TMJ
searchnav-menu
post-thumbnail

Universal kerala

അതിഥി കുട്ടികളും ആതിഥേയ കേരളവും

15 May 2024   |   6 min Read
ഐശ്വര്യ തൈക്കണ്ടി

യിഷ ഖാത്തൂന്‍ എന്ന 14 വയസ്സുകാരി തന്റെ സ്വദേശമായ പശ്ചിമ ബംഗാളിലെ, ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചൊവാപ്പര എന്ന ഗ്രാമത്തിലേക്ക് നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. കേരളം എന്നത് ആ ഗ്രാമവാസികള്‍ക്കും ചിരപരിചിതമാണ്. അവിടെ നിന്നും കേരളത്തിലേക്ക് വന്ന് ജോലി ചെയ്യുന്ന അനേകം പേരില്‍പ്പെട്ടവരാണ് ആയിഷയുടെ മാതാപിതാക്കളും. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ആയിഷ ഈ വര്‍ഷം ഒന്‍പതാം തരത്തിലേക്ക് ജയിച്ചു. സ്‌കൂള്‍ അവധിക്കാലം ആയതിനാല്‍ കടുത്ത ചൂടിനിടയിലും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും പഴയ സൗഹൃദങ്ങള്‍ പുതുക്കിയും കേരളത്തില്‍ ലഭ്യമല്ലാത്ത ലിച്ചിപ്പഴങ്ങള്‍ ശേഖരിച്ചും സമയം ചിലവഴിക്കുമ്പോഴും ജൂണിന് മുന്‍പ് തിരിച്ചെത്തണമെന്ന കാര്യത്തില്‍ ആയിഷയ്ക്ക് യാതൊരു സംശയവുമില്ല. വൈകിയാല്‍ സ്‌കൂളില്‍ ക്ലാസ്സുകള്‍ നഷ്ടപ്പെടും, അത് അവള്‍ക്ക് അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന അനേകായിരം വരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ പ്രതിനിധിയാണ് ആയിഷയും. 
 
ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിശാല കേരളത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് കേരളത്തിലെ അതിഥി തൊഴിലാളികളുടെ ജീവിതം. അതില്‍ത്തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയം ആണ് അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം. ആയിഷയെ പോലെയുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യമാണിവിടെ പരിഗണിക്കുന്നത്. 

REPRESENTATIVE IMAGE | WIKI COMMONS
അതിഥിക്കുട്ടികളും സ്‌കൂളുകളും 

സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2023-24 അധ്യയന വര്‍ഷത്തില്‍ 20,863 അതിഥിതൊഴിലാളികളുടെ കുട്ടികളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിലായി പഠിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചേര്‍ക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 7,147 കുട്ടികള്‍ എറണാകുളം ജില്ലയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരങ്ങളില്‍ ആണ് കേരളത്തിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടാകുന്നത്. ആരംഭത്തില്‍ നാമമാത്രമായ കുട്ടികള്‍ മാത്രമേ സ്‌കൂളുകളില്‍ എത്തിയിരുന്നുള്ളൂവെങ്കിലും 2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വരികയും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് അത് നല്‍കുക എന്നത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തം ആകുകയും ചെയ്തപ്പോള്‍ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. എന്നാല്‍ ആ ഘട്ടത്തില്‍ അത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ സ്‌കൂളുകള്‍ സജ്ജരായിരുന്നില്ല. അതിന് മലയാളവുമായി യാതൊരു സാമ്യവും ഇല്ലാത്ത വിവിധ ഭാഷകളുടെ തടസ്സം മാത്രമായിരുന്നില്ല കാരണം. അതിഥി കുട്ടികളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത നാട്ടുകാരുടെ മാനസികാവസ്ഥയും, ഇവരുടെ കൂടെ ഒരുമിച്ച് തന്റെ കുട്ടിയെ പഠിപ്പിക്കാന്‍ തയ്യാറാകാത്ത കേരളരക്ഷിതാവും 'ഭായ് കുട്ടി' എന്ന് സ്‌കൂളുകളില്‍ അവരെ അഭിസംബോധന ചെയ്യുന്ന ചില അധ്യാപകരും ഒക്കെ ഇതിന് കാരണക്കാര്‍ ആണ്. 

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായി പഠിക്കുന്ന ഏതൊരു സ്‌കൂളും നേരിടുന്ന പ്രതിസന്ധി ആണ് ' ഭായ് സ്‌കൂള്‍' എന്നും 'ബംഗാളി സ്‌കൂള്‍ ' എന്നും ഉള്ള 'ചീത്തപ്പേര്' വീഴല്‍. പുരുഷന്മാരെ  ഭായ് എന്നും സ്ത്രീകളെ ഭായിച്ചി എന്നും അവരുടെ കുട്ടികളെ ഭായിക്കുട്ടി എന്നും വിളിച്ച് തരം തിരിക്കുമ്പോള്‍ അത് ഒരു സാഹോദര്യത്തിന്റെയും പേരില്‍ അല്ല മറിച്ച് നമ്മില്‍ പെടാത്തവരെ എല്ലാവരെയും ഒരൊറ്റ ലേബലില്‍ ചേര്‍ത്തുവച്ച് അവരുടെ സ്വത്വത്തെ നിഷേധിക്കുന്ന സൂക്ഷ്മവും സ്പഷ്ടവും ആയ ശ്രമമാണ്. സാക്ഷരതയുടേതായ ഒരു അമിതഭാരം ഉള്ളതുകൊണ്ടാവാം, മലയാളി ജനതയ്ക്ക് അതിഥികുട്ടികളോട് ഒരല്‍പം അനുകമ്പയും അതിലേറെ നിസ്സംഗതയും ഉള്ളത്. അതുകൊണ്ട് തന്നെ ആദ്യത്തെ കൗതുകത്തിനുശേഷം അതിഥി കുട്ടികള്‍ കൂടുതല്‍ ആയി സ്‌കൂളുകളില്‍ ചേരാന്‍ തുടങ്ങിയപ്പോള്‍, പ്രാദേശികമായ ഒരു എതിര്‍പ്പ് രൂപപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സമീപത്ത് ഉള്ള മറ്റു സ്‌കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കുവാനും അങ്ങനെ ആ സ്‌കൂളുകളെ തന്നെ മൊത്തമായി മാറ്റി നിര്‍ത്തുവാനും തുടങ്ങി. എന്നാല്‍ ഗവണ്‍മെന്റിന്റെയും പൗരപ്രമുഖരുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകളുടെയും ഇടപെടലുകള്‍ വഴി ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ ചെറിയ തോതില്‍ എങ്കിലും സാധിച്ചു. 

REPRESENTATIVE IMAGE | WIKI COMMONS
ക്ലാസ്സ് റൂമുകളിലെ സാംസ്‌കാരികവും ഭാഷാപരവുമായ പ്രതിസന്ധികള്‍ 

അതിഥിയുടെയും ആതിഥേയരുടെയും സാമൂഹികവും സാംസ്‌കാരികപരവുമായുള്ള വ്യത്യാസങ്ങള്‍ ക്ലാസ്സ്മുറികളിലും പ്രതിഫലിക്കുന്നു. ഈ കുട്ടികള്‍ ടീച്ചര്‍മാരില്‍ നിന്നും മറ്റു കുട്ടികളില്‍ നിന്നും നിരന്തരം നേരിടുന്ന ഒരു ആരോപണമാണ് വൃത്തിയില്ലായ്മ. വെളിച്ചെണ്ണയ്ക്ക് പകരം കടുകെണ്ണ തലയില്‍ തേച്ചുവരുന്ന, ശരീരത്തില്‍ അത് പുരട്ടി ശീലം ഉള്ള ഒരു ജനതയ്ക്ക് രണ്ടുനേരം കുളിച്ച് ക്ലാസ്സ് റൂമുകളില്‍ എത്തിയാല്‍ പോലും അത് വൃത്തിയില്ലായ്മയുടെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്നു. കേരളീയര്‍ക്ക് സുപരിചിതമല്ലാത്ത ഗന്ധങ്ങള്‍ പോലും അവരെ അസ്വസ്ഥമാക്കുന്ന സാഹചര്യത്തില്‍ വൃത്തിയും വൃത്തിയില്ലായ്മയും വേര്‍തിരിച്ച് കുട്ടികളെ കള്ളികളിലാക്കി അവരുടെ ഇടയില്‍ തന്നെ അതിരുകള്‍ രൂപപ്പെടുന്നു. 

ഭാഷയുടെ ഒരു മതില്‍ ഇവര്‍ക്കിടയില്‍ എപ്പോഴുമുണ്ട്. അതിഥിക്കുട്ടികളും തദ്ദേശീയരായ കുട്ടികളും തമ്മില്‍ ഉണ്ടാകുന്ന കൊച്ചുവഴക്കുകളില്‍ പോലും പലപ്പോഴും അധ്യാപകര്‍ക്ക് നീതിയുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്തത് പരസ്പരം കൃത്യമായ ആശയവിനിമയം സാധിക്കാത്തത് കൊണ്ടാണ്. അവര്‍ അതിഥികള്‍ മാത്രമല്ല സ്‌കൂളുകളില്‍ ചിലപ്പോള്‍ അനാഥര്‍ കൂടെയാണ്. സ്‌കൂളുകളിലെ ചെറിയ സംഭാഷണങ്ങളില്‍ പോലും അവരെ ബംഗാളി കുട്ടി എന്നോ ഭായിക്കുട്ടി എന്നോ വിശേഷിപ്പിക്കുന്നത് ഒരു ശീലമായി മാറി.  ആ കുട്ടികളും അത് internalise ചെയ്തു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് വളരെ രൂക്ഷമായാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്. തന്റെ ക്ലാസ്സിലെ കേരളത്തിലെ കുട്ടികള്‍ ഒരിക്കലും തന്നെ ഒരു നല്ല കൂട്ടുകാരനായി കണ്ടിട്ടില്ല എന്നവന്‍ പറയുന്നു. ടീച്ചര്‍മാരും ഒരു നിശ്ചിത അകലം പാലിച്ച് മാത്രമേ ഇടപെടാറുള്ളൂവെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 


REPRESENTATIVE IMAGE | WIKI COMMONS
സ്‌കൂളുകള്‍ക്ക് പറയാന്‍ ഉള്ളത് 

എന്നാല്‍ സ്‌കൂളുകള്‍ക്ക് മറ്റൊരു വശം കൂടി പറയാനുണ്ട്. കൃത്യമായി സ്‌കൂളില്‍ വരുന്ന, പാഠഭാഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന അതിഥിക്കുട്ടികള്‍ ഒരുപാടുപേര്‍ ഉണ്ടെങ്കിലും മിക്ക കുട്ടികളും സ്‌കൂളുകളില്‍ കൃത്യമായി വരുന്നില്ല എന്നാണ് അധ്യാപകരുടെ പരാതി. അധ്യയനവര്‍ഷത്തിന്റെ പല സമയങ്ങളില്‍ വന്നുചേരുന്നത് മാത്രമല്ല അവരെ ബുദ്ദിമുട്ടിലാക്കുന്നത്, ടെക്സ്റ്റ് ബുക്കുകളും യൂണിഫോമുകളും വാങ്ങി നാമമാത്രമായ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ വരുന്ന കുട്ടികളെ എങ്ങനെ ആണ് പൊതുപരീക്ഷയ്ക്ക് സജ്ജരാക്കേണ്ടതെന്നും അവര്‍ ചോദിക്കുന്നു. അതിഥികുടുംബങ്ങളുടെ സ്വദേശത്തേക്കുള്ള യാത്രകള്‍ കൂടി ഇതിന് കാരണമാണ്. മിക്കപ്പോഴും സ്വന്തം നാടുകളിലേക്കുള്ള യാത്രകള്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും. രക്ഷിതാക്കള്‍ പോകുമ്പോള്‍ സ്വാഭാവികമായും കുട്ടികളും അവരെ അനുഗമിക്കും. തിരിച്ച് എത്തിയാലും അത്രയും ദിവസത്തെ പഠനനഷ്ടം അവര്‍ക്ക് മറികടക്കുകയെന്നത് ഭഗീരഥപ്രയത്‌നം നിറഞ്ഞതാണ്. ചില സാഹചര്യത്തില്‍ അവര്‍ തിരിച്ച് വരാതെയുമിരിക്കും. ആരൊക്കെ പോയി, ആരൊക്കെ തിരിച്ചു വരാന്‍ ഉണ്ട്, ഇനി ഒരിക്കലും വരാത്തവര്‍ ആരൊക്കെ ആണ്; ഇതൊക്കെ കണ്ടെത്തി അതിനനുസരിച്ച് തുടര്‍നടപടിയെടുക്കാന്‍ സ്‌കൂളുകളും നിര്‍ബന്ധിതരാകും.     
തദ്ദേശീയരായ കുട്ടികളെക്കാള്‍ സ്‌നേഹവും ബഹുമാനവും തരുന്നത് അതിഥിക്കുട്ടികള്‍ ആണെന്ന് പറയുമ്പോഴും എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ കൂടുതലായി പഠിക്കുന്ന ഒരു സ്‌കൂളിലെ ടീച്ചറുടെ അഭിപ്രായത്തില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ പറഞ്ഞയക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം മാത്രമാണ് സ്‌കൂള്‍. രക്ഷിതാക്കളില്‍ നിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ഇല്ലാതെ, ഭാഷാപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ക്ലാസ്സില്‍ ഓരോ അതിഥിക്കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കാന്‍ സാധിക്കുമോ എന്നവര്‍ ഖേദത്തോടെ ചോദിക്കുന്നു. ആ ചോദ്യം അവരുടെ ആശങ്ക കൂടിയായിരുന്നു. ഭാഷ അറിയാത്ത ഒരു കുട്ടിയെ ഭാഷ പഠിപ്പിക്കാനാണോ അതോ ബാക്കി ഭൂരിപക്ഷം വരുന്ന കുട്ടികള്‍ക്ക് പാഠഭാഗം നിര്‍ദിഷ്ട സമയത്തില്‍ പഠിപ്പിച്ച് തീര്‍ക്കാനാണോ ഒരു ടീച്ചര്‍ ശ്രമിക്കേണ്ടത് എന്ന ധാര്‍മ്മിക പ്രതിസന്ധിയിലായിപ്പോകുന്നു അദ്ധ്യാപകരും. 

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതീക്ഷയുള്ള ഇടപെടലുകള്‍ 

ഇങ്ങനെയുള്ള ഭാഷാപരമായ ബുദ്ധിമുട്ടുകളെ മറികടക്കാനാണ് ഗവണ്മെന്റ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എറണാകുളം ജില്ലാ ഭരണകൂടം 2016 ല്‍ ആരംഭിച്ച 'പ്രോജക്റ്റ് റോഷ്നി' അത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സമഗ്ര ശിക്ഷാ കേരള (SSK) 2016 ല്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ സര്‍വേയില്‍ 2,500 ഓളം അതിഥി തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തി. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ബീഹാര്‍, അസം, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റ കുട്ടികളുടെ ഭാഷാ ആവശ്യകതയോട് ഏകഭാഷാ ക്ലാസ്സ് മുറികള്‍ നീതി പുലര്‍ത്താത്തതിനാല്‍, 'കോഡ്-സ്വിച്ചിംഗ്' എന്ന നൂതന രീതിയിലൂടെ അവരുടെ ഭാഷാപരമായ ആവശ്യങ്ങള്‍ നിറവേറ്റാനാണ് റോഷ്നി പദ്ധതി ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ബിനാനിപുരം ഗവ. യു പി സ്‌കൂള്‍ അധ്യാപികയായ ഡോ. ജയശ്രീ കുളക്കുന്നത്ത് വികസിപ്പിച്ചെടുത്തതാണ് ഈ രീതി. 2017 ല്‍ നാല് സ്‌കൂളുകളില്‍ പൈലറ്റ് പ്രൊജക്റ്റ് നടത്തി വന്‍ വിജയം ആയതിനെത്തുടര്‍ന്ന് അടുത്ത വര്‍ഷം 14 സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ സാധിച്ചു. നിലവില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 40 സ്‌കൂളുകളിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ സ്‌കൂള്‍ ആരംഭിക്കുന്നതിന് 90 മിനിറ്റ് മുമ്പ് ബഹുഭാഷാ വിദ്യാഭ്യാസ വോളന്റിയര്‍മാര്‍ അതിഥി കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ പണത്തിന്റെ ലഭ്യതക്കുറവ് ലക്ഷ്യത്തെ പിന്നോട്ടടുപ്പിക്കുന്നു.  

പ്രോജക്റ്റ് റോഷ്നി | PHOTO: FACEBOOK
പ്രൊജക്റ്റ് റോഷ്നിയെ പോലെ തന്നെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍ (STC). കോവിഡ്   മഹാമാരിയുടെ സമയത്ത്, അതിഥി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി സമഗ്ര ശിക്ഷ കേരള (SSK) യുടെ കീഴില്‍ സ്‌കൂളില്‍ പോകുന്നവരും അല്ലാത്തവരും ആയ കുട്ടികള്‍ക്ക് വേണ്ടിയാണ് STC കള്‍ ആരംഭിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍, അല്ലെങ്കില്‍ സ്‌കൂള്‍ കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയിലെ 7 ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ക്ക് (BRC) കീഴില്‍, 37 STC കളിലായി 6,567 കുട്ടികളാണ് പ്രവേശനം നേടിയത്. 

ഒരു അതിഥി കുട്ടി കേരളത്തിലെ ക്ലാസ് മുറിയില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പരിചിതമല്ലാത്ത ഭാഷയാണ്. ചെറിയ ക്ലാസ്സുകളില്‍ തന്നെ പഠനം തുടങ്ങുന്ന കുട്ടികള്‍ക്ക് ഭാഷാപഠനം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും ഇതരസംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിച്ച് ഇവിടെ എത്തുന്ന ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മലയാള ഭാഷ ഒരു കീറാമുട്ടിയാണ്. വ്യത്യസ്തമായ ഭാഷാ മാധ്യമത്തില്‍ കുട്ടികള്‍ കാഴ്ചക്കാര്‍ ആകേണ്ടി വരുന്നു. ക്ലാസ്സ് സമയങ്ങളില്‍ ഓരോ വിദ്യാര്‍ത്ഥിയെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ കഴിയാത്ത അദ്ധ്യാപകരും ഇവിടെ നിസ്സഹായരാണ്. വീടിനും സ്‌കൂളിനും ഇടയിലുള്ള ഒരു സങ്കേതമായി പ്രവര്‍ത്തിച്ച് ഈ പ്രശ്‌നം മറികടക്കാനും ഭാഷയെ കൂടുതല്‍ പരിചയപ്പെടുത്താനും ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് ആണ് STC കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അങ്കണവാടി കെട്ടിടങ്ങളിലും കടമുറികളിലും പ്രവര്‍ത്തിക്കുന്ന മിക്ക സെന്ററുകളിലും ലേര്‍ണിംഗ് മെറ്റീരിയല്‍സിന്റെ അപര്യാപ്തതക്കുറവ് നന്നേ കൂടുതലാണ്. സെന്ററുകളില്‍ വരുന്ന കുട്ടികള്‍ക്ക് ചെറുകടികള്‍ പോലും സ്വന്തം പോക്കറ്റില്‍ നിന്ന് വാങ്ങിച്ച് കൊടുക്കുന്ന അദ്ധ്യാപകര്‍ അവിടെ ധാരാളം പേരുണ്ട്. ഫണ്ടിന്റെ അപര്യാപ്തത റോഷ്നിയെപ്പോലെ തന്നെ STC കളെയും പ്രതികൂലമായി ബാധിക്കുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
അതിഥിക്കുട്ടികളുടെ വിജയഗാഥകള്‍ 

നമ്മുടെ നാട്ടിലെത്തി വിജയം കൊയ്ത ധാരാളം അതിഥിക്കുട്ടികളുണ്ട്. 2020 ല്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ BA ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ബിഹാറി സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദുദേവിയുടെയും മകളായ പായല്‍ കുമാരി എന്ന കുട്ടിയാണ്. കായികമേളകളിലും കലാസാഹിത്യ മേഖലകളിലും അവര്‍ കഴിവ് തെളിയിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം വായിക്കാറുണ്ട്. ഈ വര്‍ഷത്തെ പത്താംതരം പരീക്ഷയില്‍ റോഷ്നി പദ്ധതിക്ക് കീഴിലായി 85 അതിഥിക്കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 2 കുട്ടികള്‍ ഫുള്‍ A + നേടിയതുള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പിന്തുണയും അവസരവും ലഭിച്ചാല്‍ വളരെ നന്നായി മുന്നേറാന്‍ സാധിക്കുമെന്നതിന്റെ തെളിവാണിത്. 

നമ്മുക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?

കുടിയേറ്റം കൊണ്ട് സാമൂഹികമായും സാമ്പത്തികമായും രക്ഷപ്പെട്ട സമൂഹമാണ് കേരളത്തിന്റേത്. എഴുപതുകളില്‍ ശക്തിയാര്‍ജിച്ച ഗള്‍ഫ് കുടിയേറ്റം നല്‍കിയ സാമ്പത്തിക ഭദ്രതയില്‍ ജീവിതം കെട്ടിപ്പടുത്ത ഒരു ജനവിഭാഗമാണ് ഇന്ന് നമ്മുടെ നാട്ടിലേക്ക് ജോലിയെടുക്കാന്‍ വരുന്നവരെ ഇത്തരത്തില്‍ രണ്ടാംതരം പൗരന്മാരായി കാണുന്നത്. കൊലപാതകികള്‍ എന്നും വൃത്തിയില്ലാത്തവര്‍ എന്നും വിദ്യാഭ്യാസം ഇല്ലാത്തവര്‍ എന്നും അതിഥിതൊഴിലാളികളെ മുദ്ര കുത്താന്‍ ശ്രമിക്കുന്ന സമയത്ത് അവരുടെ കുട്ടികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസം ഉറപ്പ് വരുത്താനും അതുവഴി അവരുടെ ജീവിതത്തില്‍ മുന്നേറാനുമുള്ള അവസരം ഒരുക്കുകയുമാണ് നാം ചെയ്യേണ്ടത്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പദ്ധതികള്‍ ഉണ്ടാകുമ്പോഴും അത് താഴെത്തട്ടിലേക്ക് എത്തുമ്പോള്‍ എത്രത്തോളം ഫലപ്രദമാകുന്നു എന്നത് ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ അധ്യാപകരും ഒരുപോലെ ആണെന്നോ പൊതുസമൂഹം മുഴുവന്‍ അതിഥി കുട്ടികളോട് മുഖം തിരിച്ചവരോ ആണ് എന്നല്ല ഇതിനര്‍ഥം. ഇത് ചില വ്യക്തികളുടെതായ പ്രശ്‌നമല്ല, മറിച്ച് അതൊരു കാഴ്ചപ്പാടിന്റേതാണ്. കേരളക്കുട്ടി എന്നോ അതിഥിക്കുട്ടി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരെയും നമ്മുടെ കുട്ടികളായി കാണാന്‍ സാധിക്കുന്ന ഇടങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടി ഇരിക്കുന്നു. വിശാലകേരളത്തിലേക്ക് ഇവരെക്കൂടി ഭാഗമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതയും മികച്ച കാഴ്ചപ്പാടും ജീവിതനിലവാരവും അതിഥി തൊഴിലാളികളുടെ കുട്ടികളെ വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതില്‍ കൂടിയാണ് പ്രതിഫലിക്കേണ്ടത്.



#Universal kerala
Leave a comment