍ മഴയും ഇടയ്ക്കിടെ കയറിയിറങ്ങിയ കുന്നുകളും യാത്രയെ വളരെ ആവേശമുള്ളതാക്കി. പരസ്പ്പരം കാണാത്ത തരത്തിലുള്ള കോടമഞ്ഞും കൂടി ആയപ്പോള്‍ പിന്നെ ഞങ്ങള്‍ പരിസരം മറന്ന് ആസ്വദിച്ചു. തുടക്കത്തില്‍ അട്ടയെ പേടിച്ച ഞങ്ങള്‍ പിന്നീട് അട്ടയെ നോക്കാതെ യാത്ര ചെയ്തു. കാരണം അത്രക്ക് സുന്ദരമായിരുന്നു കാടിനുള്ളിലെ ഓരോ കാഴ്ച്ചകളും. കണ്ണിനു കുളിര്‍മ്മയേകുന്ന പച്ചപ്പും ആസ്വദിച്ചു ഞങ്ങള്‍ നടന്നു നീങ്ങി. ഒടുവില്‍ കാടിനുള്ളില്‍ വെച്ച് കുറച്ചു പേരെ കൂടി കൂട്ടിനു ലഭിച്ചു. കര്‍ണാടകയില്‍ തന്നെയുള്ള കുറച്ചു ചെറുപ്പക്കാരായിരുന്നു അവര്‍. അവരോട് സംസാരിച്ചപ്പോഴാണ് മറ്റൊരു കാര്യം മനസ്സിലായത്. അവര്‍ ബസ്സിറങ്ങി വെറും രണ്ടോ മൂന്നോ കിലോമീറ്റര്‍ നടന്നിട്ടാണത്രെ ഞങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്തേക്ക് എത്തിയത്. ഞങ്ങളാകട്ടെ അപ്പോഴേക്കും കാട്ടിലൂടെ അഞ്ചാറു കിലോമീറ്റര്‍ നടന്നു കഴിഞ്ഞിരുന്നു. ബസ്സിറങ്ങിയ സ്ഥലം മാറിപ്പോയത് കൊണ്ട് കുറച്ചധികം നടക്കേണ്ടി വന്നെങ്കിലും അത്രയും ആസ്വദിക്കാന്‍ പറ്റിയതില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. കാട്ടരുവിയിലെ വെള്ളം കുടിച്ചും മരങ്ങളെയും മറ്റും അടുത്തറിഞ്ഞും ഞങ്ങള്‍ നടത്തം തുടര്‍ന്നു. ട്രെയിനില്‍ വെച്ച് ചില യാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടിനുള്ളിലെ കോട്ടയത്തുകാരന്‍ അച്ചായന്റെ ചായക്കട തിരയാനും ഞങ്ങള്‍ മറന്നില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ പൂട്ടി കിടന്ന തരത്തിലാണ് ഞങ്ങള്‍ ആ ചായ കടയെ കണ്ടത്. പൊളിഞ്ഞു വീഴാറായ ആ ചായക്കടക്ക് മുന്നിലെ ചെറിയൊരു പൊടിപിടിച്ച ബോര്‍ഡില്‍ ഹിന്ദിയിലും മലയാളത്തിലും ഹോട്ടല്‍ എന്നെഴുതിയത് ചെറുതായി കാണാമായിരുന്നു. അച്ചായന് എന്ത് സംഭവിച്ചു കാണും എന്നോര്‍ത്തു നില്കുമ്പോഴാണ് മറ്റൊരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.



കന്നഡയില്‍ എഴുതിയത് കൊണ്ട് വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബോര്‍ഡിലെ പുലിയുടെയും ആനകളുടെയും ചിത്രങ്ങള്‍ ഏതാണ്ടെന്തൊക്കയോ മനസ്സിലായി. പിന്നീടുള്ള നടത്തങ്ങള്‍ക്ക് ഇച്ചിരികൂടി സ്പീഡ് കൂടിയത് പോലെ തോന്നി. അവസാനം മണിക്കുറുകള്‍ നീണ്ട പ്രയാണത്തിന് ശേഷം ഞങ്ങള്‍ ലക്ഷ്യം കണ്ടു. ഇരുകാലുകളും കുഴഞ്ഞിരുന്നെങ്കിലും അവിടെ നിന്ന് വീണ്ടും മുകളിലുള്ള മല കയറാന്‍ ഞങ്ങള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ആ മലയും കയറി ആകാശത്തോടടുത്ത് നിന്ന് മേലോട്ട് നോക്കി ഒന്ന് കൂവിയപ്പോള്‍ ഈ ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷമായിരുന്നു. ചുറ്റും വെള്ള പഞ്ഞിക്കെട്ടുകള്‍ പോലെ മൂടല്‍മഞ്ഞുകൊണ്ട് നിറഞ്ഞ കുടജാദ്രിയെ വേണ്ടുവോളം ആസ്വദിച്ചു. നേരം ഇരുട്ടുന്നതിന് മുമ്പ് തിരിച്ച് കാട്ടുപാതയിലൂടെ തന്നെ നേരത്തെ സഞ്ചരിച്ച കുന്നും മലയും എല്ലാം താണ്ടി റോഡില്‍ എത്തേണ്ടതിനാല്‍ വന്നതിനേക്കാള്‍ വേഗതയില്‍ ഞങ്ങള്‍ ഓരോരുത്തരും കുടജാദ്രിയോട് വിട പറഞ്ഞു. എത്ര ആസ്വദിച്ചിട്ടും മതി വരാത്ത ഉള്‍കാടുകളും മേടുകളും കൂടെ വഴിയോരത്തു കാഴ്ച്ചകള്‍ക്ക് മോഡി കൂട്ടിയ കാട്ടു പക്ഷികളോടും എല്ലാം യാത്ര പറഞ്ഞ് അവസാന ബസ്സ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഞങ്ങള്‍ റോഡില്‍ എത്തി. ബസ്സില്‍ കയറുമ്പോഴാണ് ഞങ്ങള്‍ കാട്ടിനുള്ളില്‍ തിരഞ്ഞ അച്ചായന്റെ ചായക്കട ബസ്റ്റോപ്പിനോട് ചേര്‍ന്നു നില്‍ക്കുന്നതായി കണ്ടത്. ബസ്സില്‍നിന്നും കണ്ട മറ്റു ചില മലയാളികള്‍ പറഞ്ഞതനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ കുടജാദ്രിയുടെ പരിസരത്ത് താമസമാക്കിയ ഈ അച്ചായന്‍ തന്റെ അച്ഛന്റെ മരണശേഷം ആണത്രേ കാട്ടിനുള്ളിലെ കട ഒഴിവാക്കി റോഡിനോട് ചേര്‍ന്നുള്ള പുതിയ കട തുടങ്ങിയത്. ഏതായിരുന്നാലും വന്ന ബസ്സ് അവിടുന്നുള്ള അവസാന ബസ്സായിരുന്നതിനാല്‍ അച്ചായന്റെ ചായക്കടയില്‍ കയറാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പെട്ടന്ന് തന്നെ റയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും കോഴിക്കോടേക്കുള്ള ട്രെയിന്‍ ഞങ്ങള്‍ക്ക് കിട്ടിയില്ല. പിന്നെ മംഗലാപുരത്ത് നിന്നും മാറിക്കയറാം എന്ന് കരുതി അടുത്ത ട്രെയിനില്‍ തന്നെ ചാടി കയറി. കിടക്കാനും ഇരിക്കാനും യഥേഷ്ടം സ്ഥലമുള്ളത് കൊണ്ട് മംഗലാപുരം എത്തുമ്പോഴേക്കും ക്ഷീണം മാറ്റാന്‍ സാധിച്ചു. മംഗലാപുരത്ത് നിന്ന് വീണ്ടും മറ്റൊരു ട്രെയിനില്‍ നാട്ടിലേക്ക്.



യാത്രകള്‍ അത്രമേല്‍ മനോഹരമാക്കാന്‍ പണം ഒരു പ്രശ്‌നമല്ല എന്ന് ഈ യാത്ര ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. റയില്‍വേ സ്റ്റേഷന്‍ വരാന്തയിലുള്ള ഉറക്കവും ബിസ്‌ക്കറ്റും വെള്ളവും കഴിച്ചുള്ള മലകയറ്റവുമെല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു. തിരിച്ച് നാട്ടിലെത്തി കണക്ക് കൂട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത് ഒരാള്‍ക്ക് വെറും 550 രൂപ മാത്രമേ ഈ യാത്രക്ക് ചിലവ് വന്നിട്ടുള്ളൂ.


#travel
Leave a comment