TMJ
searchnav-menu
post-thumbnail

Travel

ദ ക്വീൻ ഓഫ് ഹിൽസ്

23 Jul 2024   |   10 min Read
ഷാദിയ

ഞാനൊരു പരക്ക മറിയ ആണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഈ എഴുത്ത് തുടങ്ങട്ടെ. ആരാ പരക്കമറിയ എന്നല്ലേ ഇങ്ങള് ചോദിക്കാൻ മുതിരുന്നത്? വഴിയേ പറയാം, എന്നാലേ എന്റെ എഴുത്തിലൊരു ത്രില്ലൊള്ളൂ. രണ്ട് മാസം നീണ്ട, ഇടഞ്ഞ വേളയ്ക്ക് ശേഷം ഞാൻ പിന്നെയും ഉത്തരാഖണ്ഡ് മണ്ണിലെത്തിയത് കിടുകിടാ വിറക്കുന്ന, തണുത്ത് വിറങ്ങലിച്ച ജനുവരിയിലാണ്. അല്ലേലും വെറൈറ്റി പിടിക്കുന്നതാണ് പണ്ടേ എന്റെ പതിവ്. കാരണം സെമസ്റ്റർ ക്ലാസ്സ് നടക്കുമ്പോൾ വീട്ടിലേക്ക് പോവുകയും, വിന്റർ വെക്കേഷന് നാട്ടിൽ പോവേണ്ട സമയം ഞാൻ ഇങ്ങോട്ട് കേറുകയും ചെയ്തു. കോഴിക്കോട് നിന്നും ഋഷികേഷ് വരെയുള്ളത് ഒരൊന്നൊന്നര വരവ് തന്നെ ആയിരുന്നു. കൊങ്കൺ റെയിൽവേയുടെ അറ്റ കുറ്റ പണികൾ നടക്കുന്നത് കൊണ്ട് ഒട്ടുമിക്ക ട്രെയിനും ഇല്ല. ഞാൻ കയറിയത് കൊച്ചുവേളി നിന്നും തുടങ്ങി യോഗനഗരി ഋഷികേഷ് വരെ നേരിട്ടുള്ള അവസാന ട്രെയിൻ ആണ്. അത് കഴിഞ്ഞാൽ പിന്നെ ആ ട്രെയിൻ രണ്ട് മൂന്ന് മാസം കഴിഞ്ഞാണുള്ളത്. ആറ്റു നോറ്റു കൺഫോമായ ടിക്കറ്റും, ട്രെയിനിൽ രണ്ട് ദിവസം തിന്നാൻ ബ്രെഡ് വേണ്ട ബണ്ണ് മതി, അതാവുമ്പോ പൊടിഞ്ഞു പോവില്ല എന്ന് പറഞ്ഞപ്പോ, ബർഗർ ബണ്ണ്, കുഞ്ഞി ബണ്ണ്, വാടാപാവ് ബണ്ണ് തുടങ്ങി വിവിധ തരം, ചെക്കാക്ക (ആങ്ങള) വാങ്ങി തന്ന ബണ്ണുകളും കൊണ്ട്, വീട്ടുകാരോട് യാത്രേം പറഞ്ഞ് ട്രെയിൻ കയറി. തേർഡ് എസി ആയിട്ട് പോലും, കാല് കുത്താൻ സ്ഥലം ഇല്ലാഞ്ഞത് കണ്ടപ്പോൾ തന്നെ, ബോഗി മൊത്തം ആർ.എസിക്കാർ (ടിക്കറ്റ് ടൈറ്റ് ആയത് കാരണം ഒരു സീറ്റ് രണ്ട് ആള് ഷെയർ ചെയ്യുന്ന പരിപാടി) ആണെന്ന് മനസ്സിലായി. സീറ്റ് തപ്പി പിടിച്ച്, ബാഗും സാമാനങ്ങളും ഒക്കെ പേപ്പർ വിരിച്ച് താഴെ സീറ്റിനടിയിലേക്ക് വച്ച് സ്വസ്ഥമായി. എന്റേത് അപ്പർ ബർത്ത് ആയിരുന്നു. കണ്ടു തീർക്കാൻ കുറേ സിനിമകൾ ബാക്കിയുള്ളത് കൊണ്ട് തന്നെ വേഗം മുകളിലേക്ക് കയറി കിടന്ന് സിനിമ കാണൽ തുടങ്ങി. ഏകദേശം രണ്ട് സിനിമ കഴിഞ്ഞപ്പോഴേക്കും രാത്രി എട്ടോടടുത്തിരുന്നു. എന്നാൽ പിന്നെ ഒന്ന് പോയി മൂത്രം ഒഴിച്ച്, ബണ്ണും കഴിച്ച് വീണ്ടും കാണൽ തുടങ്ങാമെന്നും കരുതി താഴോട്ടിറങ്ങി. അപ്പോഴാണ് താഴത്തെ സീറ്റിലുള്ളവരെ ശരിക്കും കാണുന്നത്. അതിൽ അഞ്ചാൾ ആദ്യമായി ഡൽഹി കാണാനും ഒപ്പം ഒരു കാറു വാങ്ങാനും വന്ന ചെക്കന്മാരും (എല്ലാത്തിനും 35നു മേലെ പ്രായം ഉണ്ട്), പിന്നെ അഖിലേന്ത്യ ടീക്വോണ്ടോ (ഒരു തരം മാർഷൽ ആർട്സ്) മത്സരത്തിന് രാജസ്ഥാനിലേക്ക് പോകുന്ന അശ്വതിയും അവളുടെ അമ്മയും ആയിരുന്നു. അവരോടൊക്കെ വർത്താനം പറഞ്ഞ് തുടങ്ങിയപ്പോ, സിനിമ കണ്ട് അത്രേം നേരം കിടന്നതിൽ നഷ്ടബോധം തോന്നി. വീട്ടിൽ കാശിക്കാണെന്നും പറഞ്ഞ് ഗോവക്ക് പോകുന്ന മൂഡിലായിരുന്നു അഞ്ചംഗ സംഘത്തിലെ അഖിലണ്ണൻ. സ്വെറ്റർ പോയിട്ട് തണുപ്പിന് തൊപ്പിപോലും എടുക്കാതെ വന്ന അവരോട്, അങ്ങോട്ട് എത്തുമ്പോഴേക്കും തണുത്ത് വിറയ്ക്കുമെന്ന് പറഞ്ഞെങ്കിലും, ഇതൊക്കെ എന്ത് എന്ന ആറ്റിട്യൂടിലാണ് എല്ലാരും. അങ്ങനെ അഖിലണ്ണന്റെ പ്രേത കഥ തള്ളലുകൊണ്ട് ട്രെയിൻ വേഗം തന്നെ ദില്ലി എത്തി. ആറ്റിട്യൂട് ഇട്ട് നിന്ന എല്ലാരും പുലർച്ചയ്ക്ക്, തണുത്ത് കിഡ്നി അടിച്ചു പോയ എക്സ്പ്രഷനിലാണ് യാത്ര പറഞ്ഞിറങ്ങിയത്. അങ്ങനെ ഉച്ചയ്ക്ക് ഞാനും ഋഷികേശിറങ്ങി. 

ഋഷികേശീന്ന് ബസ് വഴി ശ്രീനഗർ എത്തിയപ്പോഴേക്കും വൈകീട്ട് ആറ് കഴിഞ്ഞു. (ഈ ശ്രീനഗർ കാശ്മീരിലെ ശ്രീനഗറല്ല, ഇത് ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗഡ്വാളാണ്!) തണുപ്പായത് കാരണം വേഗം തന്നെ ഇരുട്ട് വീണിരുന്നു. എന്റെ റൂം അത്യാവശ്യം മലമുകളിലാണ്. നല്ല കനമുള്ള ബാഗും തൂക്കി ഒന്തം കയറൽ നടക്കാത്തത് കാരണം ഋഷികേശീന്ന് ബസ് കേറിയപ്പോഴേ എന്റെ ഭയ്യയോട് കൂട്ടാൻ വരണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു. ഞാൻ ഭയ്യ എന്ന് പറഞ്ഞത്, ബദൽ ഭായ് എന്ന യുപിയിലെ മുറാദാബാദിൽ നിന്നും കച്ചവടത്തിനായി ഉത്തരാഖണ്ഡിലേക്ക് കുടിയേറി പാർത്ത ആളാണ്‌. മൂപ്പര് എന്റെ ആങ്ങളയും മൂപ്പരുടെ ഭാര്യയായ ഷബ്‌നം എന്റെ ബാബിയും അവരുടെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മകൻ കബീർ, എന്റെ പുന്നാര അനുജനായും ഒന്നരക്കൊല്ലത്തിനകം മാറി കഴിഞ്ഞിരുന്നു. ബാബിയും ഭയ്യയും എപ്പോഴും പറയും, കേരളത്തിലെ വീടുപോലെ ഇവിടുത്തെ എന്റെ വീടാണ് അവരുടേതെന്ന്. അത് വളരെ ശെരിയാണു താനും. വിശന്ന് വലഞ്ഞ് വീട്ടിൽ "ഉമ്മാ ചോറ്..." എന്നും അലറി ചെല്ലും പോലെയാണ്, വിശപ്പിന്റെ വിളി വരുമ്പോൾ "ബാബീ..." എന്നും പറഞ്ഞ് കയറി ചെല്ലുന്നത്. വയറ് പൊട്ടും വിധം തീറ്റിച്ചിട്ടേ പിന്നെ ബാബി വിടത്തുള്ളൂ.

SREENAGAR GARHWAL | PHOTO : WIKI COMMONS
അങ്ങനെ ശ്രീനഗർ ബസ്സിറങ്ങിയ എന്നെയും കാത്ത് ഭയ്യ നിൽപ്പുണ്ടായിരുന്നു. രണ്ടീസം ട്രെയിനിലിരുന്നതിന്റെ മുഷിപ്പ് കാരണം ബാബിയെ കാണാൻ പിന്നെ വരാം ഇപ്പൊ നേരെ റൂമിലിറക്കാൻ ഭയ്യയോട് പറഞ്ഞു. കുറച്ചധികം നീണ്ട ദിവസങ്ങൾക്ക് ശേഷമായതുകൊണ്ട് തന്നെ, ശ്വസിക്കാൻ പറ്റാത്ത വിധം നിറയെ പൊടിയായിരുന്നു റൂമിൽ. പണ്ടാരം, തണുത്ത് വിറച്ചിട്ടാണേൽ മര്യാദക്ക് നിൽക്കാൻ പോലും കഴിയുന്നില്ല. പക്ഷെ വേറെ നിവർത്തി ഇല്ലാത്തതു കാരണം തൂത്ത് തുടച്ച് വൃത്തിയാക്കി. കുളിക്കാൻ വെള്ളം ചൂടാക്കിയേലും, ചൂടിനൊന്നും ഒരു ചൂടേ ഇല്ലാത്തത്ര തണുപ്പ്. ഒരു വിധത്തിലാണ് രസായി (കട്ടിയുള്ള പുതപ്പ്)ക്കുളിൽ കയറിപ്പറ്റിയത്. 

പിറ്റേന്ന് രാവിലെ തന്നെ ബാബിക്കും ഭയ്യക്കും വീട്ടീന്ന് കൊണ്ടുവന്ന വെളിച്ചെണ്ണയും, ഹൽവ്വയും, വാർത്തായിയുമായി അവരെ കാണാൻ പോയി. ശ്രീനഗറിലാകെ കുറച്ച് പിള്ളേരെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളോർ വെക്കേഷനായത് കാരണം നാട്ടിൽ പോയി. അതിൽ നാട്ടീ പോയാൽ കല്യാണാലോചന കൊണ്ട് തലവേദനയാവുമെന്ന് കരുതി പോവാതെ ഇവിടെ തന്നെ നിന്ന ജിജി (ജസ്‌ന ജാസ്മിൻ, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ) ഉണ്ട്. വൈകീട്ട് അവളെ കാണാമെന്നും ഗോലാ മാർക്കറ്റിലൂടെ തെക്കും വടക്കും നടക്കാമെന്നും കരുതി ഭയ്യേടെ വീട്ടീന്ന് ഇറങ്ങി. ഇവിടെ തണുപ്പ് സീസണിൽ കുഞ്ഞുങ്ങളെ കാണാൻ ഒരു പ്രത്യേക ചേലാണ്. കുഞ്ഞി ശരീരത്തില്, വല്യേ സ്വെറ്ററും കഴുത്ത് വരെയുള്ള തൊപ്പീം ഒക്കെ ഇട്ട് കാണുമ്പോൾ കവിള് പിടിച്ച് ഞെക്കാൻ തോന്നും. അങ്ങനെ ഞങ്ങൾ രണ്ടാളും ഓരോരോ കഥയും പറഞ്ഞ് ഗാട്ടിൽ പോയിരുന്നു (നദിയോട് ചേർന്ന് കിടക്കുന്ന, പൊതുവെ ശവം കത്തിക്കുന്ന സ്ഥലമാണ് ഗാട്ട്. അവിടെ കാറ്റും കൊണ്ട് പുഴയും നോക്കി ഇരിക്കാൻ ഇരിപ്പിടവുമുണ്ട്). ഏകദേശം ഏഴര ആയപ്പോഴാണ് ജഗ്ഗു (ജിഷ്ണു)വിന്റെ രംഗ പ്രവേശം, ജൂനിയർ ചെക്കൻ. പിറ്റേന്ന് ദില്ലി കറങ്ങാൻ പോവാനിരിക്കുകയാണവൻ. അത് കേട്ടപ്പൊ ജിജി പറഞ്ഞു, ഞമ്മക്കും എവിടേലും പോയാലോ, മസൂരി ഇത് വരെ ഓള് കണ്ടില്ലായെന്ന്. നല്ല കാര്യങ്ങൾ വച്ചു താമസിപ്പിക്കരുതെന്നാണല്ലോ. അതുകൊണ്ട് തന്നെ ഇപ്പൊ പോവാന്ന് ഞാനും പറഞ്ഞു. എന്റെ റൂമീന്ന് കുറച്ച് മരുന്നും സാധനങ്ങളും എടുക്കാനുണ്ടായിരുന്നു. നടന്ന് കേറിയാൽ സമയം വൈകുമെന്നോർത്ത് നേരെ ഭയ്യേടെ അടുത്തേക്ക് പോയി. ആ സമയം പോവാൻ ഭയ്യ സമ്മതിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ, ജിജിക്ക് സുഖമില്ല, ഇന്ന് അവളുടെ റൂമിൽ നിൽക്കണം, അത് കൊണ്ട് റൂമിൽ പോയി ഡ്രസ്സ്‌ എടുക്കാനെന്നും പറഞ്ഞ് വണ്ടി വാങ്ങിച്ചു. റൂമിന്റെ പരിസരത്ത് പുലി ശല്യം ഉള്ളത് കൊണ്ട് തന്നെ നടന്നു പോവണ്ടാ എന്ന് ഭയ്യയും പറഞ്ഞു. അങ്ങനെ ഓരോരുത്തരും ബാഗ് പാക്ക് ചെയ്യാൻ അവരവരുടെ റൂമിൽ പോയി. ഏകദേശം ഒൻപതര ആയപ്പോഴേക്കും ഞാൻ ജിജിയുടെ അടുത്തെത്തി. ഞങ്ങള് ആദ്യം കരുതിയത് മെയിൻ റോഡീന്ന് ലിഫ്റ്റടിക്കാം എന്നായിരുന്നു. പിന്നെയാണോർമവന്നത്, മാർക്കറ്റിൽ നിന്നും രാത്രി പത്തിന് എല്ലാ ദിവസോം ഹരിദ്വാറിലേക്ക് പച്ചക്കറി എടുക്കാൻ ലോറി പോകാറുള്ള കാര്യം. ജഗ്ഗൂനെ വിളിച്ച് നേരെ മാർക്കറ്റിലേക്ക് വരാൻ പറഞ്ഞു. ഞാനും ജിജിയും മാർക്കറ്റിലേക്ക് നടക്കും വഴി എന്തോ വെള്ളം എന്റെ മേല് വീണു. "യേ ക്യാ തൈര്" എന്ന് പറഞ്ഞ് ഞാൻ നോക്കിയപ്പോ നല്ല ചോപ്പ് നിറത്തിലുള്ള തുപ്പല്. റോഡിന്റെ സൈഡിലെ ബിൽഡിങ്ങിൽ നിന്ന് ഒരു തള്ള മുറുക്കി തുപ്പിയതാണ്. ഇവിടുള്ളോരാണേൽ പാനും കൂടെ കൂട്ടിയാണ് മുറുക്കുക. എനിക്കാണേൽ അതിന്റെ മണം വരുമ്പോ തന്നെ അടിവയറ്റീന്ന് ഇടങ്ങേറ് പിടിച്ച വൃത്തികെട്ടൊരു ഫീലാണ്. ആ തള്ളയെ പിടിച്ച് ഒന്ന് പൊട്ടിക്കാൻ തോന്നിയേലും, അതടക്കി പിടിച്ച് രണ്ട് തെറിയിലൊതുക്കി. ജിജിയാണേൽ, എന്നെ തണുപ്പിക്കാൻ, ചോര കണ്ടാൽ ശുഭ ലക്ഷണാന്നും പറഞ്ഞ് ചളിയടിച്ച് അടുത്തുള്ള കുടിവെള്ള പൈപ്പിനടുത്തേക്ക് വലിച്ചോണ്ടുപോയി. 

പുലർച്ചെ ഏതാണ്ട് ഒരു മണിയോടെ ലോറി ഋഷികേശിലെത്തി. മസ്സൂരിക്കുള്ള ബസ്സ് രാവിലെയാവണം കിട്ടാൻ. ജഗ്ഗുവിന്റെ ദില്ലിക്കുള്ള ട്രെയിനും രാവിലെ തന്നെ. ഇനിയും ഒരുപാട് സമയം ബാക്കി. അങ്ങനെ ഞങ്ങള് ചുമ്മാ ഋഷികേശ് കറങ്ങി തിരിയാമെന്ന് കരുതി. മാപ്പിൽ ലക്ഷ്മൺ ജൂലയ്ക്കുള്ള വഴിയും ഇട്ട് നീട്ടി നടക്കാൻ തുടങ്ങി. അഞ്ച് കിലോമീറ്ററിനടുത്ത് നടത്തം ഉണ്ടായിരുന്നു ലക്ഷ്മൺ ജൂലയ്ക്ക്. നട്ട പാതിര ആയതുകൊണ്ട് തന്നെ റോട്ടിൽ അധികമാരും ഉണ്ടായിരുന്നില്ല. ഞങ്ങളങ്ങനെ ഗംഗയുടെ തീരത്തൂടെ ഒരുപാട് കഥകൾ പറഞ്ഞ് നടന്നു. 

RISHIKESH | PHOTO : WIKI COMMONS
അങ്ങനെ പുലർച്ചെ നാല് മണിക്ക് ജഗ്ഗു റെയിൽവേ സ്റ്റേഷനിലേക്കും, ഞങ്ങൾ ഗുരുദ്വാരയിലേക്കും പോയി. ഗുരുദ്വാര എന്താണെന്ന് ഞാൻ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. സിഖു മത വിശ്വാസികളുടെ ആരാധനാലയമാണ് ഗുരുദ്വാര അല്ലെങ്കിൽ ധർമശാല. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമായ സിഖു മതത്തിനെ പ്രത്യേകമാക്കുന്നതും ഈ ഗുരുദ്വാരയാണ്. ആർക്കുവേണമെങ്കിലും, വിശദീകരിച്ച് പറഞ്ഞാൽ ഏത് മതത്തിൽപ്പെട്ടയാൾക്കും, ഏത് ലിംഗത്തിൽപ്പെട്ടയാൾക്കും, ഏത് സാമ്പത്തിക സ്ഥിതിയിലുള്ള ആൾക്കും, സൗജന്യമായി എപ്പോൾ വേണമെങ്കിലും കേറി ചെന്ന് ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനും വേണ്ടി സിഖു മതസ്ഥർ സ്ഥാപിച്ച അവരുടെ ആരാധനാലയമാണ് ഗുരുദ്വാര. 1521 ൽ പഞ്ചാബിലെ കർതർപൂർ (ഇപ്പോൾ പാക്കിസ്ഥാനിന്റെ ഭാഗം) എന്ന സ്ഥലത്ത് സിഖ് ആദിഗുരുവായി കണക്കാക്കപ്പെടുന്ന ഗുരു നാനക്ക് ദേവ് ആണ് ആദ്യത്തെ ഗുരുദ്വാര സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിൽ പല പല സ്ഥലങ്ങളിലായി ഗുരുദ്വാര സ്ഥാപിക്കപ്പെട്ടു. സിഖ് വിശ്വാസപ്രകാരം, സിഖ് മതസ്ഥർ അവരുടെ സമ്പത്തിന്റെ 10 ശതമാനം മതത്തിലേക്ക് നൽകണം. അത് പൈസയായും, നേരിട്ടുള്ള സേവനമായും കൊടുക്കുക എന്നത് നിർബന്ധമുള്ള കാര്യമാണ്. ഈ പണം ഉപയോഗിച്ച് തന്നെയാണ് ഗുരുദ്വാരയുടെ നടത്തിപ്പ് നിലനിന്നുപോകുന്നത്. അവരുടെ സേവനത്തിനൊരു ഉദാഹരണം പറഞ്ഞാൽ, ഗുരുദ്വാരയുടെ പുറത്ത് ചെരുപ്പ് അഴിച്ച് സൂക്ഷിക്കാനുള്ള സ്ഥലമുണ്ട്. അവിടെ മുതിർന്നവരും കുട്ടികളും എല്ലാം തന്നെ നമ്മുടെ ചെരുപ്പുകൾ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നു. അതുപോലെ തന്നെ, ചിലയിടങ്ങളിൽ നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ പാത്രം പോലും നമ്മളെ കഴുകാൻ അനുവദിക്കാതെ അവർ കഴുകി വൃത്തിയാക്കും. ഇത് തികച്ചും അവരുടെ സേവനത്തിന്റെ ഭാഗമാണ്. ഇങ്ങനെ ആർക്കും എപ്പോഴും കയറി ചെല്ലാവുന്ന ഗുരുദ്വാരകൾ ഇല്ലായിരുന്നെങ്കിൽ, പലപ്പോഴും എന്നെപ്പോലുള്ള വിദ്യാർത്ഥികൾക്ക് യാത്ര എന്നത് അങ്ങേയറ്റം ക്ലേശകരമായേനെ. 

ഗുരുദ്വാരയിലേക്ക് ചെന്നതും അവിടെ ഉണ്ടായിരുന്ന ചേട്ടൻ, ഞങ്ങളെ കിടക്കാനുള്ള ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും കിടക്ക വിരിച്ചു തരുകയും ചെയ്തു. ആ ഹാളിൽ ഒരുപാട് ഞങ്ങളെപ്പോലെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു. തണുത്ത് ഉറക്കം കിട്ടാൻ വൈകിയെങ്കിലും, പിന്നീടുണരുന്നത് ഏതോ ഒരാളുടെ നിർത്താത്ത അലാറമടി ശബ്ദം കേട്ടാണ്. ആ ആളൊഴികെ ബാക്കിയെല്ലാരും ആ ശബ്ദം കൊണ്ട് ഉറക്കമുണർന്നിരുന്നു. കാരണം എത്ര സമയം കഴിഞ്ഞിട്ടും അയാൾ അലാറം ഓഫ് ആക്കുന്നുണ്ടായിരുന്നില്ല. എന്നെപ്പോലെ എല്ലാവർക്കും ഉറക്കം പോയതിൽ മുഷിഞ്ഞിട്ടാവണം, ബഹളം വെച്ച് അലാറമവസാനിപ്പിച്ചു. പിന്നീട് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറക്കം വന്നില്ല. എണീക്കാനാണെങ്കിൽ തണുപ്പ് അനുവദിക്കുന്നുമില്ല. ആറര വരെ വെറുതേ പുതച്ചു മൂടി കിടന്നു. 

GURUDHWARA | PHOTO : WIKI COMMONS
ഗുരുദ്വാരയിൽ നിന്ന് ചായയും കുടിച്ച് ഞങ്ങൾ നേരെ ഋഷികേശ് ബസ്റ്റാൻഡിൽ പോയി, ഡെറാഡൂണിലേക്കുള്ള ബസ്സ് പിടിച്ചു. ഡെറാഡൂണിൽ നിന്നും നേരെ മസ്സൂരിയിലേക്ക്. രണ്ടര മണിക്കൂർ വലിയ മുഷിപ്പില്ലാതെ തന്നെ ഞങ്ങൾ മസ്സൂരിയെത്തി. എന്നെക്കാളും മസ്സൂരി കാണാൻ ആവേശം ജിജിക്കായിരുന്നു. ഞാൻ ഒരു തവണ മസ്സൂരി വന്നതുകൊണ്ട് തന്നെ ആകാംക്ഷയെക്കാൾ ഉപരി പരിചിതമുള്ള ഒരു സുഹൃത്തിനെ വീണ്ടും നീണ്ട ഇടവേളയ്ക്ക് ശേഷം കാണും പോലെ തോന്നി.

രാജ്യത്തെ ഏറ്റവും പ്രശസ്ത ഹില്‍സ്റ്റേഷനായ മസ്സൂരി സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റർ (6,600 ft) ഉയരത്തിൽ ഡെറാഡൂൺ ജില്ലയിലാണ് ഉൾപ്പെടുന്നത്. ഏകദേശം 35 കിലോമീറ്റർ ദൂരമാണ് ഡെറാഡൂണിൽ നിന്നും മസൂരിയിലേക്ക്. കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഈ പ്രദേശത്തിൽ അവശേഷിക്കുന്നുണ്ട്. ചരിത്രപരമായി ബ്രിട്ടീഷുകാർ ചൂടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കണ്ടെത്തിയ സ്ഥലമാണ് മസ്സൂരി എന്നാണ് പറയപ്പെടുന്നത്. 

ഏതാണ്ട് ഉച്ചയ്ക്ക് മുന്നെ തന്നെ മസ്സൂരി വ്യൂ പോയിന്റും, മാൾ റോഡും, ലൈബ്രറി ചൗക്കും ഞങ്ങൾ സന്ദർശിച്ചു. എല്ലാം അടുത്തടുത്ത് തന്നെയായിരുന്നു. ഉച്ചയ്ക്കുശേഷം അടുത്തത് എവിടേക്കാണെന്നുള്ള ആലോചനയിൽ തെളിഞ്ഞു വന്നത് ജോർജ് എവറസ്റ്റ് ട്രക്കിങ്ങാണ്. മസ്സൂരി മുന്നേ വന്നതെങ്കിലും, ജോർജ് എവറസ്റ്റ് കാണാൻ ഇതുവരെ കഴിഞ്ഞില്ലായിരുന്നു. ഡെറാഡൂണിലെ സുഹൃത്തായ അഭിയെ വിളിച്ച് വിശദമായി വഴിയും മറ്റ് കാര്യങ്ങളും അന്വേഷിച്ചു. അവനായിരുന്നു ജോർജ് എവറസ്റ്റിനെ കുറിച്ചാദ്യമായി എന്നോട് പറഞ്ഞത്. അഞ്ചര കിലോമീറ്ററിനടുത്തേ മസ്സൂരിയിൽ നിന്നും ജോർജ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ദൂരമുള്ളൂ എന്നിരുന്നാലും, ഒരുപാട് സമയമെടുക്കുമെന്ന അഭിയുടെ നിർദ്ദേശപ്രകാരം, താല്പര്യമില്ലെങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ 300 രൂപയ്ക്ക് സ്കൂട്ടി റെന്റിനെടുത്തു. സ്കൂട്ടി എടുത്തിട്ടും ഒരു മുക്കാൽ മണിക്കൂർ വഴിതെറ്റി കറങ്ങിത്തിരിഞ്ഞാണ് ബേസ് ക്യാമ്പിൽ എത്തിയത്. അഭി പറഞ്ഞിട്ടുണ്ടായിരുന്നത് അവിടെ പ്രവേശനം ഫ്രീ ആണെന്നായിരുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി സെക്യൂരിറ്റി ഗാർഡ് ഒരാൾക്ക് 200 രൂപ വെച്ച് ടിക്കറ്റ് പൈസ ചോദിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെയായി ഞങ്ങളുടെ അവസ്ഥ. കയ്യിൽ അത്രയും പൈസ എടുക്കാനുണ്ടായിരുന്നില്ല. എന്നാൽ ജോർജ് എവറസ്റ്റ് കേറാൻ ഏറിയ പൂതിയുണ്ട് താനും. അങ്ങനെ ധർമ്മസങ്കടത്തിലിരിക്കെ നേരെ അഭിയെ വിളിച്ചു. അപ്പോഴും അവൻ തറപ്പിച്ചു പറഞ്ഞു, കേറാൻ പൈസയുടെ ആവശ്യമില്ല, കഴിഞ്ഞ കൊല്ലത്തിന് മുന്നെ വരെ അവിടെയവൻ പോയതാണെന്ന്. സെക്യൂരിറ്റി ഗാർഡിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, കഴിഞ്ഞവർഷം മുതൽ പ്രൈവറ്റ് കമ്പനി ആ സ്ഥലം ലീസിനെടുത്തിരിക്കുകയാണെന്നായിരുന്നു. എന്നാൽ വിശദമായി അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇപ്പോഴും അത് ടൂറിസം വകുപ്പിന്റെ കീഴിലാണെന്ന് തന്നെയാണ്. എന്തായാലും ജോർജ് എവറസ്റ്റ് കേറാനുള്ള പൂതി കാരണം പൈസ ഒപ്പിച്ച് ഞങ്ങൾ ടിക്കറ്റെടുത്തു. നാട്ടീന്ന് വന്നപ്പോൾ ഉള്ള എന്റെ ഏറ്റവും വലിയ പേടി, കുന്നും മലയും കയറാൻ പറ്റുമോ എന്നതായിരുന്നു. കാരണം അത്യാവശ്യത്തിലധികം തടി വച്ചിട്ടുണ്ട്. മുൻപ് കേറിയ ബദ്രിനാഥുള്ള വസുധാര ട്രക്കിങ്ങിനെയൊക്കെ അപേക്ഷിച്ച് ജോർജസ്റ്റ് എവറസ്റ്റ് താരതമ്യേനെ കുറച്ചേ ഉള്ളൂവെങ്കിലും കുറേ കാലം വീട്ടിലനങ്ങാതെ ഭക്ഷണവും കഴിച്ചിരുന്നതിനാൽ ശരീരം വഴങ്ങില്ല എന്ന് തന്നെയായിരുന്നു മനസ്സിൽ. ആദ്യത്തെ കുറച്ച് കേറ്റം ടാറിട്ടതായിരുന്നു. പിന്നീടങ്ങോട്ടങ്ങോട്ട് ടാറു പോയി, ഇടുങ്ങിയ കയറാൻ ബുദ്ധിമുട്ടുള്ള വഴികളായി. ജിജിക്ക് ശ്വാസംമുട്ടിന്റെ പ്രശ്നമുള്ളതുകൊണ്ട് തന്നെ ഇടയ്ക്കിടക്ക് നിന്ന് നിന്നാണ് ഞങ്ങൾ പോയിരുന്നത്. ഒരു പോയിന്റെത്തിയപ്പോൾ നമ്മുക്ക് മതിയാക്കി തിരികെ പോകാമെന്ന് ജിജി പറഞ്ഞെങ്കിലും ഇത്രയും കേറിയത് വെറുതെ ആവണ്ടല്ലോ എന്ന് പറഞ്ഞ് ഞാൻ പിന്നെയും അവളുടെ കൈപിടിച്ച് നടന്നു. എങ്ങാനും അവൾക്ക് പ്രശ്നമാവുമോ എന്നാലോചിച്ച് ഉള്ളിൽ ചെറിയ പേടിയുണ്ടുതാനും. പക്ഷേ പതുക്കെ പതുക്കെ ഞങ്ങൾ മുന്നോട്ടു തന്നെ കേറി. എന്നെ കൊണ്ട് കയറാൻ പറ്റുമോയെന്ന ആശങ്ക തന്നെ അപ്പോഴേക്ക് ഞാൻ മറന്നിരുന്നു.

ജോർജ് എവറസ്റ്റ് എന്ന പേര് വന്നത് എവറസ്റ്റ് അഥവാ കൊടുമുടി ആയതുകൊണ്ട് മാത്രമല്ല. ബ്രിട്ടീഷ് സർവേയറും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന ജോർജ് എവറസ്റ്റ് എന്ന ആളുടെ സ്മരണയ്ക്ക് കൂടിയിട്ടതാണ് ആ നാമം. ഇദ്ദേഹം ഇന്ത്യയുടെ സർവേയർ ജനറലായി സേവനമനുഷ്ഠിച്ചയാളാണ്. ജോർജ് എവറസ്റ്റിന് ഏകദേശം 11 വർഷമായി ഈ പർവത നിരകളിൽ വീടുണ്ടായിരുന്നു. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന ഈ വീട് ഈയടുത്ത് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് മ്യൂസിയം ആയി ഉദ്ഘാടനം കഴിച്ചിട്ടുണ്ട്. 

അങ്ങനെ എവറസ്റ്റ് ഹൗസ് എത്തിയപ്പോൾ ഞങ്ങൾ വിചാരിച്ചു അതായിരിക്കും അറ്റമെന്ന്. എന്നാൽ പിന്നെയും പോകാനുണ്ടായിരുന്നു. അധികം ദൂരമല്ലാതെ ഇന്ത്യൻ കൊടി പറക്കുന്നത് കണ്ട് വീണ്ടും എത്തിയെന്നു പ്രതീക്ഷിച്ചു. പക്ഷേ അതും വെറും മരുപ്പച്ച മാത്രം. ഏഞ്ഞു വലിച്ചുള്ള നടത്തത്തിനവസാനം ട്രെക്കിങ്ങിന്റെ അവസാന പോയിന്റിൽ ഞങ്ങളെത്തി. 

കെടാനൊരുങ്ങുന്ന വിളക്കിലെ തീ ജ്വാല പോലെ, താഴേക്ക് ഊർന്നിറങ്ങുന്ന വെയിൽ നാളത്തിൽ, തലങ്ങും വിലങ്ങും കൂട്ടിക്കെട്ടിയ ടിബറ്റൻ ബുദ്ധിസ്റ്റ് ഫ്ലാഗുകൾ കാറ്റിനൊപ്പം പറക്കുന്ന കാഴ്ച്ച അതുവരെ പ്രകമ്പനം കൊണ്ടിരുന്ന ഹൃദയ മിടിപ്പിനെ നേർത്ത ശ്വാസോച്ഛ്വാസങ്ങളാക്കി മാറ്റി. ചുറ്റിലുമാളുകൾ ഫോട്ടോ എടുക്കുന്ന ധൃതിയിലാണ്. ഇനിയും മുകളിലോട്ട് കയറാൻ ഒരു പാറക്കെട്ട് കൂടെ ബാക്കിയുണ്ട്. പക്ഷേ അധികമാരും തന്നെ അത് കയറുന്നുണ്ടായിരുന്നില്ല. ചിലരുമാത്രം അള്ളിപ്പിടിച്ച് കയറുന്നുണ്ട്. ജിജിയോട് ചോദിച്ചപ്പോൾ പാറ കയറാൻ വയ്യെന്ന് പറഞ്ഞ് അവിടെ ഇരുന്നു. കയറുന്നവർ ഒറ്റക്കായിരുന്നില്ല, അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു കൊടുത്ത് ഒന്നിച്ചായിരുന്നു. ഒറ്റയ്ക്ക് കയറുന്നത് റിസ്കല്ലേ എന്ന ജിജിയുടെ ചോദ്യം എന്റെ മനസ്സിലുമുദിച്ചെങ്കിലും, എനിക്കെന്നെ തന്നെ കയറുന്നതിൽ നിന്നും വിലക്കാനായില്ല. മെല്ലെ ഉരമുള്ള പാറ പുറങ്ങളിൽ എട്ടുകാലി കണക്കെ ഞാൻ അള്ളിപിടിച്ചു കേറി. 

GEORGE EVEREST | PHOTO: WIKI COMMONS
പാറ കയറി ഞാൻ എത്തിപ്പെട്ടത് വിൻസെന്റ് വാൻ ഗോഗിന്റെ ചിത്രത്തിലാണോ? അതേ, ഞാനിപ്പോൾ അയാൾ വരച്ചു വച്ച, നിറങ്ങൾ തൂകിയ, ആകാശത്തിന്റെ നടുവിലാണ്. ഏതേതു ഛായങ്ങളാണ് ചുറ്റും? മഞ്ഞയാണോ? ചുവപ്പാണോ? നീലയാണോ? അതോ ഓറഞ്ചോ? വേർതിരിച്ചറിയാൻ പറ്റാത്ത നിറങ്ങളിൽ ബ്രഷിന്റെ അഗ്രം കൊണ്ട് എനിക്ക് ചുറ്റും വാൻ ഗോഗ് നേർത്തൊരു വര വരച്ചിരിക്കുന്നു. ഛായ ചിത്രങ്ങൾ ചലിക്കുമോ? അറിയില്ലല്ലേ... എന്നാലതാ അയാൾ വരച്ച ആ വരയ്ക്കു പിന്നിലായ് സൂര്യൻ മെല്ലെ താഴുന്നു. എനിക്ക് മാത്രം അനക്കമില്ല, ഹൃദയം മിടിക്കുന്നില്ല, കയ്യും കാലും ദേഹവും ചലിക്കുന്നില്ല. എന്നാൽ കാണാം, കാറ്റിന്റെ ശബ്ദം മാത്രം കേൾക്കാം. വാൻ ഗോഗ് എന്നെ ആ ചിത്രത്തിലിട്ടു കൊന്നോ? എന്നാലയാളെന്നെ കൊന്നതു നന്നായി. അത്രമേൽ ആനന്ദം. സംതൃപ്തി. ശാന്തത. പരിസര ബോധം വീണു കിട്ടിയത് സ്വല്പ നേരം കഴിഞ്ഞാണ്. ഈ സിനിമയിലൊക്കെ കാണും മാതിരി, ബോധം കെട്ടെണീക്കുമ്പോൾ ആദ്യം ചുറ്റുമുള്ള ആളുകളുടെ ശബ്ദം കേൾക്കും പിന്നെയാണവരെ കാണുക. അതേ കണക്കെ എനിക്കുമനുഭവപ്പെട്ടു. പാറപുറത്ത് വലിഞ്ഞു കേറിയതാണെന്നും ചുറ്റും ആളുകളുണ്ടെന്നും, വാൻ ഗോഗിന്റെ ചിത്രത്തിലല്ല ഞാനെന്നും മനസ്സിലായി. ഞാനനുഭവിച്ച അനുഭൂതി മറ്റൊന്നുമല്ല, അത് വിന്റർ ലൈൻ ആയിരുന്നു.

ലോകത്ത് രണ്ടേ രണ്ടിടങ്ങളിൽ മാത്രം കാണുന്ന പ്രതിഭാസമാണ് വിന്റർ ലൈൻ. ഒന്ന് സ്വിറ്റ്സർലാന്റിലെ ആൽപ്സ് പർവതനിരകളിലും, മറ്റൊന്ന് ഇങ്ങ് മസ്സൂരിയിലെ ഹിമാലയ നിരകളിലും. ശൈത്യകാലത്തെ സൂര്യാസ്തമയങ്ങളിൽ മാത്രമാണ് വിന്റർ ലൈൻ പ്രത്യക്ഷപ്പെടുക. തണുത്തകാറ്റും ചുടുകാറ്റും കൂടിച്ചേർന്നാണ് ഇങ്ങനെ ഒരു ലൈൻ ഉണ്ടാവുന്നതെന്നാണ് പറയപ്പെടുന്നത്. നേരത്തെ പറഞ്ഞ പോലെ അസാധാരണത്തിൽ അസാധാരണമായ ഈ വിന്റർ ലൈൻ ലോകത്തെ രണ്ട് ഇടങ്ങളിൽ മാത്രമേ കാണാനാവുകയുള്ളൂ.

മസ്സൂരി | PHOTO: ഷാദിയ
എത്രനേരം എല്ലാം മറന്നു ഞാൻ ആ പാറ പുറത്ത് ഇരുന്നെന്നെനിക്കറിയില്ല. അല്പസമയം കഴിഞ്ഞാണ്, എന്റെ കൂടെ ജിജിയുണ്ടെന്നും, എന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം എന്നെ കാണാഞ്ഞിട്ട് അവൾ ബേജാറാവുമെന്നും ബോധം വന്നത്. മനസ്സില്ലാ മനസ്സോടെ ഞാനവിടെ നിന്നുമിറങ്ങി. തിരികെ താഴത്തെത്തുമ്പോഴേക്കും ഇരുട്ട് വീണിരുന്നു. മസ്സൂരിയിൽ നിന്നും ഡെറാഡൂണിലേക്കുള്ള അവസാന ബസ് പിടിച്ച് മടക്ക യാത്ര ആരംഭിച്ചെങ്കിലും, വാൻ ഗോഗിന്റെ ഛായ ചിത്രത്തിൽ നിശ്ചലയാണ് ഞാൻ.

എന്താണ് യാത്രയെന്ന് ചോദിച്ചാൽ, എന്നെ സംബന്ധിച്ച് മനസ്സിൽ നിന്നും മനസ്സിലേക്കുള്ള സഞ്ചാരമാണ്. ഈ വിധത്തിലുള്ള യാത്ര എന്റെ ഓർമ്മവച്ച നാൾമുതൽ ഞാനാരംഭിച്ചിട്ടുണ്ട്. അതിന്റെ ബാക്കി പത്രമായാണ് വിവിധ മനുഷ്യരിലേക്കും, വിവിധയിടങ്ങളിലേക്കും, വിവിധ സംസ്കാരത്തിലേക്കും ഞാനെന്നെ തന്നെ നയിക്കുന്നത്. എഴുത്തിന്റെ തുടക്കത്തിൽ ഞാൻ പരക്ക മറിയയായത് എങ്ങനെയെന്ന് വഴിയേ പറയാമെന്ന് പറഞ്ഞ് മാറ്റി വച്ചതിപ്പോൾ പറയാം.

പണ്ടൊരു ദിവസം ഞാൻ പോയ ഒരു സ്ഥലത്തിന്റെ ഫോട്ടോ ഉമ്മാക്ക് കാണിച്ച് കൊടുത്തപ്പോ ഉമ്മ ചോദിച്ചു,

" അന്റെ കലിനെന്താ നീട്ടം വച്ച്ക്കോ"ന്ന്.

"അന്റെ സർക്കീറ്റ് ലേശം കൂടുന്നുണ്ട്, ആപ്പാപ്പ വരട്ടെ, ശരിയാക്കിത്തര. "

ഞാനൊന്നും പറഞ്ഞില്ല, പകരം ഒരു ചിരി പാസ്സാക്കി.

'യ്യെന്താ ന്നെ കളിയാക്ക്ണോ??'

ഇല്ലുമ്മാ ചുമ്മാ ചിരിച്ചതാന്ന് ഞാനും...

'യ്യി ആരാ "പരക്ക മറിയയോ"??'

(ഞങ്ങടെ നാട്ടിൽ എപ്പോഴും യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് പരക്ക മറിയ എന്നാണ് എന്റെ ഒരു നിഗമനം).

അതായിരുന്നു അടുത്ത ചോദ്യം.

ഞാൻ ഭയങ്കര അഭിമാനത്തോടെ പറഞ്ഞു: "അതെ ഞാൻ പരക്ക മറിയ ആന്ന്"

"തലക്കുത്തരം പറയുന്നോടി??? "

"ന്റുമ്മാ.... തലക്കുത്തരം ഒന്നും അല്ല, ഈ കാണുന്ന ഭൂമി പടച്ചോൻ ഉണ്ടാക്കിയത് മനുഷ്യന്മാരായ മനുഷ്യന്മാർക്ക് കാണാനാണ്. ഇതൊന്നും കാണാഞ്ഞാ മൂപ്പര് മഹ്ശറേന്ന് ഞ്ഞോട് പറയും, 'ന്റെ സൃഷ്ടികളായ സൃഷ്ടികളൊന്നും കാണാത്ത അന്നെ ഞാൻ നരകത്തിൽ ഇടുംന്ന്"

നിശബ്ദം....

ഇങ്ങനെയാണ് പരക്ക മറിയയായി ഞാനെന്നെ തന്നെ സ്വയം പ്രഖ്യാപിച്ചതും, അതിൽ സന്തോഷിക്കുന്നതും. ഒരുപക്ഷേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് ചിലരുടെ ഭാഷയിൽ പറഞ്ഞാൽ പ്രിവിലേജാകാം. എന്നാൽ ഞാൻ സ്വയമേ നോക്കിക്കാണുന്നത് പ്രിവിലേജെന്നതിനപ്പുറം എന്റെ അടങ്ങാത്ത ഇച്ഛയുടെ സാക്ഷാത്കാരമായാണ്. ആ ഇച്ഛകൊണ്ടു തന്നെയാണ് മറികടക്കാൻ പ്രയാസകരമാം വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുകൂടി ഇങ്ങനെ സർക്കീറ്റടിക്കാൻ പറ്റുന്നത്. 

ഈ പരക്ക മറിയയുടെ സർക്കീറ്റിന് അറ്റമില്ലത്രേ...!!!




#travel
Leave a comment