TMJ
searchnav-menu
post-thumbnail

Universal kerala

തൊഴിലാളിയില്‍ നിന്ന് മലയാളിയിലേക്ക്

10 Jun 2024   |   5 min Read
ഡോ. ആര്‍ പ്രസാദ്

ലോകത്തിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ സ്വത്വത്തെ ആഘോഷിക്കപ്പെടുകയും, ആഗോള മലയാളി സാഹോദര്യത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ഒരു വികസനത്തിനായി  തയ്യാറെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് മലയാളികള്‍ നടത്തുന്ന ആഭ്യന്തര പ്രവാസത്തിന് ഉപരിയാണിത്. അങ്ങനെ അന്തര്‍ദേശീയമായും ആഭ്യന്തരമായും വലിയ കുടിയേറ്റ ജനതയായിട്ടാണ് മലയാളികളെ ഇന്ന് ലോകം അടയാളപ്പെടുത്തുന്നത്. ഈ കുടിയേറ്റം സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും ദൂരവ്യാപകമായ മാറ്റങ്ങള്‍ മലയാളി സ്വത്വത്തിനും കേരളം എന്ന ഭൂപ്രദേശത്തിനും വരുത്തിയിരിക്കുന്നു. ഒരു യൂണിവേഴ്‌സല്‍ മലയാളി എന്ന നിലയില്‍ മലയാളി വളര്‍ന്നിരിക്കുന്നു എന്ന വാദവും ഉയര്‍ന്നുവരുന്നു. അതിന് ഊര്‍ജം നല്‍കുന്നതാണ് മലയാള സിനിമയില്‍ അടുത്തകാലത്തായി ഉണ്ടായ പാന്‍ ഇന്ത്യന്‍ വളര്‍ച്ചയും ആഗോളതല അംഗീകാരങ്ങളും. പാന്‍ ഇന്ത്യനും യൂണിവേഴ്‌സലും ഒക്കെ ആയി മലയാളി മാറുന്ന കാലത്താണ് ഭായിമാരെന്നും അന്യസംസ്ഥാന തൊഴിലാളികളെന്നും ഇതരസംസ്ഥാന തൊഴിലാളികളെന്നും അതിഥി തൊഴിലാളികളെന്നും അഭിസംബോധന ചെയ്തുപോരുന്ന ഒരു ജനത കേരളത്തില്‍ ഉടലെടുക്കുന്നത്. ഇവരാകട്ടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ നൈപുണ്യാത്മകവും നൈപുണ്യരഹിതവുമായ തൊഴിലിടങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത തൊഴില്‍ ശക്തിയായി മാറിയിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളെ ചര്‍ച്ച ചെയ്യാനും യൂണിവേഴ്‌സല്‍ മലയാളിയുടെ കാലഘട്ടത്തില്‍ ഇവരുടെ പ്രസക്തി എന്താണെന്ന് ഈ ലേഖനം പരിശോധിക്കുന്നു.
 
ഈ അടുത്തകാലത്ത് കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള ബസ് യാത്രയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കാം. യാത്ര പുലര്‍ച്ചെ ആയതുകൊണ്ടുതന്നെ ബസ് തൃശ്ശൂര്‍ കഴിഞ്ഞുള്ള ഒരു ബസ് സ്റ്റാന്‍ഡില്‍ പ്രഭാത ഭക്ഷണത്തിനായി നിറുത്തി. ഒരു പഴയ നാടന്‍ മട്ടിലുള്ള ഭക്ഷണശാല. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമൊപ്പം ഞാനുള്‍പ്പെടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അവിടെ നിന്നും ഭക്ഷണംകഴിക്കാന്‍ ബസില്‍നിന്നും ഇറങ്ങിയത്. നല്ല ചൂട് ഇഡ്‌ലിയും സാമ്പാറും ചായയും കിട്ടുന്ന കട. എന്നിട്ടും ആരും കഴിക്കാന്‍ വരാത്തത് കണ്ട്  ഡ്രൈവര്‍ ഒരു കമന്റ് പാസാക്കി 'മലയാളികള്‍ മാത്രം ജോലിക്കാരായിട്ടുള്ള ഹോട്ടല്‍ ഇത് മാത്രമേയുള്ളൂ. ഇവരൊക്കെ പിന്നെ എവിടുന്ന് കഴിക്കാനാണ്?'. അതൊരു അംഗീകാരമായി കണ്ട് ആ ചായക്കടക്കാരന്‍ അഭിമാനത്തോടെ ഒന്ന് ചിരിച്ചു. വളരെ സ്വാഭാവികതയോടെ ഡ്രൈവര്‍ പറഞ്ഞ ഈ പ്രസ്താവന ഇന്ന് കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യത്തിന്റെയും നല്ലൊരുഭാഗം മലയാളികള്‍ക്ക് ഇവരോടുള്ള സമീപനത്തിന്റെ നേര്‍കാഴ്ചയുമാണ്. അതുകൊണ്ടുതന്നെ ഇതു പ്രശ്‌നവത്കരിക്കപ്പെടേണ്ടതുമാണ്.

ജനസംഖ്യയിലെ അടയാളപ്പെടുത്തല്‍

ഏതാണ്ട് മൂന്നര കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ രണ്ടായിരത്തിപതിമൂന്ന് കാലഘട്ടത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2021 ലെ കേരളം ആസൂത്രണ വിഭാഗത്തിനുവേണ്ടി നടത്തിയ പഠനപ്രകാരം 31 ലക്ഷമാണ്. ഇവരില്‍ 21 ലക്ഷംപേര്‍ താത്കാലിക പ്രവാസജീവിതം കേരളത്തില്‍ നയിക്കുമ്പോള്‍ ബാക്കി 10 ലക്ഷം ജനങ്ങള്‍ ദീര്‍ഘകാലമായി കേരളത്തില്‍ ജീവിക്കുന്നവരാണ്. അതില്‍ അന്‍പത്തി രണ്ടായിരംപേര്‍ കുടുംബമായി കേരളത്തില്‍ താമസിച്ചുപോരുന്നു. ഒപ്പംതന്നെ തൊണ്ണൂറ്റി എട്ടായിരം കുഞ്ഞുങ്ങളും ഒരു ആശ്രിതവിഭാഗമായി കേരളത്തില്‍ കഴിയുന്നു. അതില്‍ത്തന്നെ അറുപത്തി ഒന്നായിരം കുട്ടികള്‍ സ്‌കൂളുകളില്‍ പഠനം നടത്തുന്നു എന്നാണ് നിലവില്‍ ലഭ്യമായ കണക്കുകള്‍. അതായത് കേരളത്തില്‍ പണിയെടുക്കുന്ന ഒരുകൂട്ടം പുരുഷ തൊഴിലാളികള്‍ എന്ന തലത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടമായി, കാലങ്ങളായി ഒരു പ്രദേശത്ത് അധിവസിച്ച് പോരുന്ന ഒരു ജനവിഭാഗമായി അവര്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. നഗര ഗ്രാമ വ്യത്യാസമെന്യേ കേരളത്തിലെ എല്ലാ ജില്ലകളിലും ഇവരെ കാണാമെങ്കിലും എറണാകുളത്തും തിരുവനന്തപുരത്തും തൃശ്ശൂരിലുമാണ് ഏറ്റവും കൂടുതല്‍പേര്‍ തിങ്ങിപ്പാര്‍ക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
ഈ സ്ഥിതിവിശേഷണത്തിനുള്ള കാരണങ്ങള്‍ 

ഭാഷാപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായി വേറിട്ട ഒരു ജനത കേരളം പോലെ താരതമ്യേന ചെറിയ ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇത്രയധികം വേരുറപ്പിക്കുന്നതില്‍ പങ്കുവഹിച്ച ഘടകങ്ങള്‍ അനവധിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ട് കൊണ്ടുണ്ടായ മലയാളിയുടെ തൊഴില്‍ സമീപനം തന്നെയാണ് ഇതില്‍ പ്രധാനം. ബ്ലൂ കോളര്‍ തൊഴിലുകളോടുള്ള വൈമുഖ്യവും, കേരളത്തില്‍ നിന്നും തൊഴിലിനായി വിദേശ നാടുകളിലേക്കുള്ള കുടിയേറ്റവും, അടിസ്ഥാന സൗകര്യവികസന പദ്ധതികളും, നിര്‍മാണ മേഖലയിലുണ്ടായ വളര്‍ച്ചയും കേരളത്തില്‍ ഒരു തൊഴില്‍ വിടവ് തീര്‍ത്തിട്ടുണ്ട്. മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരം ഈ തൊഴില്‍വിടവിന് ആക്കംകൂടി. വളരെയധികം ആഘോഷിക്കപ്പെട്ട കേരള വികസന മാതൃകയുടെ പോരായ്മയായി പോലും ഈ ഘടകങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. 

ഈ ഒരു സാഹചര്യത്തിലേക്കാണ് ഇന്ത്യയുടെ വടക്ക്, വടക്കുകിഴക്കന്‍, സംസ്ഥാനങ്ങളില്‍ നിന്നും, പ്രധാനമായും ആസ്സാം, പശ്ചിമ ബംഗാള്‍, യു.പി., ഒഡീഷ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്. ഉയര്‍ന്ന വേതനവും തൊഴില്‍ ലഭ്യതയും താരതമ്യേന നല്ല കാലാവസ്ഥയും പ്രയോജനപ്പെടുത്തിക്കൊണ്ട് തലമുറകളായി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍, അതായത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്-തൊണ്ണൂറ് കാലഘട്ടം, പ്രധാനമായും പുരുഷന്മാരാണ് കേരളത്തിലേക്ക് തൊഴിലിനായി എത്തിയത്. അതില്‍ തന്നെ പലരും ഇന്ന് തലമുറകളായി കേരളത്തിന്റെ പലഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നു. ഒപ്പം ഇവരില്‍ പലരും സംരംഭകരും തൊഴില്‍ മേല്‍നോട്ടക്കാരും തൊഴില്‍ ദല്ലാളനുമൊക്കെയായി മാറിയിരിക്കുന്നു. ഇന്ന് പുരുഷന്മാര്‍ക്കുപുറമെ സ്ത്രീകളും, കുട്ടികളും അടങ്ങുന്ന വലിയ കൂട്ടങ്ങളായി കേരളത്തില്‍ അധിവസിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രം തൊഴില്‍ കൊടുക്കുന്ന ഒട്ടനവധി തൊഴില്‍ സംരംഭങ്ങളും, തുണി ഉത്പന്ന വ്യവസായവും, ബ്യൂട്ടി പാര്‍ലറുകളും, മത്സ്യസംഭരണ കേന്ദ്രങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ തുടങ്ങിയവ, കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

തൊഴിലും പലായന സ്വഭാവവും: മലയാളിവത്കരണവും

പ്രധാനമായും രണ്ട് ഘടകങ്ങള്‍ ആണ് ഈ ജനതയുടെ സവിശേഷതയെ നിര്‍ണയിക്കുന്നത്. ഒന്ന് തൊഴില്‍ രണ്ട് പലായന സ്വഭാവം. ഇന്ന് കേരളത്തില്‍ കായികക്ഷമത വേണ്ടുന്നതായ എല്ലാ തൊഴില്‍ ഇടങ്ങള്‍ക്കും അത്യന്താപേക്ഷിതമാണിവര്‍. നിലവിലെ കണക്കുകള്‍ പ്രകാരം നിര്‍മാണ മേഖലയില്‍ ഏതാണ്ട് പതിനേഴരലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. പിന്നാലെ ഉല്പാദന മേഖല, കൃഷിയും അനുബന്ധ മേഖലകളും, സേവന, മൊത്തം/ചില്ലറ കച്ചവടം, ഖനന/ക്വാറി മേഖല, മറ്റു അടിസ്ഥാന സേവന മേഖലകള്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയവയില്‍ എല്ലാം ഈ ജനത തൊഴില്‍ കണ്ടെത്തുന്നു. പലായന പഠനങ്ങളെ സംബന്ധിച്ചിടത്തോളം താത്വികമായി, നഗര പ്രദേശങ്ങളിലാണ് കുടിയേറ്റ തൊഴിലാളികളെ കാണാന്‍ കഴിയുന്നത്. എന്നാല്‍ കേരളത്തില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ, തൊഴില്‍ മേഖലയുടെ വ്യത്യാസമില്ലാതെ ഇവര്‍ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ആണ് 'മലയാളികള്‍ മാത്രമുള്ള ഹോട്ടലുകള്‍' ഒരു അഭിമാനചിഹ്നമായി മാറുന്നതും.

REPRESENTATIVE IMAGE | WIKI COMMONS
രണ്ടാമത്തെ ഘടകം ഈ വിഭാഗത്തിന്റെ Footloose സവിശേഷതയാണ്. പലായന സ്വഭാവസംബന്ധിയായ സവിശേഷതകളെ അവലോകനം ചെയ്യുന്ന പഠനങ്ങള്‍ ഇവരെ Footloose Labour ആയിട്ടാണ് കണക്കാക്കുന്നത്. ദൈര്‍ഘ്യമേറിയ സമയം ഒരേ തൊഴില്‍ദാതാവിനോ, വ്യവസായത്തിനോ, ഭൂമിശാസ്ത്രപരമായ സ്ഥലത്തിനോ ബന്ധപ്പെട്ടിരിക്കുന്നതല്ലാത്ത, വളരെ സഞ്ചാരക്ഷമതയുള്ള തൊഴില്‍ ചെയ്യുന്ന ജനതയെ ഈ പദം സൂചിപ്പിക്കുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി തൊഴിലിനും തൊഴില്‍ സംവിധാനങ്ങള്‍ക്കും വന്ന മാറ്റങ്ങളെ പ്രതിനിധീകരിക്കാനായി ഉപയോഗിച്ച ഈ ആശയം ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റ പഠനങ്ങളില്‍ അവലംബിക്കുകയും ഇന്ത്യയ്ക്കുള്ളിലെ തനത് സ്വഭാവമായി ഇതിനെ പ്രസ്താവിച്ചതും ഡച്ച് സമൂഹ ശാസ്ത്രജ്ഞനായ ജാന്‍ ബ്രെമാന്‍ ആണ്. അതായത് ആദ്യം സൂചിപ്പിച്ച കണക്കുകള്‍ പ്രകാരം ഇരുപത്തിയൊന്ന് ലക്ഷം വരുന്ന വിഭാഗം കുറച്ചുനാള്‍ കേരളത്തില്‍ ജോലി ചെയുകയും പിന്നീട് മറ്റു സ്ഥലങ്ങളിലേക്കോ മറ്റു തൊഴില്‍ ഇടങ്ങളിലേക്കോ ചേക്കേറുന്നവരാണ്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളും പഠനങ്ങളും ഒരു കൃത്യമായ ഇതര സംസ്ഥാന തൊഴിലാളി ജനസംഘ്യക്കായി നടത്തിയിട്ടുള്ള ഉദ്യമങ്ങള്‍ പലതും പൂര്‍ണ ഫലപ്രാപ്തിയില്‍ എത്താത്തതും ഇത്തരം ഒരു വിഭാഗം ഈ കൂട്ടത്തില്‍ പ്രസക്തമായി നിലനില്‍ക്കുന്നത് കൊണ്ടാണ്. 

എന്നാല്‍ footlose labour എന്ന നിലയിലല്ലാതെ ദീര്‍ഘകാലം കേരളത്തില്‍ താമസിക്കുകയും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഇടപെഴലുകള്‍ നടത്തിയും ജീവിച്ചുപോരുന്ന ഒരു ജനവിഭാഗം. കുടുംബങ്ങളായി താമസിക്കുന്നവര്‍ കൂടുതലായും ഇത്തരക്കാരാണ്. ഈ ഒരു വിഭാഗമാണ് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നത്. കേരളത്തിലേക്ക് അവര്‍ സാമൂഹികവത്കരിക്കപ്പെടുന്നു. മലയാളം സംസാരിക്കുകയും, മലയാളം പാട്ടുപാടും, മലയാളം പഠിച്ച് ഉന്നത വിജയം നേടുന്നവര്‍ ഇന്ന് കേരളത്തില്‍ സര്‍വസാധാരണമായി മാറുന്നു. കേരള സംസ്‌കാരം സ്വാംശീകരിക്കുകയും കേരളീയ ജീവിതശൈലി പിന്തുടരുകയും സാമൂഹിക ബന്ധങ്ങള്‍ കേരളത്തില്‍ ഉണ്ടാവുകയും കേരളം തന്റെയും നാടാണ് എന്ന ബോധം ഉളവാകുന്ന ഇത്തരം ജനത ഇവരില്‍നിന്നും രൂപപ്പെടുന്നു. ഒരു തൊഴിലാളി വര്‍ഗം എന്നതിലുപരി കേരളത്തിലെ ഒരു പുതിയ ജനതയായി ഇവര്‍ രൂപപ്പെടുന്നു. മലയാളം സംസാരിക്കുന്ന, മലയാളം എഴുതുന്ന, കേരളത്തെ ഇഷ്ടപ്പെടുന്ന കേരളത്തില്‍ തന്റേയും കുടുംബത്തിന്റെയും ഭാവി സ്വപ്നംകാണുന്ന ഒരു പുതിയ മലയാളിയായി അവര്‍ മാറുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഇതര സംസ്ഥാന കുട്ടികള്‍ക്ക് വേണ്ടിയിട്ടുള Roshni പദ്ധതി, തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതി പദ്ധതി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി മുന്നോട്ടുപോകുന്നത്. 

വേണ്ടത് അവകാശ സംബന്ധിയായ ഒരു ജനതയോടുള്ള സമീപനം 

ആഭ്യന്തര കുടിയേറ്റങ്ങളെ മറ്റേതൊരു സംസ്ഥാനവും സമീപിച്ചതില്‍ നിന്നും ഭേദപ്പെട്ട രീതിയിലുള്ള ഒരു സമീപനമാണ് കേരളം മുന്നോട്ടുവച്ചിട്ടുള്ളത്. 1979 ലെ Inter State Migrant Workers Act ന് പുറമെ സാമൂഹിക ക്ഷേമ കാഴ്ചപ്പാട് മുന്‍നിര്‍ത്തികൊണ്ട് Inter State Migrant Workers Welfare Scheme, Aawaz ആരോഗ്യ പരിരക്ഷ പദ്ധതി, Apna Ghar പാര്‍പ്പിട പദ്ധതി, തുടര്‍വിദ്യാഭ്യാസ വകുപ്പിന്റെ Changathi പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ കുടുംബശ്രീ മിഷന്‍ ഇതര സംസ്ഥാന വനിതകള്‍ക്കായുള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന പദ്ധതി, ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള HIV പ്രതിരോധ പദ്ധതിയും Link Workers പദ്ധതി. പല കാലഘട്ടങ്ങളിലായി തുടങ്ങിയ ഇവയെല്ലാം പ്രശംസിക്കപ്പെടുന്നവയാണെങ്കില്‍ ഇവരുടെ ജീവിതത്തിലേക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയി എന്ന വാദം ശക്തമാണ്. തൊഴില്‍ വകുപ്പിന് കീഴില്‍ തുടങ്ങിയ facilitation സെന്ററുകള്‍ കാര്യക്ഷമമല്ല. ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേക്ക് കടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്‌ട്രേഷനിലുള്ള മെല്ലെപ്പോക്കും സ്വീകാര്യതക്കുറവും കാരണം ഇഴഞ്ഞുനീങ്ങുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
പുതിയ പദ്ധതികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായ പ്രത്യേകം പദ്ധതികള്‍, എന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. നിലവിലുള്ള പദ്ധതികളില്‍ നിന്നുള്ള മാറ്റിനിര്‍ത്തല്‍ അവയുടെ ഫലം ലഭ്യമാകാതിരിക്കുന്നതിനും കാരണമാകുന്നു. ഉദാഹരണത്തിന് ഇതര സംസ്ഥാനക്കാര്‍ക്കായി പ്രത്യേകം ക്ഷേമപദ്ധതി, പ്രത്യേകം കുടുംബശ്രീ യൂണിറ്റ് തുടങ്ങിയവ. ഇത്തരം പദ്ധതികളെ പിന്‍താങ്ങാന്‍ പല കാരണങ്ങള്‍ പറയാന്‍ സാധിക്കുമെങ്കിലും അവ ഒരുതരം positive discrimination ആയി മാറുന്നുണ്ട്. ക്ഷേമ സമീപനത്തില്‍ നിന്നും മാറി അവകാശ സംബന്ധിയായ സമീപനമാണ് കേരളത്തില്‍ സ്വീകരിക്കേണ്ടത്. അത്തരം ഒരു സമീപനത്തിന്റെ അഭാവമാണ് കോവിഡ് കാലഘട്ടത്തില്‍ വലിയ രീതിയിലുള്ള സംഘം ചേരലും പ്രകടനങ്ങളും കോട്ടയം പായിപ്പാട് പ്രദേശത്തും, സ്ത്രീകളുടെ വലിയ സംഘം പ്രതിഷേധമായി എറണാകുളത്ത് രൂപപ്പെട്ടത്, 2022 ക്രിസ്മസ് വേളയില്‍ കിഴക്കമ്പലത്ത് അരങ്ങേറിയതും. അതുകൊണ്ട് തന്നെയാണ് എത്രയൊക്കെ പദ്ധതികളുണ്ടെങ്കിലും മിനിമം കൂലിയും വൃത്തിയുള്ള താമസസൗകര്യവും സുരക്ഷിതമായ തൊഴിലിടവും ഇവര്‍ക്ക് അന്യമായി ഇന്നും നിലനില്‍ക്കുന്നത്.

അതിഥി തൊഴിലാളികള്‍ എന്ന പുതിയ നാമകരണം നല്ല സമീപനം ഇവരോട് പുലര്‍ത്താന്‍ ഉതകുന്നതിനാണ് എങ്കിലും, ഇവര്‍ അതിഥികള്‍ അല്ല അവകാശങ്ങളുള്ള ജനതയാണ് എന്ന ബോധ്യമാണ് എല്ലാ തലത്തിലും വേണ്ടത്. എങ്കില്‍  മാത്രമേ വൈവിധ്യമാര്‍ന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടില്‍ നിന്നും കടന്നുവരുന്ന ജനതയെ കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. ഇന്ന് വന്ന് നാളെ മടങ്ങിപ്പോകാന്‍ ഉള്ള അതിഥികള്‍ അല്ല കാരണം ഭാവികേരളത്തിലേയും അനിവാര്യമായ തൊഴിലാളി സമൂഹമാണവര്‍, ഒരു പുതിയ കേരളീയ ജനതയായി രൂപപ്പെടുന്നവര്‍, കേരളത്തില്‍ അവര്‍ വേരൂന്നുന്നുണ്ട്. സുഹൃത്തായി, സഹോദരനായി, സഹോദരിയായി, അയല്‍ക്കാരനായി, അച്ഛനായി, അമ്മയായി ഒക്കെ മാറുന്ന സ്ഥിതിവിശേഷം കാണാതിരിക്കുകയും, കുറ്റകൃത്യങ്ങളിലും സംശയത്തിന്റെ നിഴലിലും മാത്രം ചിത്രീകരിക്കപ്പെടുമ്പോഴാണ് ഇവര്‍ അപരിചിതരും അപരിഷ്‌കൃതരും ആയി മാറുന്നത്. മലയാളി ഒരു സാര്‍വ്വത്രിക മലയാളിയായി മാറുമ്പോഴും തദ്ദേശീയമായി നടക്കുന്ന ഈ മലയാളിവത്കരണം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുണ്ട്.



#Universal kerala
Leave a comment