TMJ
searchnav-menu
post-thumbnail

Travel

സോവിയറ്റ് യൂണിയനിലും ബംഗാളിലും പരാജയപ്പെട്ടത് വിയറ്റ്നാമിൽ വിജയിക്കുന്നു.

09 Jul 2024   |   3 min Read
ജേക്കബ് സന്തോഷ്

വിയറ്റ്നാമിന്റെ ദേശീയ നേതാവായ ഹോചിമിനെ കുറിച്ചുള്ള കെ ദാമോദരൻ പങ്കുവച്ച ഒരു ഓർമ്മ മറക്കാവുന്നതല്ല.  അങ്കിൾ ഹോ എന്നറിയപ്പെടുന്ന ഹോചിമിനുമായുള്ള കൂടിക്കാഴ്ചയിൽ ദാമോദരൻ അദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു. വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനും മുൻപ് പാർട്ടി രൂപീകരിച്ച ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. വിയറ്റ്നാമിൽ എങ്ങനെ സാധിച്ചു. ഇതായിരുന്നു സംശയം.  തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അങ്കിൾ ഹോ പറഞ്ഞു. ഇന്ത്യയിൽ നിങ്ങൾക്ക് ഗാന്ധി ഉണ്ടായിരുന്നു. ഇവിടെ ഞാനാണ് ഗാന്ധി. ദാമോദരന്റെ സംശയം അതോടെ മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകരിലൊരാളായ  ദാമോദരൻ 1974-ൽ ന്യൂ ലെഫ്റ്റ് റിവ്യൂ എന്ന വിഖ്യാത പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് ഹോ യെ കുറിച്ചുള്ള ഈ പരാമർശം നടത്തിയത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്ക് സംഭവിച്ച പലതരം പാളിച്ചകളെ പറ്റിയുള്ള ദാമോദരന്റെ  സ്വയം വിമർശനപരമായ തിരിഞ്ഞുനോട്ടം ഇപ്പോഴും പ്രസക്തമാണെന്ന് വിയറ്റ്നാമിൽ ഒരാഴ്ച നീണ്ട യാത്ര ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

ഒരു രാജ്യത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക സവിശേഷതകളും പൂർണ്ണമായി മനസ്സിലാക്കുവാൻ ഒരാഴ്ച തീരെ അപര്യാപ്തമാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അസാധാരണമായ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുള്ള ഒരു ജനതയാണ് വിയറ്റ്നാമികൾ എന്ന് തിരിച്ചറിയാൻ ഈ ഹ്രസ്വ സന്ദർശനം ധാരാളമാണ്. ഫ്രഞ്ച് കൊളോണിയലിസത്തിനും അമേരിക്കൻ സാമ്രജ്യത്വത്തിനും എതിരെ പൊരുതി ജയിച്ചത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ സാമൂഹ്യ ജീവിതം.  ഒപ്പം കമ്മ്യൂണിസം കാലഹരണപ്പെട്ട എന്തോ ആണെന്ന വലതുപക്ഷ മാധ്യമങ്ങളുടെ  പ്രത്യേകിച്ചും കേരളത്തിലെ  പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടി കൂടിയാണ് വിയറ്റ്നാം. 

REPRESENTATIVE IMAGE 
കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രസക്തി പ്രയോഗത്തിന്റെ തലത്തിൽ മനസ്സിലാക്കുവാൻ വിയറ്റ്നാം സഹായിക്കും. പ്രായോഗിക തലത്തിൽ നടപ്പാക്കുന്നത് അതത് സ്ഥലങ്ങളിലെ ഭൂപ്രകൃതി, സാമൂഹിക വ്യവസ്ഥ, സാമ്പത്തിക സ്ഥിതി, സർവ്വോപരി മനുഷ്യരുടെ സാംസ്ക്കാരികവും ഭൗതികവും ആയ പുരോഗതി എന്നിവയെ മുൻനിർത്തി ആകണം എന്നതാണ് അവിടെ നിന്നും ലഭിക്കുന്ന പാഠം.  കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എവിടെ മുതൽ പിഴച്ചു എന്ന് ഇന്നത്തെ വിയറ്റ്നാമിനെ നോക്കിയാൽ മനസ്സിലാകും.

കഴിഞ്ഞ ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെ, വിയറ്റ്നാമിൽ യുദ്ധം ജയിച്ചതിൻ്റെ നാൽപ്പതാം വാർഷികം രാജ്യമെമ്പാടും  ആഘോഷിക്കുകയാണ്. നമ്മുടെ നാട്ടിൽ കാണുന്ന പോലെയുള്ള കമാനങ്ങളും തോരണങ്ങളും എവിടെ നോക്കിയാലും കാണാൻ കഴിയും.. അത് പോലെ സർക്കാർ സംഘടിപ്പിച്ചിട്ടുള്ള യുദ്ധക്കെടുതിയുടേയും തുടർന്ന് ഇന്നത്തെ വിയറ്റ്നാമിലേക്ക് പാർട്ടിയും ജനങ്ങളും കൈ കോർത്ത് നടന്ന് നീങ്ങുന്ന ചിത്രങ്ങളും വിവരണവും എല്ലാം നഗരങ്ങളിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൻ്റെ ഭാഗമായി കാണാൻ കഴിയും.

ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ വൈകുന്നേരം സർക്കാർ സംഘടിപ്പിച്ചിട്ടുള്ള കലാപരിപാടികളും ദിവസവും നടക്കുന്നു. സൈഗോണിൽ യുദ്ധം ജയിച്ചതിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ നടക്കുകയാണ്. ദിവസവും വിവിധ കലാപരിപാടികൾ, എക്സിബിഷൻ, സെമിനാറുകൾ, സംഘടിപ്പിക്കുന്നു.
മുഴുവൻ ജനങ്ങളുടെയും ഒരു ആഘോഷമാക്കി മാറ്റുകയാണ് അത്. നമ്മുടെ നാട്ടിൽ കാണുന്നത് പോലുള്ള സർക്കാർ പരിപാടി അല്ല അവിടെ എന്ന് കാണാം. അതിന്റെ അർത്ഥം ജനങ്ങളുടെ പിന്തുണയും വിശ്വാസവും അവിടത്തെ ഭരണകൂടം നേടിയിരിക്കുന്നു എന്നതാണ്. ഇരുപത് വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്നത്തെ വിയറ്റ്നാമിലേക്ക് വെറും 40 വർഷം കൊണ്ട് അവർക്ക് ഈ നിലയിലേക്ക് എത്താൻ കഴിഞ്ഞു.

REPRESENTATIVE IMAGE
അവിടെ നമ്മുടെ നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായ ഒന്ന് കൂടി കാണാം. ഈ ആഘോഷം എല്ലാ ജനങ്ങളും കൂടി ഏറ്റെടുത്ത് തങ്ങളുടെ കൂടിയാണ് ഈ വിജയം എന്ന് വിളിച്ച് പറയുന്ന ആവേശം. അത് വാക്കുകൾക്ക് അതീതമാണ്. സർക്കാർ പരിപാടിയാണ് അതുകൊണ്ട് തങ്ങൾക്ക് എന്ത് കാര്യം എന്ന് പറഞ്ഞ് മാറി നിൽക്കുകയല്ല, മറിച്ച് ആളുകൾ കൂട്ടത്തോടെ വന്ന് മനസ് തുറന്ന് അവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മൽസരങ്ങൾ, പ്രാചീന കലാപരിപാടികൾ, എല്ലാത്തിലും തങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതിൻ്റെ പരമാവധി ആസ്വദിക്കുകയാണ്. പാർട്ടിക്ക് ജനങ്ങളെ കോൺഫിഡൻസിൽ എടുക്കാനും തിരിച്ച് ജനത്തിന് പാർട്ടിയിൽ കോൺഫിഡൻസ് ഉണ്ടാക്കാനും ആയിരിക്കും ഈ ആഘോഷങ്ങൾ.

മാധ്യമ സ്വാതന്ത്ര്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 159 ഉം വിയറ്റ്നാം 164 ഉം ആണ്! എന്നാൽ, ലോക ഹാപ്പിനസ് ഇൻ്റക്സിൽ 143 രാജ്യങ്ങളുടെ പട്ടികയിൽ വിയറ്റ്നാം 54 ആം സ്ഥാനത്തും നമ്മൾ 126 -ാം  സ്ഥാനത്തും ആണ്. ഇവിടത്തെ ആളുകളുടെ ഹാപ്പിനസ് അറിയാൻ വൈകുന്നേരങ്ങളിൽ തെരുവുകളിലേക്കും തെരുവുകളോട് ചേർന്ന് ആളുകൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പാകത്തിനുള്ള സ്ക്വയറുകളിലേക്കോ, പാർക്കുകളിലേക്കോ നോക്കിയാൽ മതി. ഇവിടെ എല്ലാ രാത്രിയും പകലും ആഘോഷിക്കുന്ന നാടിന്റെ പൊതു ഇടങ്ങളിൽ ഒരു തരി പോലും വേസ്റ്റ് കാണാൻ കഴിഞ്ഞില്ല. അത് പോലെ ഭൂഗർഭ മെട്രോയുടെ പണി ഏകദേശം പൂർത്തിയായി വരുന്നു. അതിന്റെ വേസ്റ്റോ പുറമെ കാണാൻ കഴിയില്ല. 

വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് നിന്ന് നാട്ടിലെ സ്ഥലം വിറ്റ് ഇവിടേക്ക് വന്ന് താമസം ആക്കിയ രാധാകൃഷ്ണനുമായും കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇവിടെ എല്ലാം പ്രോ ആക്റ്റീവ് ആണ്. അത് തന്നെയാണ് ഇവരുടെ വിജയവും.

വിയറ്റ്നാമിൽ സംഭവിച്ചതിന് വിപരീതമായ കാഴ്ചപ്പാടാണ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോർജ്ജിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ പങ്കുവയ്ക്കുന്നത്. 

REPRESENTATIVE IMAGE
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന് ജനങ്ങളെ കോൺഫിഡൻസിൽ എടുക്കുന്നതിൽ വന്ന വീഴ്ചയാണ് അവരിൽ സോവിയറ്റ് യൂണിയൻ എന്ന കൺസെപ്റ്റിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വിയറ്റ്നാം ജനത അനുഭവിച്ച യുദ്ധക്കെടുതിയും പീഡനങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്നില്ല എന്നതും,  റഷ്യൻ സൈന്യത്തിന്റെ ഉപദ്രവങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വന്നിരുന്നു എന്നതും ആണ് അന്നത്തെ ഭരണകൂടത്തിനെതിരെ ഇവരെ തിരിച്ചു വിട്ടത്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണം ലഭിച്ചുവെങ്കിലും  ജനം  സാവകാശം പാർട്ടിയിൽ നിന്നും അകന്നുപോകുന്നതായി സമീപകാലത്ത് കണ്ടു. എന്തുകൊണ്ട് സോവിയറ്റ് യൂണിയനിലും ഇന്ത്യയിലും സാധിക്കാത്തത് വിയറ്റ്നാമിൽ സാധിച്ചുവെന്ന് വസ്തുതകളിലൂടെ കടന്ന് പോയാൽ മനസ്സിലാക്കാം. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും മതത്തിനും രാഷ്ട്രീയത്തിനും അതീതമായുള്ള പൊതു നന്മയാവണം ലക്ഷ്യമെന്ന് ഭരണകൂടത്തിന് ജനത്തെ ബോധ്യപ്പെടുത്താൻ കഴിയണം. കമ്മ്യൂണിസം എന്ന ആശയത്തിൻ്റെ അന്തഃസത്ത നഷ്ടപ്പെടാതെ കാലോചിതമായ നടപടികളിലൂടെ മുതലാളിത്തത്തിന്റെ ഗുണഫലങ്ങൾ കൂടി 'ഉപയോഗപ്പെടുത്തി' ഭരണം നടത്താൻ കഴിയുമെന്നതിന്റെ തെളിവാണ് വിയറ്റ്നാം.


#travel
Leave a comment