കല്‍ക്കൊണ്ടോ അഥവാ മായാനഗരക്കാഴ്ചകള്‍
'Where the rhythm of life never stops...' 'സിറ്റി ഓഫ് ജോയ്' കല്‍ക്കട്ടയെപ്പറ്റി ഇങ്ങനെ പറയുന്നു. ഔദ്യോഗിക വേഷങ്ങളെല്ലാം അഴിച്ചുവെച്ച ഒരു നാള്‍ അവിടെപ്പോയി. മൂന്നു ദിവസത്തേക്ക്. അല്ല.. അവള്‍ എന്നെ വലിച്ചുകൊണ്ടുപോയി എന്നു പറയുന്നതാണ് ശരി. മഞ്ഞക്കാറുകളുടെയും നീല ബസ്സുകളുടെയും നഗരം. പഴമ അതീവ ക്ഷമയോടെ അള്ളിപ്പിടിച്ചിരിക്കുന്ന കെട്ടിടങ്ങള്‍. ഉറക്കം തൂങ്ങുന്ന ലെഗസി. മഴ കഴുകി വൃത്തിയാക്കിയ സുഭാഷ് ചന്ദ്രബോസ് എയര്‍പോര്‍ട്ടിന്റെ മുറ്റം... ഹോട്ടലിലേക്ക് 15 കിലോമീറ്റര്‍ അഥവാ 45 മിനിറ്റ്. 'Shehar ek se gaav ek se ..' എന്ന ഗാനം മനസ്സില്‍ മുഴങ്ങിയപ്പോള്‍ ഓര്‍ത്തു.. ഇത് പതിവില്ലാത്തതാണല്ലോ.. ഒന്നരവര്‍ഷമായ് ഡല്‍ഹി എന്ന ഗര്‍ഭപാത്രത്തിനകത്തു കിടന്ന് ശ്വാസം മുട്ടുകയായിരുന്നില്ലേ. ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഒന്നു പുറത്തേക്ക് നോക്കി.. മെഡിക്കല്‍ ഷോപ്പിനരികില്‍ ലൈറ്റും കത്തിച്ചുകൊണ്ട് അങ്ങനെ നില്‍ക്കുന്നു ഭാരം നോക്കുന്ന മെഷീന്‍.. ക്ലമന്റ് ഡോക്ടറെ കാണാനുള്ള കുട്ടിക്കാല യാത്രകളിലെ എറണാകുളം ജംഗ്ഷനില്‍ ഓര്‍മ്മ ബ്രേക്ക് ഇട്ടു. പിന്നെ മൊബൈലിലേക്ക് തലപൂഴ്ത്തിയതേയില്ല... ബാക്കി കിലോമീറ്ററുകള്‍ ഉടനീളം ഭൂതകാലത്തിലേക്കായിരുന്നു. ഉള്ളിലെ ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍, കെട്ടിടങ്ങള്‍.. ട്രാം പാതകള്‍... കൈ റിക്ഷകള്‍...
ഒന്നാം ദിവസം
വളവുതിരിഞ്ഞൊഴുകി വരുന്ന മഞ്ഞക്കാറുകളിലേക്കാണ് പിറ്റേദിവസം പുലര്‍ന്നത്. മനുഷ്യര്‍... അവര്‍ റോഡരികിലുള്ള ടാപ്പുകള്‍ തുറക്കുന്നു, കുളിക്കുന്നു.. തേച്ചുരച്ച്, പുതച്ച്, അലക്കി മദിക്കുന്നു!
മണ്‍പാത്രത്തിലെ അഞ്ചുരൂപച്ചായ കുടിച്ചുകൊണ്ട് ഞാന്‍ അപ്പുറത്ത് നോക്കിനിന്നു. കാറുകളുടെ പുറകെ നീല ബസ്സുകള്‍ വന്നു. പിന്നെ മെറൂണ്‍ കുട്ടി ബസ്സുകളും. നഗരം ഉണര്‍ന്നു; നഗരം ഒഴുകി...
രവിയെപ്പോലെ എന്റെ വണ്ടി വരാന്‍ കാത്തു. 'ഗുഡ്‌മോണിങ് സര്‍ജി' എന്നൊരുമിച്ച് ഉറക്കെ വിളിച്ചുകൊണ്ട് അരിത്രോ മുഖര്‍ജിയും അരിന്ദവും എത്തി. ഫോണ്‍ വിളിച്ചുള്ള പരിചയം ആശ്ലേഷങ്ങളിലേക്കു വഴിമാറി. 'നമുക്ക് ഒരു ഫോട്ടോ വാക്ക് ആയാലോ' എന്ന് പറഞ്ഞപ്പോഴേക്കും നല്ലൊരു ഫോട്ടോഗ്രാഫറായ ഒന്നാമന്‍ അവന്റെ ആയുധം എടുത്തു ഫിറ്റ് ചെയ്തു. ബ്രാന്‍ഡ് ന്യൂ നിക്കോണ്‍! ചെറിയ വെയില്‍ പുതച്ച് ഞങ്ങള്‍ നടന്നു തുടങ്ങി... നിശ്ചലമായ ഒരു നാഴികമണിയാണ് ഈ നഗരം എന്നോര്‍ത്തതും ഒരു ഫ്രെയിം കണ്‍മുമ്പില്‍...! പെന്‍ഡുലം ക്ലോക്കുകള്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ക്ലോക്ക് കട. അതിലേക്ക് നീളുന്ന ക്ഷീണിച്ചു മെലിഞ്ഞ രണ്ടു കൈകള്‍. മേശയ്ക്കപ്പുറമുള്ള ആ കാഴ്ച ലോ ആംഗിളില്‍ പകര്‍ത്തി. നടന്നുനടന്ന് കോളേജ് സ്ട്രീറ്റില്‍ എത്തി. പഴയ ബുക്കുകളുടെ മണമുള്ള തെരുവ്... 'സിറ്റി ഓഫ് ജോയ്' അന്വേഷിച്ച് കുറേനേരം കറങ്ങിനടന്നു. ഒടുവില്‍ ഉള്ളങ്കയ്യിലേക്ക് അത് എത്തിച്ചേര്‍ന്നു. പക്ഷേ..... നൊടിയിടയ്ക്കുള്ളില്‍ ആ സന്തോഷത്തെ റിക്ഷാവാലകളുടെ ദൈന്യമായ കാഴ്ച്ചകള്‍ കൂട്ടിക്കൊണ്ടുപോയി. രണ്ടാമനു ബോറടിക്കുന്നുണ്ടായിരുന്നു 'ഇന്ത്യന്‍കോഫി ഹൗസിലേക്ക് പോകാം' അവന്‍ പറഞ്ഞു...
രണ്ടുനിലകള്‍; മുകളിലത്തെ നിലയില്‍ ബാല്‍ക്കണി പോലെയുള്ള ക്രമീകരണം... കഴിച്ചു കഴിഞ്ഞതും അവര്‍ പറഞ്ഞു: 'ഇനി മൂന്നരയാകട്ടെ. നഗരം ഉറങ്ങുന്ന സമയമാണ്.'
PHOTO: SURESH NARAYANAN
എരുക്കിന്‍ പൂക്കളുടെ സായന്തനം 'ഫ്‌ലവര്‍ മാര്‍ക്കറ്റ് അടുത്തുളള ഫോട്ടോ പോയിന്റ് ആണ്'; അരിത്രോ പറഞ്ഞു. ഹൗറ പാലത്തിന്റെ താഴെ; ജലവും വാഹനങ്ങളും
അരികുപറ്റി മനുഷ്യരും ഒഴുകുന്നു.. പൂക്കളുടെ പറുദീസ... മാലപ്പടക്കത്തിന്റെ വേഷം പൂണ്ട് നീണ്ടു ചുരുണ്ട് കുട്ടകളില്‍ വിശ്രമിക്കുന്ന മാലകളെ കണ്ടതും അങ്ങോട്ട് ഓടിച്ചെന്നു.. ചെമ്പരത്തി മൊട്ടു മാല!
കാളീദേവിക്കുള്ളതാണ്. ചൂട്, വിയര്‍പ്പ്, പൂമണം അങ്ങനെ നടക്കുന്നതിനിടയില്‍ ദാ അപ്പുറത്ത് കുലകുലയായി... ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തലകുടഞ്ഞപ്പോള്‍ 'അമ്പട കേമാ !എരിക്കിന്‍ പൂവ്'
എന്ന് ഓര്‍മ്മ കൈപിടിച്ചു... ശരിയാണ് ! കുട്ടിക്കാലത്ത് പറമ്പുകളില്‍ കണ്ടിട്ടുണ്ട്.. ഇവന്‍ ഇത്രയും യോഗ്യനാണോ എന്ന് ആലോചിച്ചതും അരിന്ദം പറഞ്ഞു; 'അത് ശിവഭഗവാന് ഒത്തിരി ഇഷ്ടമാണത്രേ'.
ഞങ്ങള്‍ പടിയിറങ്ങി. ഹൂഗ്ലി നദീതീരം ഹനുമാന്റെ ഒരമ്പലം. മുമ്പില്‍ ഒരു അഘാഡ. തലകുനിച്ചിരുന്ന് ഒരാള്‍ വിശേഷപ്പെട്ട ഒരു മീന്‍ കുട്ട നെയ്യുന്നു. ഫോട്ടോയെടുക്കാന്‍ തുനിയവേ പെയിന്റ് അടിച്ച ശിവലിംഗവുമായി ഒരാള്‍ അപ്പുറത്തെ പടി കയറാന്‍ തുടങ്ങി. പുറകെ ഓടി വിയര്‍ത്തു. ഇതെല്ലാം കണ്ട് ഹൂഗ്ലി ചിരിച്ചു കലങ്ങിമറിഞ്ഞ് ഒഴുകി.
അഞ്ചുമണിപ്പള്ളി
നഘോദാ മസ്ജിദിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഓടുകയായിരുന്നു... നമാസ് സമയത്തിന് മുമ്പ് എത്തിയാലല്ലേ അകത്തു കയറി സാവകാശത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. അധികം ആള്‍ക്കാരില്ല; ഞങ്ങളും പിന്നെ കുറച്ചു പ്രാവുകളും..'ദാ, ഇതിന്റെ ഫോട്ടോ എടുക്കാന്‍ മറക്കരുത്.. 'പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം കുറിച്ചിരിക്കുന്ന ഉറുദു മാര്‍ബിള്‍ ഫലകത്തിലേക്ക് ചൂണ്ടിക്കൊണ്ട് സ്‌നേഹമുള്ള മുക്രി പറഞ്ഞു. പടികള്‍ കയറി നിസ്‌ക്കാര സ്ഥലത്തെത്തി.. മിഹ്റാബ്; അറിയാതെ നാഴിക മണിയിലേക്കു നോക്കി. രണ്ട് അമ്പത് എന്ന സമയത്തില്‍ അത് വിറങ്ങലിച്ചു പോയിരിക്കുന്നു.
അതീന്ദ്രിയ നിമിഷങ്ങള്‍. രാത്രി വന്നു. വെല്ലസ്‌ളി ഹോട്ടലിനടുത്തുവെച്ച് രണ്ടുപേരും പിരിഞ്ഞു. നഗരം വീണ്ടും എന്നെ വലിച്ചുകൊണ്ട് നടന്നു. പല്ലു കൊഴിഞ്ഞ ഒരു അനാഥക്കെട്ടിടത്തിനകത്തു നിന്ന് സിനിമാപ്പാട്ടുകേള്‍പ്പിച്ച് അതെന്നെ ഞെട്ടിച്ചു.. വെളുത്ത പെറ്റിക്കോട്ട് മാത്രം ധരിച്ച് അലസയായ് ചാരിയിരിക്കുന്ന പെണ്‍കുട്ടിയിലേക്ക് അതെന്റെ നോട്ടം തുറിപ്പിച്ചു. ബൗ ബസാറിലേക്ക് തിരിഞ്ഞ
വീഥിത്തുടക്കത്തിലെ വീടിന്റെ നീണ്ട ഇടനാഴിയിലെ 'ഡെവിള്‍' എന്ന ചുവന്നയക്ഷരങ്ങളായ് എന്നെ വിറപ്പിച്ചു. പിക്കപ്പ് വാനുകളുടെ മുകളില്‍ കിടന്നുറങ്ങുന്ന മനുഷ്യരായ് എന്നിലേക്ക് നിസ്സഹായത കോരിച്ചൊരിഞ്ഞു... രാത്രി കനത്തു. തെരുവില്‍ തന്തൂരി അടുപ്പു കത്തിക്കുന്ന വൃദ്ധന്റെ ചുവന്നു പുകഞ്ഞ കണ്ണുകളെ പിന്നിട്ട് ഹോട്ടലിലേക്കു തിരിച്ചു നടന്നു.
നഘോദാ മസ്ജിദ് | PHOTO: WIKI COMMONS
രണ്ടാം ദിവസം
ബേലൂര്‍ മഠവും തുടര്‍ന്ന് ദക്ഷിണേശ്വര്‍ കാളി ക്ഷേത്രവും ലക്ഷ്യമാക്കി നീങ്ങി... പാദരക്ഷകള്‍ പുറത്തുവച്ചു; സ്വാമി വിവേകാനന്ദന്‍ നട്ട മാവ് കണ്ടു... വൃദ്ധനായിട്ടുണ്ടാവണം; എങ്കിലും സമൃദ്ധമായ പച്ച മുടി! തൂണുകള്‍ കൊടുത്ത് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു അതിനെ. സൂര്യരശ്മികള്‍ കണ്ണില്‍ കുത്തുന്നു. പുറത്തിറങ്ങി ഫെറിയിലേക്ക് നടന്നു.. ഹൂഗ്ലി നദിയുടെ അപ്പുറത്താണ് ദക്ഷിണേശ്വര്‍ കാളി ക്ഷേത്രം.
ബോട്ടിന്റെ അമരത്തുതന്നെ നില്‍പ്പുറപ്പിച്ചു. താഴെ ഗംഗാ നദി. കല്‍ക്കട്ടയില്‍ എത്തുമ്പോഴാണ് ഹൂഗ്ലിയായ് മാറുന്നത്. കവിത ചൊല്ലാന്‍ തോന്നി. പക്ഷേ അതിനേക്കാളുയരത്തില്‍
'ഒരെ മാസീ..' എന്ന 'കല്‍ക്കട്ട ന്യൂസി'ലെ പാട്ടു കയറി വന്നു.. ആശയക്കുഴപ്പത്തിനിടയില്‍ ഫെറി അക്കരെ എത്തി. നങ്കൂരത്തിന്റെ കറുത്ത ചങ്ങലവട്ടം വെയിലില്‍ തിളങ്ങുന്നു. ലോ ആംഗിളില്‍ നദിയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോഴേക്കും ബോട്ടുകാരന്‍ ബംഗാളിയില്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. മനസ്സിലാകാത്ത തെറിയും വലിച്ചുവാരിക്കൊണ്ട് ഓടി !
ദാഹം
ക്ഷേത്രനട അടച്ചിരുന്നു. വൈകിട്ട് മൂന്നരയ്ക്ക് ആണ് തുറക്കുന്നത്... ഗേറ്റിനുള്ളില്‍ പെട്ടുപോയവര്‍... അവരുടെ ദാഹം കൈകളായ് പുറത്തേക്ക് നീണ്ടു വന്നു. അതിലേക്ക് പെട്ടിക്കടക്കാരന്റെ ശീതള പാനീയ ഗ്ലാസുകള്‍ പെയ്തിറങ്ങി. തിരിച്ചു നടന്നു. ഒരു അവധൂതനെ കണ്ടു. 20 രൂപ കൊടുത്തപ്പോള്‍ അയാള്‍ എനിക്കായ് പാടുവാന്‍ തുടങ്ങി... 'സീതാറാം സീതാറാം ജയ സീതാറാം...' ഇറങ്ങി നടന്നു. ടാക്‌സി പിടിച്ച് 'സോള്‍ട്ട് ഹൗസ് റസ്റ്റോറന്റ്' എന്നുത്തരവിട്ടു. കുറെ ദൂരം പോയപ്പോള്‍ ചുവരെഴുത്തുകള്‍ കണ്ട് ചാടിയിറങ്ങി... 'control yourself not me' എന്ന കവിളെഴുത്തുമായി ഒരു ഗേള്‍സ് സ്‌കൂള്‍..
'apne khar mein azadi...' അതെ... ഏതു സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്?
മരണത്തിന്റെ താഴ്‌വാരം
തിരിഞ്ഞു നടന്നു. ശൂലവുമായ് പോകുന്ന നാലു കുട്ടികള്‍! അവരെക്കാള്‍ പൊക്കമുള്ള ആയുധം. ആ പിന്തുടര്‍ച്ച നഷ്ടപ്പെട്ട് ഒടുവില്‍ എത്തിയത് മരണത്തിന്റെ താഴ്‌വാരത്തില്‍...'South park Street symmetry'. തെന്നുന്ന കാലുകള്‍ പിടയുന്ന കരിയിലകള്‍... ഉറങ്ങുന്ന മനുഷ്യര്‍... അവരുടെ കുടീരങ്ങള്‍, സൗന്ദര്യാത്മകതയുടെ നിറകുടങ്ങള്‍. ഒരു കുടീരത്തില്‍ ചിതലരിച്ച്, തലകുനിച്ച് ഒരു അജ്ഞാത പുസ്തകം; ബംഗാളിപുസ്തകം... അഞ്ചു മണിയായി. കാവല്‍ക്കാര്‍ ഉണര്‍ന്നു.
PHOTO: SURESH NARAYANAN
അപൂര്‍ണ്ണ രാത്രി
പുറത്തേക്ക് നടന്നതും പാര്‍ക്ക് സ്ട്രീറ്റിലെ Katti Roll മണമൊന്നാകെ കുതിരകളെപ്പോലെ ഇരച്ചെത്തി. അതിന്റെ പുറത്തു കയറി നേരെ അങ്ങോട്ട്! നഗരരാത്രിജീവിതത്തുടിപ്പുകള്‍ ഇവിടമാകെ നുരഞ്ഞു പതയുന്നു.. പൊറോട്ട പുതപ്പണിഞ്ഞ കബാബ്... kathi Roll.. ഇത് ചവച്ചിറക്കാത്ത രാത്രികള്‍ അപൂര്‍ണ്ണമത്രേ! റിംജിം ഗിരേ സാവന്‍... നഗരം ഉപേക്ഷിച്ചു പോകാറായി. ഹോട്ടലിലേക്ക് കാര്‍ വിളിച്ചു.
'റിംജിം ഗിരേ സാവന്‍ സൂരജ് സുലഗ് ജായെ മന്‍...' അരമണിക്കൂര്‍ ദൂരം കാര്‍ പാടിക്കൊണ്ടേയിരുന്നു. തിരിച്ചു ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു... വിമാനത്തിന്റെ ചിറകുകള്‍- ഫ്‌ലാപ്പുകള്‍ വിറയ്ക്കുന്നതു കണ്ടപ്പോള്‍ ഒരു ചിന്ത വന്നു... കല്‍ക്കട്ടയല്ല ശരിക്കും കണ്ടത്.. 'കല്‍ക്കൊണ്ടോ' ആണ് മാര്‍ക്ക്‌സിന്റെ മക്കണ്ടോ പോലെ!