TMJ
searchnav-menu
post-thumbnail

Travel

ശാന്തി നികേതനും, സോനാഗച്ചിയും എന്നെ കൽക്കട്ടയിലേക്ക് തിരിച്ചു വിളിക്കുമായിരിക്കും

24 Aug 2024   |   4 min Read
നിലാചന്ദന ആർ കെ

ന്റെ ചിന്തകളൊക്കെ ആട്ടിൻ കുഞ്ഞുങ്ങൾ ആണെന്നും, അവയെ മര്യാദ പഠിപ്പിക്കുന്ന ആട്ടിടയനാണ് ഞാനെന്നും എനിക്കെപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ആട്ടിൻപറ്റങ്ങൾ അവരുടെ ലക്ഷ്മണരേഖ ഭേദിക്കുമ്പോൾ ഞാനവയെ നിയന്ത്രിക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങൾ അവ പുൽമേടുകളിലും താഴ്വരകളിലും അലഞ്ഞുനടന്നു. അതെ, കൽക്കട്ട യാത്രയിൽ ഞാനും എന്റെ മനസ്സും സ്വതന്ത്രരായിരുന്നു. ആലോചനകളുടെ കയത്തിന് സുഖമെത്രയാണെന്ന് ശരിക്കും ഞങ്ങൾ തൊട്ടറിഞ്ഞു.

വിക്ടോറിയയും സെന്റ് പോൾസ് കത്തീഡ്രലും കണ്ടാണ് ഞാൻ എന്റെ ആദ്യ കൽക്കട്ട ദിവസം തുടങ്ങിയതെങ്കിലും, പാർക്ക് സ്ട്രീറ്റ് സിമെട്ട്രിയാണ് അന്നേദിവസം എന്റെയുള്ളിൽ ഇടം പിടിച്ചത്. കൽക്കട്ടയിൽ നിന്ന് മരണമടഞ്ഞ ബ്രിട്ടീഷ് പ്രമുഖരുടെ സെമിത്തേരിയാണ് പ്രസ്തുതയിടം. വൈകിട്ട് നാലുമണി മുതൽ സന്ദർശകരെ അനുവദിക്കാത്ത ഈയിടത്തെ ദി മോസ്റ്റ് ഹോണ്ടഡ് പ്ലെയ്സ് ഓഫ് കൊൽക്കത്ത  എന്ന ലേബലിലാണ് പരീസ ( പരീസയുടെ വീട്ടിലാണ് ഞാൻ താമസിച്ചത്) എന്നെ പരിചയപ്പെടുത്തിയത്. കാടുപിടിച്ച പരിസരവും പഴയ സെമിത്തേരികളും എന്നെ വേറെവിടെയോ എത്തിച്ചിരുന്നു. രാത്രികാലങ്ങളിൽ ഈ പ്രേതങ്ങൾ ഒന്നിച്ചിരുന്ന് ഇന്ത്യയെയും ഇന്ത്യൻ ജനതയേയും കുറിച്ച് ചർച്ച ചെയ്യുന്നുണ്ടാകാം എന്ന് എനിക്ക് തോന്നി. സമീപപ്രദേശത്ത് മരണമടഞ്ഞ ഇന്ത്യൻ പ്രേതങ്ങൾ ഇതുകേട്ട് ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ ഭയന്നിരിക്കുകയാണോ എന്നും എനിക്ക് സംശയമുണ്ടായി. ഉറ്റവരെല്ലാം ബ്രിട്ടനിലേക്ക് തിരികെ പോയതിനാൽ ബ്രിട്ടീഷ് പ്രേതങ്ങൾക്ക് ഏകാന്തത തോന്നുന്നുണ്ടാകുമോ എന്നും ഞാൻ സംശയിച്ചു.

PARK STREET CEMETARY | PHOTO : WIKI COMMONS
 ഇങ്ങനെയിങ്ങനെ എന്തെല്ലാമോ ചിന്തിക്കുകയും യാന്ത്രികമായി ഫോട്ടോ എടുക്കുകയും ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി മുന്നിൽ വന്ന ചെറുപ്പക്കാരൻ മറ്റൊരു ആംഗിളിൽ നിന്ന് ചിത്രം എടുത്താൽ കൂടുതൽ നന്നായിരിക്കുമെന്ന് പറഞ്ഞു തന്നത്. ചിത്രം എടുക്കേണ്ട ഫ്രെയിം ഭംഗിയാക്കി തന്ന്‌ അയാളൊരു പോക്ക് പോയി. വെറുതെ അവഗണിച്ചു പോകാവുന്ന എന്നോട് എത്ര മനോഹരമായാണ് ആ മനുഷ്യൻ പെരുമാറിയത്. കാരണങ്ങളൊന്നുമില്ലാതെ സന്തോഷം വിതറുന്ന മനുഷ്യജീവികളെ ഓർത്ത് എനിക്ക് വമ്പു തോന്നി. മനുഷ്യരൊക്കെ എത്ര രസാണല്ലേ?

എന്റെ സാങ്കല്പിക കൽക്കട്ടാ ലോകത്ത് കറുത്ത സാരിയുടുത്ത്, മഴയത്ത് ട്രാമിന് പിന്നിൽ ഓടുന്ന ഞാനുണ്ടായിരുന്നു. ട്രാം എനിക്ക് കാണാനായില്ലെങ്കിലും മഴ നനയാൻ എനിക്കായി. ചിന്തകളിൽ മഴ തോർന്നാൽ സുഖമാണ്, യാഥാർത്ഥ്യങ്ങൾ അങ്ങനെയല്ലെങ്കിലും മഴയെനിക്കിഷ്ടായി. ദക്ഷിണേശ്വർ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങവേയാണ് കൽക്കട്ട അവളുടെ മഴമുഖം എനിക്ക് കാണിച്ചു തന്നത്. വലിയ വലിയ തുള്ളികളുള്ള താളത്തിൽ പെയ്യുന്ന കൊച്ചു മഴ മെട്രോ പാലത്തിനു കീഴെ നിന്ന് എനിക്ക് കാണാനായി. ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നത്.

തോരാതെ മഴ പെയ്തതിനാൽ തന്നെ ദക്ഷിണേശ്വർ ക്ഷേത്രത്തിലും ബേലൂർ മഠത്തിലും മാത്രമേ അന്ന് പോകാനായുള്ളൂ. എന്നാൽ രണ്ടിടങ്ങളിലും സമാനമായി രണ്ടു കാര്യങ്ങൾ കാണപ്പെട്ടു.

DAKSHINESWAR KALI TEMPLE | PHOTO : WIKI COMMONS
1. വെള്ളയിൽ ചുവന്ന കരയുള്ള സാരിയുടുത്ത സ്ത്രീകൾ, അവരുടെ കാലുകളെ അലങ്കരിച്ചിരിക്കുന്ന അൽത്ത,  പിന്നെ നിറയെ കുപ്പിവളകളണിഞ്ഞ അവരുടെ കൈകൾ.

2. മൊട്ടത്തലയരായ കുട്ടികൾ.
 ഇത് കണ്ടപ്പോൾ ഭാവിയിലൊരുകാലത്ത് ഉരുണ്ട തലയോടുകൂടെ ജനിക്കുന്ന എന്റെ മകളെയും കൊണ്ട് ഞാനിവിടെ വരികയും, ഞങ്ങൾ വെള്ളയും ചുവപ്പും കുപ്പായമണിഞ്ഞ് ഈ നഗരമാകെ അലയുമെന്നും എനിക്ക് വെറുതെ തോന്നി. അവളുടെ മൊട്ടത്തല വെയിലും മഴയും കൊള്ളാതെ, സാരിത്തുമ്പ് കൊണ്ട് മറച്ചു വെക്കുന്നതിനെപ്പറ്റിയും ഞാൻ ചിന്തിച്ചു. അന്നേദിവസം തന്നെ വെള്ളയിൽ ചുവന്ന കരയുള്ള ബഗൻപുടി സാരി ഞാൻ വാങ്ങിവെച്ചു.

മൂന്നാം ദിവസം സാരിയുടുത്താണ് ഞാൻ കൽക്കട്ട ചുറ്റാനിറങ്ങിയത്. സുന്ദരി ആയിട്ടുണ്ട് എന്ന് അതിഥി ആന്റി  (പരീസയുടെ അമ്മ) രാവിലെ തന്നെ ആത്മവിശ്വാസം തന്നത് കൊണ്ടാവണം അന്നേദിവസം മുഴുവൻ ഉള്ളിലൊരു ചിരി ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് സാരിയുടുത്ത് ഊരുചുറ്റുന്ന എന്നെ ഞാൻ സങ്കൽപ്പിക്കാറുണ്ടായിരുന്നു.  ഒരുപക്ഷേ മാധവിക്കുട്ടിയുടെ എന്റെ കുട്ടിക്കാലം വായിച്ചപ്പോൾ പുന്നയൂർക്കുളത്ത് പോയി അമ്മമ്മയെ കാണാൻ മാത്രമല്ല, കൽക്കട്ടയിലെ വീട്ടിൽ പലപ്പോഴും ഏകാകിയായിരുന്ന മാധവിക്കുട്ടിക്ക് കൂട്ടിരിക്കാനും എനിക്ക് തോന്നിയിരിക്കാം, അറിയില്ല. അന്നേദിവസം വഴിനടക്കുമ്പോഴൊക്കെ മാധവിക്കുട്ടിയേയും അവരുടെ അരിവെപ്പുകാരനെയും ത്രിപുരയിൽ നിന്ന് വന്ന ജോലിക്കാരിയേയുമെല്ലാം ഞാൻ ഓർത്തുകൊണ്ടേയിരുന്നു.

അന്നേദിവസം ആലിപ്പൂർ ജയിലും കാളിഘാട്ടുമാണ് പ്രധാനമായി കണ്ടത്. ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ രാഷ്ട്രീയ തടവുകാരെ താമസിപ്പിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്ത പ്രശസ്തമായ ജയിലാണ് ആലിപ്പൂർ. ബീരേന്ദ്രനാഥ് ഗുപ്ത, പ്രസാദ് രാജൻ ചൗധരി, ബിനീഷ് ഗുപ്ത മുതലായ സ്വാതന്ത്ര്യസമര സേനാനികൾ ഇവിടെവെച്ച് തൂക്കിലേറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരാൾ തൂക്കിലേറ്റപ്പെടുമ്പോൾ പിന്നീട് തൂക്കിലേറ്റപ്പെടാൻ വിധിക്കപ്പെട്ടയാൾ പ്രസ്തുത മരണം നിർബന്ധമായും കണ്ടിരിക്കണം എന്ന പ്രാകൃത നിയമം നിലനിന്നിരുന്ന ജയിലാണ് ആലിപ്പൂർ. ഇത്തരം മാനസിക പീഡനത്തിലൂടെ കടന്നുപോയിട്ടും മരണത്തിനു മുന്നിൽ ഭയപ്പെടാതെ നിന്ന രക്തസാക്ഷികളുടെ കൂടെ സ്വപ്നമാണ് ഇന്നത്തെ സ്വാതന്ത്ര്യം എന്നത് ആലിപ്പൂർ നമ്മെ ഓർമ്മപ്പെടുത്തും. കോളേജുകളിലും സർവ്വകലാശാലകളിലും സ്വയം മറന്നു തങ്ങളുടെ രാഷ്ട്രീയ ശരികളെ മുറുകെപ്പിടിച്ച് സമരം ചെയ്യുന്നവരെ പുച്ഛിക്കുന്ന പതിവാണ് നമ്മളിൽ ഭൂരിഭാഗത്തിനും. ഇത്തരത്തിൽ അരാഷ്ട്രീയവാദികളായിരുന്നു നമ്മുടെ പൂർവികരെങ്കിൽ, ഇന്നുള്ള സ്വാതന്ത്ര്യം നമുക്ക് അന്യമായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരിടം കൂടിയാണ് ആലിപ്പൂർ.
KALIGHAT KALI TEMPLE | PHOTO : WIKI COMMONS
സതിയുടെ മരണശേഷം സംഹാരമൂർത്തിയായ ശിവൻ സതീദേവിയുടെ ശരീരത്തോട് കൂടെ ശിവതാണ്ഡവം ആരംഭിച്ചു. ഇന്നേരം ലോകത്തിന്റെ വിനാശം തടയുന്നതിനായി വിഷ്ണു സുദർശന ചക്രം പുറപ്പെടുവിച്ചതിനെ തുടർന്ന്, സതീദേവിയുടെ ശരീരം 51 പ്രദേശങ്ങളിൽ എത്തിച്ചേരുകയും അവ ശക്തിപീഠമായി ഭവിക്കുകയും ചെയ്തു. ഇത്തരത്തിൽ സതിയുടെ വലതുകാൽ ഉയർന്നു വീണയിടമാണ് കാളിഘട്ട്. തീർത്തും ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരുന്നു കാളിഘട്ടിലേത്. അവിടെവച്ച് പരിചയപ്പെട്ട മുത്തച്ഛൻ ക്ഷേത്രദർശനത്തെ പറ്റി നിർദ്ദേശങ്ങൾ തന്നതും, ഒടുവിൽ തലയിൽ തൊട്ടനുഗ്രഹിച്ചതും എന്നും തെളിഞ്ഞ ഓർമ്മയായിരിക്കും. എന്തായാലും ചുവന്ന ചെമ്പരത്തി മാലകളാൽ അലങ്കരിക്കപ്പെട്ട കാളിഘട്ട് മനോഹരമായ കാഴ്ചയാണ്.

കൽക്കട്ടയിലെ ഇന്ത്യൻ കോഫി ഹൗസിൽ പോകുക, അവിടുത്തെ സ്പെഷ്യൽ ഹോട്ട് കോഫിയും, ചിക്കൻ കട്ലേറ്റും കഴിക്കുക എന്നത് എന്റെ ബക്കറ്റ് ലിസ്റ്റ് ആയിരുന്നു. മഴപെയ്ത് വെള്ളം പൊന്തിയ ചന്തകളിലൂടെ പാന്റും പൊക്കിവെച്ച് കട്ട്ലെറ്റ്‌ കഴിക്കാൻ പോയത് എന്തായാലും ഒരു നഷ്ടമായില്ല. അവിടത്തെ മസ്റ്റാർഡ്  സോസിന്റെ കട്ട ഫാനായാണ് ഞാൻ മടങ്ങിയത്. കോളേജ് സ്ട്രീറ്റ് കോഫി ഹൗസിന്റെ ജനലരികിലിരുന്ന് ആകാശവും നോക്കി കാപ്പി കുടിക്കുന്നത് ഇനി എക്കാലവും എന്റെ പ്രിയപ്പെട്ട ഡ്രീം കം ട്രൂ മൊമെന്റ് ആയിരിക്കും.

അന്നേദിവസം തന്നെയാണ് ജോറാസാങ്കോ ഠാക്കൂർഭാരി ഞാൻ കണ്ടത്. ടാഗോറിന്റെ നൂറുകണക്കിന് മുറികൾ ഉള്ള വലിയ വീട് അത്ഭുതം തന്നെയാണ്. വീടിന്റെ നടുത്തളത്തിൽ നാടകം കളിക്കാനുള്ള വേദിയും, കാണികൾക്ക് ഇരിക്കാനുള്ള ഗ്യാലറിയുമുണ്ട്. കൂട്ടുകുടുംബമായിരുന്നു ടാഗോറിൻ്റേത്.  വീടിന്റെ ഒന്നാം നിലയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മൃണാളിനി ഉപയോഗിച്ചിരുന്ന അടുക്കള ഏറ്റവും മനോഹരമായി കാണപ്പെട്ടു. അടുക്കളയിലെ ജനൽ പാളികൾ വെട്ടവും കാറ്റും മാത്രമല്ല പുറകുവശത്തേക്കൊരു നോട്ടവും തരും. ഒരുപക്ഷേ അക്കാലത്ത് അവിടെ ഒരു അടുക്കളത്തോട്ടം ഉണ്ടായിരുന്നിരിക്കാം എന്നെനിക്ക് തോന്നി. മുകളിലെ അടുക്കളയിൽ നിന്ന് മുറ്റത്ത് നോക്കി ചിന്തിക്കുന്ന മൃണാളിനിയുടെ ചിത്രം എന്റെ മനസാകെ നിറഞ്ഞിരുന്നു.

JORASANKO THAKUR BARI | PHOTO : WIKI COMMONS
ടാഗോറിന്റെ സ്വീകരണ മുറി തീർത്തും സൗന്ദര്യാത്മകമാണ്. നിശബ്ദവും സമാധാനപൂർണവുമായ അന്തരീക്ഷം ടാഗോറിൽ എഴുത്തിന്റെ തിരകളും വരയുടെ ഒഴുക്കും നൽകിയിരിക്കാം. അദ്ദേഹം സന്ദർശിച്ച രാജ്യങ്ങൾ, അദ്ദേഹത്തിന്റെ കുടുംബം, കൂട്ടുകാർ, ശാന്തിനികേതൻ മുതലായ ധാരാളം വിവരങ്ങൾ അടങ്ങിയ നിരവധി ഗ്യാലറികളോടെയാണ് ജോറാസാംഗോ പ്രവർത്തിക്കുന്നത്. ഇതെല്ലാം കാണുമ്പോഴും സ്റ്റോറീസ് ഓഫ് രവീന്ദ്രനാഥ ടാഗോർ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെ ഞാൻ കണ്ട ടാഗോർ കഥകൾ ഉള്ളിൽ അലയടിച്ചു. ഒരുപക്ഷേ ഞാൻ ഇപ്പോൾ വായിക്കുന്ന ചോഖൈർ ബാലിപോലും അദ്ദേഹം ആ വീട്ടിലിരുന്ന് എഴുതിയതാകാം.

പിന്നീട് സയൻസ് പാർക്ക്‌, ഹൗറാ ബ്രിഡ്ജ്, എക്കോ പാർക്ക്, ന്യൂ മാർക്കറ്റ്, ഗോറിയഹട്ട് മാർക്കറ്റ്, റൈറ്റേഴ്സ് ബിൽഡിംഗ് തുടങ്ങിയ ധാരാളം കാഴ്ച കണ്ടെങ്കിലും ജോറാസാങ്കോയും സ്ട്രീറ്റ് പാർക്ക് സിമട്ട്രിയും എനിക്ക് ഏറെ പ്രിയപ്പെട്ടതായി.

മഞ്ഞ ടാക്സികളും, പടുകൂറ്റൻ കെട്ടിടങ്ങളും, പുസ്തകത്തെരുവുകളും മാത്രമല്ല കൽക്കട്ട എന്ന് എനിക്കീ ദിവസങ്ങളിൽ വ്യക്തമായിരുന്നു. തിരക്കുള്ള തെരുവുകളിലെ ഓടയിലിരുന്നു കുളിക്കുന്ന മനുഷ്യരുള്ള, ഏറ്റവും പഴക്കം ചെന്ന് ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിൽ തിങ്ങിപ്പാർക്കുന്ന, ഹൗറയ്ക്ക് താഴെ വെയിലത്തുറങ്ങുന്ന ജീവിതമുള്ള മനുഷ്യരുടേത് കൂടിയാണ് കൽക്കട്ടയെന്നും ഇടയ്ക്കിടെ അവിടത്തെ തെരുവുകൾ കാഴ്ചക്കാരെ ഓർമ്മിപ്പിക്കും. അതുപോലെത്തന്നെ അന്യരെ തുറിച്ച് നോക്കാത്തതും, ആരെയും കൂസാതെ പരസ്പരം കെട്ടിപ്പിടിക്കുന്നതുമായ ജനങ്ങളുള്ള ഇടം കൂടിയാണ് കൽക്കട്ട.

തിരികെ വരാൻ കാരണങ്ങളുള്ളതിനാലാണ് വീട്ടിലേക്ക് മടങ്ങാൻ നാം ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. കാണാതെ പോന്ന ശാന്തി നികേതനും, സോനാഗച്ചിയും, പിന്നെ വലിയ തുള്ളികൾ ഉള്ള കൊച്ചു മഴയും എന്നെ കൽക്കട്ടയിലേക്ക് തിരിച്ചു വിളിക്കുമായിരിക്കും. എന്റെ ആട്ടിൻപറ്റങ്ങൾ ഇനിയും അലക്ഷ്യമായി താഴ്വരകളിൽ നടന്നു നീങ്ങുമായിരിക്കും.



#travel
Leave a comment