കാഴ്ചകളുടെ മറവന്തുരുത്ത്; സാഹസികതയുടെയും
വിനോദ സഞ്ചാരത്തിന് ഏറെ പേരുകേട്ടയിടമാണ് കേരളം. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തിനുള്ളതെല്ലാം ലഭ്യമായ ഇടം. അത്തരത്തില്‍ പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും ഒത്തിണങ്ങിയ കോട്ടയം ജില്ലയിലെ മറവന്‍തുരുത്തിലേക്കാണ് യാത്ര. മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് മറവന്‍തുരുത്ത്. ഈ സ്ഥലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് 2023 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 53 സ്ഥലങ്ങളില്‍ ഇടങ്ങളിലൊന്നാണ് മറവന്‍തുരുത്ത്. ഇന്ത്യയില്‍ നിന്ന് കേരളത്തിലെ ഇടങ്ങളെ മാത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കേരളത്തിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയും, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയുമാണ് മറവന്‍തുരുത്തിലെ പ്രത്യേകത. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെയും വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വികസിപ്പിച്ചിട്ടുള്ള ഏറ്റവും പ്രധാന പദ്ധതിയാണ് ബസ്ട്രീറ്റ്'. നാട്ടിന്‍പുറങ്ങളെ ടൂറിസവുമായി ബന്ധപ്പെടുത്തുകയാണ് സ്ട്രീറ്റ് പദ്ധതിയിലൂടെ ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാണ് സ്ട്രീറ്റ് പദ്ധതി വികസിപ്പിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്ന ആദ്യ സ്ട്രീറ്റ് ആണ് മറവന്തുരുത്തിലേത്.
മറവന്തുരുത്ത് | PHOTO: WIKI COMMONS
ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി
റോഡിനിരുവശങ്ങളിലും വീടുകളുടെ മതിലുകളില്‍ വരച്ച ചിത്രങ്ങളാണ് മറവന്‍തുരുത്തിനെ മറ്റ് നാടുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഇവിടേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പെയിന്റിങ് വര്‍ക്കുകള്‍ യാത്രികന്റെ മനം കുളിര്‍പ്പിക്കും. ഗ്രാമത്തിലെ ലഭ്യമായ സാധ്യതകളെല്ലാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ മതിലുകളും. പൂര്‍ണമായും വിദ്യാര്‍ത്ഥികളാണ് ഓരോ ചിത്രങ്ങളും വരച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. വൈക്കം താലൂക്കിലെ വിവിധ സ്‌കൂളുകളിലെ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള 33 വിദ്യാര്‍ഥികളാണ് മതിലുകളിലെ ചിത്രങ്ങള്‍ വരച്ചത്. മതിലുകളിലെ ചിത്രങ്ങള്‍ ആസ്വദിച്ച് മുന്നോട്ട് നടന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാഴ്ച കാണാനാവും. ചുമരുകളില്‍ മുഴുവന്‍ ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ വരച്ച വിജ്ഞാന പ്രദായിനി വായനശാല. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് വന്ന 100 കലാകാരന്മാര്‍ സൗജന്യമായാണ് ഈ വായനശാലയിലെ മുഴുവന്‍ ചിത്രങ്ങളും വരച്ചത് എന്ന് പ്രദേശവാസികള്‍ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തി. ഓരോ ചിത്രങ്ങളും മറവന്‍തുരുത്ത് പഞ്ചായത്തിന്റെ ചരിത്രം പറയുക കൂടി ചെയ്യുന്നുണ്ട്. പണ്ട് കാലങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് അവര്‍ ചെയ്ത ജോലികളുടെ ചിത്രങ്ങളാണ് പ്രധാനമായും വരച്ചിട്ടുള്ളത്. കക്ക പെറുക്കിയും തടിവെട്ടിയും ചകിരി തല്ലിയും ജീവിച്ച പഴയ ജനങ്ങളെയാണ് ഈ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്നത്. ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും മറവന്തുരുത്തിലാണ്.
ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി | PHOTO: WIKI COMMONS
വാട്ടര്‍ സ്ട്രീറ്റ് പദ്ധതി
മതിലുകളിലെയും വായനശാലയിലെയും ചിത്രങ്ങള്‍ ആസ്വദിച്ച് നടന്നെത്തുന്നത് അരിവാള്‍ തോടിനോട് ചേര്‍ന്നാണ്. അരിവാള്‍ തോടിന്റെ ഓരത്തായി തന്നെയാണ് ഈ വായനശാലയും നിലകൊള്ളുന്നത്. ഒഴുക്ക് നിലച്ച് ആഫ്രിക്കന്‍ പായലുകളെല്ലാം നിറഞ്ഞു കിടന്നിരുന്ന തോട് വൃത്തിയാക്കി അത് വഴി കയാക്കിങ് നടത്തുകയാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയിലൂടെ ചെയ്യുന്നത്. അരിവാള്‍ തോട് മുതല്‍ പഞ്ഞിപ്പാലം വരെയാണ് കയാക്കിങ് നടത്തുന്നത്. അത് കൂടാതെ പുഴയിലൂടെ ശിക്കാര ബോട്ട് സംവിധാനവും ഇവിടെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയാണിത്. കയാക്കിങ് യാത്ര ഓരോ യാത്രികന്റെയും മനസ്സ് നിറയ്ക്കും എന്നത് തീര്‍ച്ചയാണ്. ലൈഫ് ജാക്കറ്റ് ധരിച്ച് കയാക്കിങ് എങ്ങനെ ചെയ്യണം എന്നെല്ലാം വളരെ വിശദമാക്കി തന്നതിന് ശേഷമാണ് കയാക്കിങ് ആരംഭിച്ചത്.
ആദ്യം ചെറിയ പേടി തോന്നിയെങ്കിലും എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഓര്‍മ്മകളാണ് ഈ കയാക്കിങ് സമ്മാനിച്ചത്. സ്വയം തുഴയണം എന്നത് കൊണ്ട് തന്നെ കയാക്കിങ് സഞ്ചാരികള്‍ക്ക് നര്‍മ്മവും ഭീതിയും നിറഞ്ഞ അനുഭൂതി നല്‍കുന്നുണ്ട്. തോടിനു ഇരുവശങ്ങളിലെയും ജനജീവിതങ്ങള്‍ കണ്ടു കൊണ്ടാണ് കയാക്കിങ് നടത്തുന്നത്. അതുകൊണ്ട് തന്നെ കയാക്കിങ് ചെയ്യുന്നതോടൊപ്പം ഗ്രാമീണ ജീവിത രീതികള്‍ അനുഭവിച്ചറിയാനും സാധിച്ചു. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിലെ ഗ്രാമീണജീവിതങ്ങളെ കുറിച്ച് ഏറ്റവും എളുപ്പത്തില്‍ അടുത്തറിയാന്‍ ഈ ഒരു പദ്ധതിയിലൂടെ സാധിക്കും എന്നത് തീര്‍ച്ചയാണ്. കയാക്കിങ് ചെയ്ത് കൈ തളരുമ്പോള്‍ ചൂട് ചായയും പലഹാരങ്ങളുമൊരുക്കി കായലിനരികില്‍ ചെറിയ ചായക്കടയുമുണ്ട്. സാഹസവും ഭീതിയും നിറഞ്ഞ കയാക്കിങ് അവസാനിക്കുമ്പോള്‍ വീണ്ടും വരണം എന്ന് ഓരോ സഞ്ചാരിയും മനസ്സില്‍ കുറിച്ചിടുമെന്ന് തീര്‍ച്ചയാണ്. വെള്ളം പേടിയുള്ളവരും തോണിയില്‍ യാത്രചെയ്യാന്‍ പേടിയുള്ളവരും യാതൊരു മടിയും കൂടാതെ ഈ കയാക്കിങ് ഒരു വട്ടമെങ്കിലും ആസ്വദിക്കുക തന്നെ വേണം. കേവലം പ്രകൃതി സൗന്ദര്യം കണ്ട് മടങ്ങുക എന്നതിലുപരി വേറിട്ട അനുഭവങ്ങള്‍ നല്‍കി സഞ്ചാരികളെ ചേര്‍ത്ത് നിര്‍ത്താന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കും എന്നത് തീര്‍ച്ചയാണ്.
കയാക്കിങ് | PHOTO: WIKI COMMONS
നാട്ടുചന്തയും പാട്ട്കൂട്ടവും
പഴയകാല ഓര്‍മകളെ തട്ടിയുണര്‍ത്തുന്ന നാട്ടുചന്തകളെ പുനരാവിഷ്‌കരിക്കുകയാണ് നാട്ടുചന്തയും പാട്ടുകൂട്ടവും. വൈകുന്നേരങ്ങളില്‍ പാട്ടുപാടി ഇരിക്കാനും കച്ചവടത്തിനും വേണ്ടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പഴയകാല ബാര്‍ട്ടര്‍ സംവിധാനത്തിലാണ് ഇവിടുത്തെ വ്യാപാരം എന്നതാണ് മറ്റ് ചന്തകളില്‍ നിന്നും മറവന്‍തുരുത്തിനെ വേറിട്ട് നിര്‍ത്തുന്നത്. ടൂറിസം സാധ്യതകളോടൊപ്പം തദ്ദേശീയരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികള്‍. മണ്‍പാത്രങ്ങള്‍, തലപ്പായ, കൊട്ട തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഞ്ചാരികളിലേക്ക് എത്തിക്കാനും അവ വില്‍ക്കാനും ഇതിലൂടെ സാധിക്കുന്നു. നിലവില്‍ മാസത്തില്‍ ഒരു ശനിയാഴ്ചയാണ് നാട്ട്ചന്തയും പാട്ട്കൂട്ടവും നടക്കുന്നതെങ്കിലും വിജയിക്കുകയാണെങ്കില്‍ എല്ലാ ആഴ്ചയും നടത്താനാണ് പഞ്ചായത്തും ടൂറിസം സമിതിയും ആലോചിക്കുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഗ്രാമീണ കലാരൂപങ്ങള്‍
പ്രകൃതി ഭംഗിയും ഗ്രാമീണ കാഴ്ചകള്‍ക്കുമപ്പുറം നിരവധി ഉത്സവങ്ങളും കലാരൂപങ്ങളും മറവന്‍തുരുത്തിലുണ്ട്. കുംഭ-ഭരണി മുതല്‍ തീയാട്ട് വരെയുള്ള ഉത്സവ നാളുകളില്‍ മറവന്‍തുരുത്തിലേക്ക് സഞ്ചാരികള്‍ കൂടുതലായെത്തുന്നുണ്ട്. കുംഭ മാസം മുതല്‍ മേടമാസം വരെയാണ് ഈ ഉത്സവം കൊണ്ടാടുന്നത്. അഞ്ച് നിറത്തിലുള്ള പൊടികൊണ്ട് കളം വരച്ച് 'തീയാട്ടുണ്ണി' എന്ന വിഭാഗത്തിലെ ആളുകള്‍ നൃത്തം വെക്കുന്നതാണ് തീയാട്ട്. ഉത്സവങ്ങളും ഇവിടെ നിന്നുള്ള ഗരുഡന്‍ തൂക്കവുമെല്ലാം കണ്ടാസ്വദിക്കാന്‍ നിരവധിപേരാണ് മറവന്‍തുരുത്തില്‍ എല്ലാ വര്‍ഷവും എത്തുന്നത്.
ആയോധനകലാരൂപമായ കളരി അഭ്യസിക്കാനുള്ള ഇടങ്ങളും മറവന്‍തുരുത്തിലുണ്ട്. ഇത്തരത്തില്‍ തദ്ദേശീയമായ എല്ലാ സാധ്യതകളെയും ചേര്‍ത്ത് നിര്‍ത്തി സാര്‍വ്വദേശീയ തലത്തില്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഡിനേറ്റര്‍ കൂടിയായ രൂപേഷ് കുമാര്‍ പറഞ്ഞു. ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച ലോകത്ത് 2023 ല്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കേരളം പതിമൂന്നാം സ്ഥാനത്ത് എത്തിയതുംമറവന്‍തുരുത്ത്, കുമരകം, വൈക്കം തുടങ്ങിയ പ്രദേശങ്ങളെ പ്രത്യേകം പരാമര്‍ശിച്ചതും ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നൈസര്‍ഗികമായ ജനജീവിതം നിലനിര്‍ത്തി വിദേശികളടക്കമുള്ള സഞ്ചാരികള്‍ക്ക് ഗ്രാമീണ സൗന്ദര്യം അനുഭവിച്ചറിയാനുള്ള ഇത്തരം പദ്ധതികള്‍ ഇനിയും കേരളത്തിന്റെ ഓരോ ഗ്രാമങ്ങളിലും ഉയര്‍ന്നു വരേണ്ടതുണ്ട്. കാഴ്ചകളും അനുഭവങ്ങളും പഠനങ്ങളും കൊണ്ട് മറവന്‍തുരുത്തിലെ ഒരു ദിനം ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നു എന്ന് പറയാതെ വയ്യ.