താളത്തീവണ്ടി
കഴിഞ്ഞ ജൂലായ് മാസത്തിൽ രാവിലെ ഏഴേ അഞ്ചിന് പുറപ്പെടുന്ന കോയമ്പത്തൂർ - മംഗലാപുരം ഇന്റർസിറ്റി വണ്ടിയിൽ നാട്ടിലേക്ക് വരുന്നു. പണ്ട് ഒലവക്കോട് എന്ന് പേരുണ്ടായിരുന്ന പാലക്കാട് ജംഗ്ഷനിൽ നിന്നാണ് കയറിയത്. ഒരു മരണവാർത്ത നാട്ടിൽ നിന്ന് വന്നതിനാൽ തലേ രാത്രി ശരിക്കും ഉറങ്ങിയിരുന്നില്ല. റിസേവ്ഡ് കോച്ചാണ്. എ.സി.യില്ലാക്കോച്ച്. തമിഴ്‌ഊര് മട്ടുളള, അതിർത്തിദേശ മലയാളിക്കുടുംബക്കൂട്ടങ്ങൾ മുറിയെ വ്യത്യസ്തമാക്കി. അവരെ നോക്കുകയും കേൾക്കുകയുമായിരുന്നു ഞാൻ. മോപസാങിന്റെ IDYLL എന്ന ചെറുകഥയിലെ തീവണ്ടിമുറി സമാന്തരമായി ഓർക്കുന്നുമുണ്ട്.
ജാലകത്തിനരികിലാണ് ഇരിപ്പിടം. ഒറ്റപ്പാലം വരെ തൊട്ടടുത്ത സീറ്റിൽ ആളു വന്നില്ല. ഏതാണ്ട് പറളി തൊട്ട് തിരുനാവായ വരെ ഒളിഞ്ഞും തെളിഞ്ഞും പാളത്തിനൊപ്പമുള്ള നിളയെപ്പറ്റി, നിളയുടെ ആ റെയിൽ നീളത്തെപ്പറ്റി എഴുതാൻ കൊതിയുള്ള ലേഖനത്തെപ്പറ്റി ആലോചിച്ചുകൊണ്ടുമായിരുന്നു എന്റെ ഇരിപ്പ്. മൂന്നുനാലു കൊല്ലമായി മനസ്സിലുള്ള വിഷയമാണ്. വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. ഒറ്റപ്പാലത്തെത്തി. ഇപ്പോൾ തൊട്ടടുത്ത സീറ്റിൽ ആളായി. ഷൊർണ്ണൂരോളം മിണ്ടാട്ടമില്ല. ഷൊർണ്ണൂരിലെ ഇടവേളയിൽ അദ്ദേഹം എങ്ങോട്ടാണ് എന്ന് ചോദിച്ചു. മറുപടി പറഞ്ഞു. എങ്ങോട്ടാണ് എന്ന് അങ്ങോട്ട് ചോദിച്ചു. തിമില വാദ്യകലാകാരനാണ്. പക്ഷെ ഈ യാത്ര കോട്ടക്കലേക്ക് ഒരു കല്യാണനിശ്ചയത്തിനാണ്.
അദ്ദേഹം വാദ്യകലാജീവിതത്തെക്കുറിച്ച് പറയാൻ സന്നദ്ധനായിരുന്നു. പറഞ്ഞതിലെ ഒരു കാര്യം ഇതാണ്. " ഞങ്ങളുടെ വീടിന്റെ കിഴക്കേ വീടിന്റെ അടുക്കളഭാഗവും കിണറും ശബ്ദത്തിന്റെ ഒരു ഇടമായി ചെറുപ്പത്തിലേ തോന്നിയിരുന്നു. രാവിലെയും വൈകുന്നേരവും അവിടെ നിന്ന് പല പല പാത്രങ്ങളുടെ കൂട്ടൊച്ചകൾ കേൾക്കാം. പാത്രങ്ങൾ കഴുകുകയാണ്. താളം എന്നത് മനസ്സിൽ ഒരു വികാരരൂപം പോലെ പതിയുന്നത് അങ്ങനെയാണ്. പാത്രം കഴുകുന്നത് അവിടത്തെ അമ്മയാണോ മൂത്ത കുട്ടി ചിത്രയാണോ ഇളയവൾ സുമയാണോ എന്ന് താളങ്ങളുടെ വ്യത്യാസം കൊണ്ട് തിരിച്ചറിയാൻ പറ്റിയിരുന്നു. പാത്രങ്ങൾ കിലുങ്ങുന്നത് കേട്ടാൽ ഞാൻ എത്തിനോക്കും. മനസ്സിൽ വിചാരിച്ച ആൾ തന്നെയാവും കഴുകുന്നത്. എന്റെ ജീവിതം താളത്തിനാണ് എന്ന് തീരുമാനിച്ചത് അങ്ങനെയാണ് " കലയുടെ ഉണർത്തുവഴികളെക്കുറിച്ചോർത്ത് ഒന്നും മിണ്ടാനായില്ല. വണ്ടി താളത്തിൽ വടക്കോട്ട് പോവുകയുമാണ്.