'വിശാലകേരള'ത്തിന്റെ ദേശീയ സ്വാധീനം: പുതിയ സമീപനങ്ങളുടെ ആവശ്യകത
ഒരു ആധുനിക റിപ്പബ്ലിക് എന്ന ഇന്ത്യയുടെ അസ്തിത്വം കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയും ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ വലതുപക്ഷവല്‍ക്കരണം രാജ്യത്തെ ഗ്രസിക്കുകയും ചെയ്യുന്ന ഇന്നത്തെ ചരിത്രഘട്ടത്തില്‍ സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഭാഷാസമൂഹങ്ങളില്‍ കേരളം ഏറ്റവും മുന്നിലാണ്. പക്ഷേ ഒരര്‍ത്ഥത്തില്‍ കേരളം ഒറ്റയ്ക്കാവുന്ന അവസ്ഥയില്‍ കേരളത്തിന്റെ സമത്വോന്മുഖ ജീവിത വ്യവസ്ഥയെ നിലനിര്‍ത്താനും വികസിപ്പിക്കാനും നമ്മെ അനുവദിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതിനെ മറികടക്കാന്‍ കേരളത്തിന്റെ ദേശീയ സ്വാധീനം വളര്‍ത്തിയെടുക്കണം എന്ന് ഈ പ്രബന്ധം വാദിക്കുന്നു. ഇത് സംസ്ഥാനത്ത് ജീവിക്കുന്ന മലയാളികള്‍, ഇവിടെ വന്നുചേര്‍ന്നിരിക്കുന്ന ഇതര സംസ്ഥാനക്കാര്‍, പ്രവാസി കേരളീയര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിശാലകേരളത്തിന്റെ കൂട്ടായ ദൗത്യമാണെന്ന് ഈ പ്രബന്ധം പറയുന്നു.
ഈ 'വിശാലകേരള'ത്തിന്റെ ജനസംഖ്യാ വലുപ്പവും ഘടനയും നിര്‍ണ്ണയിക്കുക എന്നത് പല കാരണങ്ങള്‍കൊണ്ട് കേരളീയരെ സംബന്ധിച്ച് സുപ്രധാനമാണ്. നിലവില്‍ ജനസംഖ്യാശാസ്ത്ര പഠനപ്രകാരമുള്ള കുടിയേറ്റം സംബന്ധിച്ച നിര്‍വചനങ്ങള്‍ മേല്‍പ്പറഞ്ഞ 'വിശാല കേരള'ത്തിന്റെ വലുപ്പ നിര്‍ണ്ണയത്തിന് ഉതകുന്ന ഒന്നല്ല. അതുകൊണ്ടാണ് കേരള മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം തിട്ടപ്പെടുത്തുന്ന ആഭ്യന്തര മലയാളി പ്രവാസികളുടെ എണ്ണവും രാജ്യത്ത് നടക്കുന്ന സെന്‍സസ് ഡാറ്റയില്‍ നിന്നും ലഭിക്കുന്ന മലയാളം മാതൃഭാഷയായി കണക്കാക്കുന്നവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം കാണുന്നത്. ഈ പരിമിതി മറികടന്ന് 'വിശാല കേരള'ത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പുതിയ ചില നിര്‍വ്വചനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനായി കേരളത്തില്‍ വേരുകളുള്ള ആളുകള്‍ (Persons of Kerala Origin, PKO) എന്ന സംവര്‍ഗ്ഗം അവതരിപ്പിക്കാന്‍ ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുകയാണ്.
ട്രാന്‍സ് ടെറിട്ടോറിയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'വിശാലകേരളം' ട്രാന്‍സ് ലിംഗ്വല്‍ കൂടിയാണ് എന്ന് ഈ പ്രബന്ധം അടിവരയിടുന്നു. കേരളീയ ആധുനികതയുടെ സ്വാധീനം ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലേക്ക് പ്രസരിപ്പിക്കുന്നതില്‍ വിശാലകേരളത്തിന്റെ ട്രാന്‍സ് ലിംഗ്വല്‍ ഉള്ളടക്കം ഏറ്റവും പ്രധാനപ്പെട്ട ഒരു കരുത്താണ്. ബഹുഭാഷാപ്രാപ്തിയെ ശക്തിപ്പെടുത്തുകയും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരു ദേശീയ സാംസ്‌കാരിക മിഷന്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഈ പ്രബന്ധം ഊന്നിപറയുന്നു.
Keywords: പ്രവാസി മലയാളികള്‍, ആധുനികത, ട്രാന്‍സ് ലിംഗ്വല്‍ കേരളീയര്‍, Persons of Kerala Origin (POK), കേരളത്തനിമ
REPRESENTATIVE IMAGE | WIKI COMMONS
1. ആമുഖം
കേരളസംസ്ഥാനത്തിനകത്ത് ജീവിക്കുന്നവരും പ്രവാസി കേരളീയരും ഉള്‍പ്പെടുന്ന വിശാല കേരളീയസമൂഹം പൊതുവെ പരിഗണനാ വിഷയമാകുന്നത് സാമ്പത്തികമായും വിജ്ഞാനോല്പാദനപരമായും ഒരു ഉദ്ഗ്രഥിത കേരളസമൂഹം രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ ഈ ലേഖനത്തില്‍ അന്വേഷണ വിഷയമാകുന്നത് കേരളത്തിന്റെ ഇന്നുള്ള സ്വത്വം നിലനിര്‍ത്താനും വികസിപ്പിക്കാനും ഉള്ള രാഷ്ട്രീയ പ്രക്രിയയില്‍ വിശാല കേരളീയ സമൂഹത്തിന്റെ പങ്കാളിത്ത സാധ്യതകളാണ്.
കേരളസംസ്ഥാനത്തിനകത്ത് ജീവിക്കുന്നവരും പ്രവാസി കേരളീയരും മാത്രമല്ല സമീപകാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തൊഴില്‍ത്തേടി വന്നവരും ഉള്‍പ്പെടുന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടിലുള്ള വിശാല കേരളം. അതുപോലെ കേരളീയ സ്വത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജീവിത സമ്പ്രദായങ്ങളുടെ തനിമയെ അല്ല മറിച്ച് ചരിത്രപരമായി രൂപപ്പെട്ട കേരളീയ സമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രത്യേകതകളെയാണ്.
ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും എത്ര കേരളീയര്‍ ഉണ്ട്? അവരുടെ കണക്കെടുപ്പിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കണം? ഏതൊക്കെ വിഭാഗങ്ങളെ ആണ് നാം കേരളീയ പ്രവാസി സമൂഹത്തില്‍ ഉള്‍പ്പെടുത്തേണ്ടത്? വളരെ പ്രധാനപ്പെട്ട ഈ ചോദ്യങ്ങള്‍ക്ക് ഇന്ന് നമുക്ക് സുവ്യക്തമായ ഉത്തരങ്ങളില്ല. കേരളീയര്‍ എന്ന് അടയാളപ്പെടുത്താന്‍ മാനദണ്ഡമാക്കേണ്ട ഘടകങ്ങള്‍ പുനര്‍ നിര്‍വ്വചിക്കേണ്ടതായിട്ടുണ്ട് എന്നാണ് ഞങ്ങളുടെ അഭിപ്രായം. അവയെക്കുറിച്ചുള്ള ചില പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.
പ്രവാസി മലയാളികള്‍ എന്ന കാറ്റഗറി ഇന്ന് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് വിശാല കേരളീയ സമൂഹത്തിന്റെ വ്യാപ്തി തീരെ ചുരുക്കിക്കളയുന്ന വിധത്തിലാണ്. ഈ പരിമിതി മറികടന്ന് വിശാല കേരളത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ കേരളത്തില്‍ വേരുള്ള ആളുകള്‍ (Persons of Kerala Origin, PKO ) എന്ന ഒരു പുതിയ കാറ്റഗറി ഉണ്ടാക്കേണ്ടതുണ്ട്. മലയാളികളുടെ മാതൃഭൂമിയായ കേരളം പുറത്തേക്കും അകത്തോട്ടും ഉള്ള പ്രവാസത്തിലൂടെ വിശാല കേരളമാകുമ്പോള്‍ പ്രകടമായ ട്രാന്‍സ് ലിംഗ്വല്‍ സാംസ്‌കാരികശേഷി കൈവരിച്ചതായി കാണാം. അതൊരു പ്രതിസന്ധിയല്ല മറിച്ച് കേരളത്തനിമ നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന് വിലപ്പെട്ട കൈമുതലാണ് എന്നാണ് ഞങ്ങളുടെ പക്ഷം.
കേരളത്തനിമ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള പ്രവര്‍ത്തനം അഖിലേന്ത്യാ സ്വഭാവം കൈവരിക്കേണ്ടതായ ചരിത്രസന്ദര്‍ഭം വന്നിരിക്കുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. മുന്‍കാലങ്ങളിലെ സമുദ്രാഭിമുഖതാല്പര്യം, കേരളമണ്ണിലേക്കുള്ള അന്തര്‍മുഖത്വം എന്നിവയെപ്പോലെ ഉപഭൂഖണ്ഡത്തിന്റെ ഉള്ളിലേക്ക് ശ്രദ്ധിച്ചുകൊണ്ട് നമ്മുടെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളതിനേക്കാള്‍ നിര്‍ണ്ണായകമായി ഇന്ത്യയെ സ്വാധീനിക്കാന്‍ കേരളം ഇന്ന് പരിശ്രമിക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനുതകുന്ന രീതിയില്‍ കേരളസമൂഹത്തെ സജ്ജമാക്കാന്‍ വിശാലകേരളത്തിന്റെ ട്രാന്‍സ്-ടെറിട്ടോറിയലും ട്രാന്‍സ്-ലിംഗ്വലുമായ അവസ്ഥ ഉപകാരപ്പെടും
REPRSENTATIVE IMAGE | WIKI COMMONS
2. കേരളത്തനിമ
പ്രശസ്ത സൈദ്ധാന്തികനായ ഐജാസ് അഹമദ് തന്റെ 'ദി മേക്കിങ് ഓഫ് ഇന്ത്യ' എന്ന ലേഖനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''... this orientation towards religious pluralism, regional diversity, radical social reform, common public good were in fact values that got written into the Constitution and a number of auxiliary documents of that period. Key terms - democracy, secularism, socialism and non-alignment - came to symbolize the aspirations of modern India as it arose out of colonialism. One cannot say that all the state policies of that initial period - the first quarter century after independence, let us say, were actually formulated in light of those principles but so powerful was the articulation of principles, and so widespread the affiliation with them, that policies were nevertheless judged in the light of those principles. In other words, one is talking here not of a state that was consistent in its policies but of a widespread popular consciounsess for which secularism, democracy, pluralism, redistributive justice and national independence became the normative aspirations of Indian polity.' ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തുടര്‍ന്ന് രൂപംകൊണ്ട രാഷ്ട്രത്തിന്റെയും മുഖ്യധാര മൂല്യങ്ങളായിരുന്ന ജനാധിപത്യം മതനിരപേക്ഷമായ തുല്യത ശാസ്ത്രാവബോധത്തിലൂന്നിയ വിദ്യാഭ്യാസം തുടങ്ങിയവ തിരസ്‌കരിക്കപ്പെട്ടതായി ഐജാസ് അഹമ്മദ് നിരീക്ഷിക്കുന്നു: '... all the normative principles of the republic have been abandoned.'
എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ പൊതുജീവിതത്തിന്റെ മുഖ്യധാരയായി ഇന്നും തുടരുന്ന ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്. രാഷ്ട്രശരീരത്തില്‍ നിന്ന് ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ തുടച്ചുനീക്കുന്നതിനെതിരെ ഏറ്റവും കടുത്ത പ്രതിരോധം ഉയരുന്നത് കേരളത്തില്‍ നിന്നാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള ഗവണ്മെന്റും കേരള നിയമസഭയും കേരള ജനതയും ഉയര്‍ത്തിയ പ്രതിരോധം ഇതിന്റെ ഏറ്റവും വ്യക്തമായ ഒരു പ്രതിഫലനമായിരുന്നു. മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ പൊതുജീവിതം കേരളത്തിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു എന്നതാണ് കേരളത്തനിമയുടെ പ്രധാനപ്പെട്ട ഒരു ഘടകം. മതനിരപേക്ഷതയ്‌ക്കൊപ്പം ഫെഡറല്‍ ഭരണസംവിധാനവും ഫലത്തില്‍ അട്ടിമറിക്ക് വിധേയമാവുകയാണ്. അതിനാല്‍ കേരളത്തിന്റെ ഭരണഘടനാപരമായ സ്വയംഭരണ അവകാശങ്ങള്‍ മതനിരപേക്ഷ പൊതുജീവിതത്തിന് കവചമായി നില്‍ക്കും എന്നുറപ്പിക്കാന്‍ സാധിക്കില്ല. അതായത് കേരളത്തിന്റെ മാര്‍ഗത്തിലേക്ക് ഇന്ത്യയിലെ ഇതര ഭാഷാസമൂഹങ്ങളെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന ഒരു ദേശീയ രാഷ്ട്രീയ പ്രക്രിയയിലൂടെ മാത്രമേ കേരളത്തിന് അതിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വത്വം നിലനിര്‍ത്താനും ബലപ്പെടുത്താനും കഴിയൂ. ഇന്ത്യയുടെ 'കേരളീയവല്‍ക്കരണം' ഇന്ന് കേരളത്തിന്റെ നിലനില്‍പ്പിന്റെ രാഷ്ട്രീയ ആവശ്യം ആവുകയാണ്. ഈ പ്രക്രിയയില്‍ വിശാലകേരളീയ സമൂഹത്തിന്റെ മൂന്ന് ഭാഗങ്ങള്‍ക്കും - കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍, പ്രവാസി കേരളീയര്‍, ഇതര ഭാഷാസമൂഹങ്ങളില്‍ നിന്ന് കേരളത്തില്‍ വന്ന് ജീവിക്കുന്നവര്‍ - നിര്‍ണായകമായ പങ്കുണ്ട്.
3. സെന്‍സസുകളിലെയും സര്‍വ്വേകളിലെയും മറുനാടന്‍ കേരളം
ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസി കേരളീയ സമൂഹത്തിന്റെ വലുപ്പ നിര്‍ണയത്തിന് പ്രധാനമായും നമ്മള്‍ അവലംബിക്കുന്നത് കൃത്യമായ ഇടവേളകളില്‍ കേരളത്തില്‍ നടത്തുന്ന കേരള മൈഗ്രേഷന്‍ സര്‍വ്വേ (KMS) യില്‍ നിന്നും ലഭിക്കുന്ന കണക്കുകളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ വലുപ്പ നിര്‍ണ്ണയത്തിന് KMS നോടൊപ്പം സെന്‍സസ് നല്‍കുന്ന വിവരങ്ങളുമുണ്ട്. എന്നാല്‍ നാം ആഗ്രഹിക്കുന്ന നിലയില്‍ വിശാലകേരളത്തിന്റെ വലുപ്പ നിര്‍ണയത്തിന് ഈ സര്‍വ്വേ/സെന്‍സസ് കള്‍ക്ക് കഴിയുന്നുണ്ടോ എന്നത് സംശയമാണ്. കാരണം സെന്‍സസ് ഇന്ത്യയുടെ കുടിയേറ്റക്കാരെ സംബന്ധിച്ച നിര്‍വചനം ഇങ്ങനെയാണ് 'When a person is enumerated in the census at a different place than her/his place of birth, she/he is considered a migrant.'
സെന്‍സസില്‍ കുടിയേറ്റത്തിന്റെ വലുപ്പത്തെയും വ്യാപ്തിയെയും മനസ്സിലാക്കാന്‍ പാകത്തില്‍ രണ്ടുപ്രധാന വിവരങ്ങള്‍ ലഭ്യമാണ്. ഒന്ന് സെന്‍സസ് നേരിട്ട് തിട്ടപ്പെടുത്തുന്ന ഇതര സംസ്ഥാന മൈഗ്രേഷന്‍ സംബന്ധിച്ച വിവരങ്ങളും മറ്റൊന്ന് മലയാളം മാതൃഭാഷയായി സ്വീകരിച്ചവരുടെ വിവരങ്ങളുമാണ്. സെന്‍സസിന്റെ ഭാഗമായി പുറത്തിറക്കുന്ന LANGUAGE ATLAS ടേബിള്‍ പ്രകാരം മലയാളം മാതൃഭാഷയായി സ്വീകരിച്ച് കേരളത്തിന് പുറത്ത് ജീവിക്കുന്നവരുടെ 1991, 2001, 2011 വര്‍ഷങ്ങളിലെ കണക്കുകളാണ് Table 1 ല്‍ കൊടുത്തിരിക്കുന്നത്.
Note: 1991 ലെ സെന്‍സസ് പ്രകാരം മധ്യപ്രദേശില്‍ മലയാളം മാതൃഭാഷയായി സ്വീകരിച്ച 80,759 പേരുണ്ടായിരുന്നെങ്കിലും പിന്നീടുള്ള സെന്‍സസുകളില്‍ അത് ഗണ്യമായി കുറഞ്ഞു. Source: Census of India - LANGUAGE ATLAS - INDIA, 1991,2001,2011 (https://language.census.gov.in/showAtlas)
Source: Zacharia and Rajan (2015)
മലയാളികളുടെ കുടിയേറ്റത്തെക്കുറിച്ച് ഏറ്റവും സമ്പന്നമായ വിവരങ്ങള്‍ നല്‍കുന്ന കേരള മൈഗ്രേഷന്‍ സര്‍വ്വേ ഇതുവരെ 1998, 2003, 2008, 2011, 2013, 2016, 2018 വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. 2023 ല്‍ നടത്തിയ സര്‍വ്വേയുടെ വിവരങ്ങള്‍ സമീപഭാവിയില്‍ തന്നെ ലഭ്യമാവുകയും ചെയ്യും. കേരള മൈഗ്രേഷന്‍ സര്‍വ്വേയുടെ ഏഴു റൗണ്ടുകള്‍ പ്രകാരം കണക്കാക്കിയ ഇതര സംസ്ഥാന മലയാളി പ്രവാസികളുടെ എണ്ണമാണ് Table 2 ല്‍ കൊടുത്തിരിക്കുന്നത്. 2001 ല്‍ കേരള മൈഗ്രേഷന്‍ സര്‍വ്വേ നടത്താത്തതിനാല്‍ താരതമ്യത്തിനായി 2003 ലെ ഡാറ്റ എടുക്കാവുന്നതാണ്. 2011 ല്‍ കേരള മൈഗ്രേഷന്‍ സര്‍വ്വേയും, സെന്‍സസ് ഡാറ്റയും ലഭ്യമായതിനാല്‍ അത് നേരിട്ട് താരതമ്യം ചെയ്യാം.
2011 ലെ കേരള മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം 9,30,724 മലയാളികളാണ് കേരളത്തിന് പുറത്ത് ഇന്ത്യയ്ക്ക് അകത്ത് പ്രവാസജീവിതം നയിക്കുന്നത്. അതേസമയം, 2011 ലെ സെന്‍സസ് പ്രകാരം മലയാളം മാതൃഭാഷയായി കണക്കാക്കുന്ന കേരളത്തിന് പുറത്ത് ജീവിക്കുന്നവരുടെ എണ്ണം 24,25,606 ആണ്. അതായത് മൈഗ്രേഷന്‍ സര്‍വ്വേ തിട്ടപ്പെടുത്തിയ എണ്ണത്തിന്റെ ഏതാണ്ട് രണ്ടര ഇരട്ടി. ആഭ്യന്തര പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിലുള്ള ഈ ഭീമമായ വ്യത്യാസം കണക്കെടുപ്പിനായി അവലംബിച്ച രീതിശാസ്ത്രത്തിലെ എന്തെങ്കിലും പിഴവുകൊണ്ട് ഉണ്ടായതല്ല. മറിച്ച് മലയാളം മാതൃഭാഷയായി സ്വീകരിച്ച് അന്യദേശങ്ങളില്‍ താമസിക്കുമ്പോഴും വീടുകളില്‍ അടക്കം മലയാളം സംസാരിക്കുന്ന നല്ലൊരു ശതമാനം മലയാളികള്‍ കേരള മൈഗ്രേഷന്‍ സര്‍വ്വേയുടെ അക്കാദമിക് നിര്‍വചനപ്രകാരം കുടിയേറ്റക്കാരല്ല. എന്നാല്‍ ഈ നിര്‍വചനത്തിന് പുറത്തുള്ള മലയാളികളെക്കൂടി കണക്കിലെടുത്ത് വിശാല കേരളത്തോട് ഐക്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതോടൊപ്പം മലയാളം മാതൃഭാഷയായി രേഖപ്പെടുത്താത്ത എന്നാല്‍ കേരളത്തില്‍ വേരുകളുള്ള മലയാളികളും നല്ലൊരു ശതമാനം വരും. അന്യസംസ്ഥാനങ്ങളില്‍ തലമുറകളായി ജീവിക്കുന്നതുകൊണ്ടും, ഇതര ഭാഷാ സമൂഹങ്ങളുമായി ഉണ്ടായ വിവാഹ-കുടുംബബന്ധങ്ങള്‍ മൂലവും മറ്റ് ഭാഷാ സമൂഹങ്ങളില്‍ അലിഞ്ഞുചേര്‍ന്ന കേരളീയരെ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. നിലവിലെ സെന്‍സസോ മറ്റു സര്‍വ്വേകളോ Persons of Kerala Origin (PKO) എന്ന് വിളിക്കാവുന്ന, ഇക്കൂട്ടരെ കണ്ടെത്താന്‍ പര്യാപ്തമല്ല. ഈ പരിമിതി മറികടക്കാന്‍ PKO യെ കൃത്യമായി നിര്‍വചിക്കുകയും അവരുടെ ജനസംഖ്യാ വലുപ്പം തിട്ടപ്പെടുത്താന്‍ പുതിയ രീതിശാസ്ത്രങ്ങള്‍ വികസിപ്പിക്കുകയും വേണം. ഇന്ത്യയ്ക്ക് അകത്തുള്ള ആഭ്യന്തര മലയാളി പ്രവാസികളുടെ കാര്യമാണ് ഇവിടെ വിശദീകരിച്ചതെങ്കിലും സമാനമായ സ്ഥിതിവിശേഷം വിദേശ മലയാളികളുടെ കാര്യത്തിലും ഉണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
4. കേരള ഡയസ്‌പോറയെ പുനര്‍നിര്‍ണ്ണയിക്കുന്ന വിധം
കേരള ഡയസ്‌പോറയുടെ ഘടകങ്ങളെ മൂന്നായി തരംതിരിക്കാം
i. സാമ്പ്രദായികമായ കുടിയേറ്റ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്ന പ്രവാസി മലയാളികള്‍
ii. അതിനുപുറത്ത് മലയാളം മാതൃഭാഷയായി കണക്കാക്കുന്ന പ്രവാസികള്‍
iii. ഇതരഭാഷകള്‍ മാതൃഭാഷയായി കണക്കാക്കുന്ന എന്നാല്‍ പൂര്‍വികര്‍ കേരളത്തില്‍ നിന്നുള്ളവര്‍
ഇതില്‍ ഒന്നാമത്തെ വിഭാഗത്തെ നമുക്ക് പ്രവാസി മലയാളികള്‍ എന്ന് വിളിക്കാം. അവര്‍ കേരളത്തില്‍ ജനിച്ച് മറ്റ് നാടുകളിലേക്ക് കുടിയേറിയവരാണ്. കേരള മൈഗ്രേഷന്‍ സര്‍വ്വേയില്‍ അടക്കം പ്രതിഫലിക്കുന്ന പ്രവാസി മലയാളികള്‍ ഇക്കൂട്ടരാണ്. എന്നാല്‍ മറ്റ് രണ്ട് വിഭാഗങ്ങളുടെയും എണ്ണം തിട്ടപ്പെടുത്താന്‍ അവരെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കേണ്ടതുണ്ട്. ഇവരെയാണ് Person of Kerala Origin (PKO) എന്ന് വിളിക്കേണ്ടത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം Persons of Indian Origin (PIO) കാര്‍ഡിന് അര്‍ഹരായവര്‍ക്ക് കൊടുക്കുന്ന നിര്‍വചനത്തിന് തത്തുല്യമായി മാനദണ്ഡങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്.
അതുപ്രകാരം, Person of Kerala Origin (PKO) നെ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി നിര്‍വ്വചിക്കാവുന്നതാണ്
(a). പ്രവാസി മലയാളി പദവി ഇല്ലാത്ത ആരാണോ മലയാളം അവരുടെ മാതൃഭാഷയായി കണക്കാക്കുന്നത്
OR
(b). പ്രവാസി മലയാളി പദവി ഇല്ലാത്തവരും മലയാളം മാതൃഭാഷയായി പരിഗണിക്കാത്തവരും ആണെങ്കിലും ഏതെങ്കിലും ഒരു രക്ഷിതാവോ, രക്ഷിതാക്കളില്‍ ആരുടെയെങ്കിലും ഒരു രക്ഷിതാവോ കേരളത്തില്‍ ജനിച്ചവരായിട്ടുള്ളവര്‍
വിദേശത്ത് താമസിക്കുന്ന മലയാളികള്‍ ആണെങ്കില്‍ അവര്‍ PIO പദവിക്ക് അര്‍ഹരായവരും ആയിരിക്കണം.
PKO ന്റെ ജനസംഖ്യാവലുപ്പം നിര്‍ണ്ണയിക്കേണ്ടത് ഏറ്റവും സുപ്രധാനമായൊരു പ്രവര്‍ത്തനമാണ്. നിലവില്‍ രാജ്യത്ത് നടത്തുന്ന സെന്‍സസോ മറ്റ് സാമ്പിള്‍ സര്‍വ്വേകളോ മുകളില്‍ നിര്‍വ്വചിച്ച PKO യുടെ വലുപ്പം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമല്ല. ഇത് പരിഹരിക്കാന്‍ ഒന്നുകില്‍ നിലവില്‍ മാതൃഭാഷാ വിവരങ്ങള്‍ ശേഖരിക്കുന്നതുപോലെ പൗരന്മാരുടെ പ്രദേശപരമായ ഉത്ഭവം കണ്ടെത്താന്‍ പാകത്തില്‍ സെന്‍സസില്‍ പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണം. പക്ഷേ, അത് കേരള ഭരണകൂടത്തിന്റെ തീരുമാനപരിധിക്ക് പുറത്തും വളരെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ഉള്‍പ്പെട്ടതുമായതുകൊണ്ട് പ്രായോഗികമായി നടപ്പാക്കാവുന്ന ഒന്നല്ല. മറ്റൊരു സാധ്യത കേരള ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മലയാളികളുള്ളെടുത്തെല്ലാം വ്യാപിച്ചുകിടക്കുന്ന മലയാളി സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെ അതാത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ സര്‍വ്വേയാണ്. ഇത് ഓണ്‍ലൈന്‍ വഴി നടക്കുന്ന ഒന്നല്ല. ഒരു ജനകീയ പ്രസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ഉദ്യമമാണ്.
REPRESENTATIVE IMAGE | WIKI COMMONS
5. 'പുതിയ' കേരളീയര്‍
മലയാളികള്‍ അന്യദേശങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുംപോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇതരഭാഷക്കാരും കേരളത്തിലേക്ക് തൊഴില്‍തേടി എത്തുന്നുണ്ട്. നിര്‍മ്മാണ മേഖലയിലും, അവിദഗ്ധ തൊഴില്‍ മേഖലയിലും ഇന്ന് കേരളത്തിന്റെ സുപ്രധാനമായ തൊഴില്‍ശക്തി അതിഥി തൊഴിലാളികള്‍ എന്ന് പുരോഗമന കേരളം വിളിക്കുന്ന ഇതര ഭാഷാ കുടിയേറ്റ തൊഴിലാളികളാണ്. 'God's own workforce' എന്ന പേരില്‍ Centre for Migration and Inclusive Development (CMID) 2017 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 25 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ളവര്‍ 2016-2017 കാലഘട്ടത്തില്‍ കേരളത്തില്‍ തൊഴിലെടുക്കുന്നുണ്ടായിരുന്നു.
2013 ല്‍ Gulati Institute of Finance and Taxation (GIFT) നടത്തിയ പഠനമാണ് ഇന്നും കേരളത്തിലേക്കുള്ള ഇതര സംസ്ഥാന കുടിയേറ്റം സംബന്ധിച്ച കണക്കുകള്‍ നല്‍കുന്ന ഏറ്റവും സുപ്രധാനമായ സോഴ്‌സ്. പത്ത് വര്‍ഷം മുന്‍പുള്ള അതിലെ കണക്കുകള്‍ പ്രകാരം 21 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ട്. 2021 ല്‍ കേരള ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മൂന്ന് വ്യത്യസ്ത രീതികളിലൂടെ ഇതേ കണക്ക് തിട്ടപ്പെടുത്തിയതാണ് Table 3 ല്‍ കൊടുത്തിരിക്കുന്നത്. അതുപ്രകാരം 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ട് എന്ന് അനുമാനിക്കാം.
കേരളത്തില്‍ നിന്നും വളരെ വിഭിന്നമായ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനവും. കേരളത്തിന്റെ ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക് അവരെക്കൂടി എത്തിക്കുക എന്നത് കേരള ഭരണകൂടത്തിന്റെയും പൊതു സമൂഹത്തിന്റെയും ചുമതലയാണ്. നിലവിലെ കേരള ഭരണകൂടം ആ നിലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി മാതൃകാപരമായ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് അഭിസംബോധന ചെയ്യുന്നത് കേവലം വാക്കുകളിലുള്ള ഒരു വ്യത്യാസം മാത്രമല്ല. മറിച്ച് അവരെ കേരള സമൂഹത്തോട് സംയോജിപ്പിക്കുന്നതിനുള്ള ആദ്യ ചുവട് എന്ന നിലയിലാണ്. എന്നാല്‍ ആ നിലയില്‍ പൊതുസമൂഹമാകെ ഇതര സംസ്ഥാന തൊഴിലാളികളെ കേരള ഭാഷാ സമൂഹത്തിന്റെ ഭാഗമായി കാണാന്‍ കടമ്പകള്‍ ഇനിയും കടക്കാനുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം കുടിയേറ്റ തൊഴിലാളികളുടെ കേരളത്തില്‍ ജീവിക്കുന്ന തലമുറകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്നത് തന്നെയാണ്.
Note: Scenario-I is considered here in which the number of migrants is estimated using the current share (proportion) of other state migrants in each of their subsector of employment
Source: 'A study on In-migration, Informal Employment and Urbanization in Kerala', 2021
മേല്‍പ്പറഞ്ഞ 31 ലക്ഷം കുടിയേറ്റക്കാരില്‍ 21 ലക്ഷം താത്കാലികമായി മാത്രം കേരളത്തിലേക്ക് വരുന്നവരാണ്. 10 ലക്ഷം മാത്രമാണ് ദീര്‍ഘകാലത്തേക്ക് നില്‍ക്കുന്ന സ്ഥിരം കുടിയേറ്റക്കാര്‍. ഇതില്‍ തന്നെ 5 % മാത്രമാണ് കുടുംബത്തോടെ കേരളത്തിലേക്ക് വരുന്നത്. ശരാശരി ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടെന്ന് കരുതിയാല്‍ ഏതാണ്ട് 98,000 കുടിയേറ്റ കുട്ടികള്‍ കേരളത്തിലുണ്ട്. 2017 ലെ പ്ലാനിങ് ബോര്‍ഡിന്റെ കണക്കുപ്രകാരം ഇതില്‍ 61,000 കുട്ടികള്‍ കേരളത്തില്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. എന്നാല്‍ സര്‍വ്വശിക്ഷ കേരളയുടെ 2023 ലെ കണക്കുപ്രകാരം 20,000 ത്തോളം ഇതര സംസ്ഥാന കുട്ടികളാണ് കേരളത്തില്‍ വിദ്യാഭ്യാസം നേടുന്നത്. മെച്ചപ്പെട്ട സൗകര്യം ഉള്ളപ്പോഴും കേരളത്തില്‍ വിദ്യാഭ്യാസം നേടുന്നതിന് ഇവര്‍ക്ക് പ്രധാന വെല്ലുവിളിയായി തീരുന്നത് മലയാളഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും മലയാളഭാഷാ പ്രാവീണ്യവും കേരളീയ സമൂഹത്തിന്റെ ഭാഗമാകാന്‍ അവരെ സഹായിക്കും. അതുകൊണ്ട് തന്നെ കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് മലയാളഭാഷാ പരിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനും കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്.
6. 'വിശാല കേരള'ത്തിന്റെ ട്രാന്‍സ് ലിംഗ്വല്‍ സ്വഭാവം
കേരളത്തിന് പുറത്ത് ജീവിക്കുന്ന കേരളീയരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വന്ന് ജീവിക്കുന്നവരും ഉള്‍പ്പെടുന്ന വിശാലകേരളീയ സമൂഹത്തിന് സമ്പന്നമായ ബഹുഭാഷാ പരിജ്ഞാനം ഉണ്ട്. അതോടൊപ്പം കേരളത്തില്‍ ജീവിക്കുന്ന മലയാളികളും വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബഹുഭാഷാപ്രാവീണ്യം നേടിയവരാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദുസ്ഥാനി, അറബി, തെലുങ്ക്, മറാത്തി, ഗുജറാത്തി തുടങ്ങിയ വിവിധ ഭാഷകള്‍ വിശാലകേരളീയ സമൂഹത്തിന് സ്വായത്തമാണ്. ഇന്ത്യയുടെ 'കേരളീയവല്‍ക്കരണം' സാധ്യമാവുന്ന ആശയ സംവാദവും സാംസ്‌കാരിക ബന്ധവും ഈ ഭാഷകളിലൂടെ എല്ലാം ആരംഭിക്കുക എന്ന നിര്‍ദ്ദേശമാണ് ഞങ്ങള്‍ക്ക് മുന്നോട്ടുവെക്കാന്‍ ഉള്ളത്.
കേരളത്തെ ദേശീയതലത്തില്‍ ചര്‍ച്ചയാക്കുന്നതിന്റെ സൂക്ഷ്മതലത്തിലുള്ള ഒരു ഉദാഹരണം താഴെ കൊടുക്കുന്നു. പ്രശസ്ത ഹിന്ദി സിനിമ നടനായ ജോണ്‍ എബ്രഹാം നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തിന്റെ ഇന്റര്‍നെറ്റ് വൃത്തങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗമാണിത്. വീഡിയോയിലുള്ള സംഭാഷണത്തിന്റെ പകര്‍ത്തിയെഴുത്ത് ഇപ്രകാരമാണ്.
Interviewer's question:
'I don't know your political leanings and I don't want to go there right here, right now. But why do you think Kerala has not been 'MODI'fied? What makes Keralites different from the rest of us?'
John Abraham's response:
'It's a beauty about our Kerala and I think it's fantastic, you can see a temple, a mosque and a church within like ten meters of each other peacefully coexisting without any problem whatsoever. It's absolutely no issue there. So, you know, seeing what is happening to the world today, you know the entire world is very polarized, Kerala is an example of a place where religion and communities can co-exist so peacefully.
The other extreme is -- I still remember when Fidel Castro passed away, I went to Kerala. That is the only state having his posters and hoardings all over to mourn his death. So, Kerala is really communist. And I see it in my father also, he made me read lots of Marxist philosophy, you know, I went through lots of stuff. You know there is a communist side in lots of Mallus, you know we call ourselves as Mallus. I think that's fantastic because we all believe in equitable living, we believe in equitable distribution of wealth, and I think Kerala is a shining example of that '
കേരളം ഇന്ത്യയിലെ ഇതര സമൂഹങ്ങളോട് എങ്ങനെ സംസാരിക്കണം എന്നതിന്റെയും വിശാലകേരളീയ സമൂഹത്തിന്റെ ട്രാന്‍സ് ലിംഗ്വല്‍ അവസ്ഥയുടെയും ഒരു ഉദാഹരണമാണ് ഈ സംഭാഷണം.
7. ഉപസംഹാരം
പരമ്പരാഗതമായി കേരള കേന്ദ്രീകൃതമായ മൈഗ്രേഷന്‍ പഠനങ്ങള്‍ക്ക് പ്രേരണയായിട്ടുള്ളത് സംസ്ഥാനത്തിന്റെയും പുറത്തേക്കുപോകുന്ന മലയാളികളുടെയും സാമ്പത്തിക ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള താല്പര്യമാണല്ലോ. സമ്പദ്ഘടനയെക്കുറിച്ചും പ്രവാസിക്ഷേമത്തെക്കുറിച്ചുമുള്ള പഠനങ്ങളും നയരൂപീകരണവും മര്‍മ്മപ്രധാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കേരളത്തിന് പുറത്തേക്കും അകത്തേക്കുമുള്ള പ്രവാസത്തിലൂടെ രൂപപ്പെടുന്ന 'വിശാല കേരളം' രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ ഒരു 'സ്വാധീനമേഖല' അഖിലേന്ത്യാടിസ്ഥാനത്തില്‍ സജീവമാക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിച്ചിട്ടുള്ളത്.
ഇത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. ദേശീയതലത്തില്‍ ദ്രുതഗതിയില്‍ സംഭവിക്കുന്ന വലതുപക്ഷവല്‍ക്കരണത്തിന്റെ ഫലമായി മതനിരപേക്ഷ കേരളം ആപേക്ഷികമായി ഒറ്റപ്പെട്ടുപോകുന്നതും, ഫെഡറലിസത്തിന്റെ തകര്‍ച്ചയിലൂടെ കേരളത്തിന് രാഷ്ട്രീയ ബലക്ഷയം സംഭവിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോകസഭയില്‍ കേരളത്തിന്റെ പ്രാതിനിധ്യം കുറയുന്നതോടെ ഈ ബലക്ഷയം കൂടുതലാവുകയും ചെയ്യും. പ്രത്യയശാസ്ത്രപരമായ 'സ്വാധീന മേഖല' വിപുലീകരിച്ചുകൊണ്ട് ഈ വെല്ലുവിളികളെ നേരിടാന്‍ കേരളത്തിന് സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇതിനുവേണ്ട ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഒട്ടുംവൈകാതെ സംഘടിപ്പിക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലകേരളത്തിന്റെ ബഹുഭാഷാനൈപുണ്യമാണ് ഏറ്റവും കാര്യക്ഷമമായ ആയുധമാവുക.
കേരളത്തിന്റെ ബഹുഭാഷാപ്രാവീണ്യം തിരിച്ചറിയുകയും അതിനെ ബോധപൂര്‍വ്വം വികസിപ്പിക്കുകയും ചെയ്യുക എന്നത് ഒരു അടിയന്തര ചുമതലയായി കേരളം സ്വീകരിക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രാഥമികമായി രണ്ടുതരം മാപ്പിംഗ് നടത്തേണ്ടതായിട്ടുണ്ട്. ഒന്ന്, പ്രവാസി കേരളീയ സമൂഹത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി തിരിച്ചറിയുന്നതിന് വേണ്ടി Persons of Kerala Origin എന്ന വിഭാഗത്തിന്റെ മാപ്പിംഗ്. രണ്ട്, വിശാലകേരളീയ സമൂഹത്തിന്റെ നേതൃത്വംവഹിക്കുന്ന കേരളത്തിലെ മലയാളികളുടെ ബഹുഭാഷാപരിജ്ഞാനം തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയമായ സര്‍വ്വേ. അതിനെ തുടര്‍ന്ന് ഭാഷാസ്വാധീനത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായ നൈപുണ്യ വികസന പരിപാടികള്‍ നടപ്പാക്കേണ്ടതായി വരും. സ്‌കൂളുകള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെയുള്ള ഔപചാരിക വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം വായനശാലകളും അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഒരു വിപുലമായ ഭാഷാനൈപുണ്യ പ്രസ്ഥാനം സംഘടിപ്പിക്കാന്‍ സാധിക്കും. പഞ്ചായത്തുകള്‍ തോറും ഭാഷാ ലബോറട്ടറികള്‍ സ്ഥാപിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാം. അതോടൊപ്പം ഇന്ത്യയിലെ ഇതര ഭാഷാസമൂഹങ്ങളോട് അര്‍ത്ഥവത്തായി സംവദിക്കാന്‍ സാധിക്കുന്ന ബഹുഭാഷാ സാംസ്‌കാരിക മിഷന് തുടക്കം കുറിക്കണം.
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും സമുദ്രാഭിമുഖ ഭാഷാസമൂഹമാണ് മലയാളികള്‍ എന്ന് കാണാം. കേരളത്തിലെ 14 ജില്ലകളില്‍ 9 ജില്ലകള്‍ക്കും കടല്‍തീരമുണ്ട്. കടലിനോട് ഇത്രയും അധികം അടുപ്പം കൊച്ചു ഗോവയും യൂണിയന്‍ ഭരണ ദ്വീപുകള്‍ക്കും മാത്രമേ ഉണ്ടാകൂ. ദൂരദേശങ്ങളുമായി ആളുകളുടെയും ആശയങ്ങളുടെയും വിപുലമായ കൈമാറ്റം എന്ന ഭൗതിക സാഹചര്യത്തിന്റെ ഫലമായിട്ടാണ് ഒരു സാര്‍വദേശീയ മനസ്സ് രൂപപ്പെടുത്താന്‍ വളരെ പണ്ടേ കേരളത്തിന് സാധിച്ചത് എന്ന് ഊഹിക്കാം. മലയാളനാട് സുദീര്‍ഘമായ ചരിത്രഘട്ടങ്ങളിലൂടെ സ്വാംശീകരിച്ച സാര്‍വദേശീയ ലോകവീക്ഷണം വിശാല കേരളീയ സമൂഹത്തിന് നല്‍കുന്ന ബൗദ്ധിക ബലം നിസ്സാരമല്ല. അതോടൊപ്പം സഹസ്രാബ്ദങ്ങളുടെ ഭാരത ഉപഭൂഖണ്ഡ സ്വാധീനവും കേരളത്തിന്റെ സാമൂഹ്യ ശരീരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തമിഴ്ഭാഷയുടെ അടിത്തറയില്‍ ഉറപ്പിച്ച സംസ്‌കൃതസമ്പന്നമായ ഭാഷ എന്ന സവിശേഷതയിലൂടെ മലയാളഭാഷ തന്നെ കേരളത്തിന്റെ 'അഖിലേന്ത്യാ ചരിത്ര പശ്ചാത്തലം' സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.
മേല്‍പറഞ്ഞ രണ്ട് ഘടകങ്ങളും കേരളത്തിന് സവിശേഷമായ ശക്തി നല്‍കുന്നതുപോലെ സുപ്രധാനമായ ഉത്തരവാദിത്തവും എല്‍പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയെ ഹിംസാത്മക സങ്കുചിതത്വങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ അനുവദിക്കാതെ സാര്‍വലൗകികമൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന ആധുനികതയായി ഇന്ത്യയെ രൂപപ്പെടുത്താന്‍ കേരളം അതിന്റെ പ്രത്യയശാസ്ത്ര സ്വാധീനമേഖല ഭാരതത്തിന്റെ ഇതരഭാഷാ സമൂഹങ്ങളിലേക്ക് വലിയ തോതില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കണം എന്നാണ് ചരിത്രം ആവശ്യപ്പെടുന്നത്. ഇന്നത്തെ ഇന്ത്യയില്‍ കേരളത്തിന്റെ നിലനില്‍പിനും അതാണ് വഴി എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു.
REPRESENTATIVE IMAGE | WIKI COMMONS
Reference
1. Aijaz Ahmad (2005), 'The Making of India', Social Scientist, Vol. 33, No. 11/12, pp. 3-13
2. Benoy Peter , Vishnu Narendran (2017) , 'God's Own Workforce: Unravelling Labour Migration to Kerala', Centre for Migration and Inclusive Development
3. Deepak Mercy Johnson (2016), 'Non-Resident Malayalis in India: Data Sources and Trends',National Seminar on Domestic Malayali Migrants, Mumbai-2016
4. Jajati Keshari Parida, K. Ravi (2021), 'A study on In-migration, Informal Employment and Urbanization in Kerala', Government of Kerala, Kerala
5. Zacharia, K. C. and Rajan, S. Irudaya (2015), 'Dynamics of Emigration and Remittances in Kerala: Results from the Kerala Migration Survey 2014', WP 463, Centre for Development Studies, September 2015.
6. Census of India - LANGUAGE ATLAS - INDIA, 1991,2001,2011
7. 'Why Hans't Kerala Been Modi-fied Yet?' John Abraham Answers