അദ്ധ്വാനം: വര്‍ത്തമാനവും, ഭാവിയും
PHOTO : PRASOON KIRAN
ഡോമിന്‍: നിന്റെ അഭിപ്രായത്തില്‍ ഏതു തരത്തിലുള്ള തൊഴിലാളിയാണ് ഏറ്റവും മികച്ച തൊഴിലാളി.
ഹെലേന: ഏറ്റവും മികച്ച തൊഴിലാളി? സത്യസന്ധനും, അര്‍പ്പണബോധമുള്ളവനുമായിരിക്കും ഏറ്റവും മികച്ച തൊഴിലാളി.
ഡോമിന്‍: അല്ല, ഏറ്റവും വില കുറഞ്ഞ തൊഴിലാളിയാണ് ഏറ്റവും മികച്ച തൊഴിലാളി. ഏറ്റവും കുറഞ്ഞ ആവശ്യങ്ങളുള്ള തൊഴിലാളിയാണ് യുവാവായ റോസ്സുമിന്റെ കണ്ടുപിടുത്തം. അങ്ങേയറ്റം ലളിതമായ നിലയില്‍ അതിനെ അയാള്‍ക്ക് നിര്‍മ്മിക്കേണ്ടിയിരുന്നു. അദ്ധ്വാനവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത എല്ലാറ്റിനെയും അയാള്‍ പുറന്തള്ളി. അതായത് മനുഷ്യനെ പുറന്തള്ളി റോബോട്ടിനെ പ്രതിഷ്ഠിച്ചു.
ചെക്ക് എഴുത്തുകാരനായ കാരല്‍ ക്യാപെകിന്റെ 'റോസ്സുമിന്റെ ആഗോള റോബോട്ടുകള്‍' എന്ന നാടകത്തിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍. (1) ലോകത്തിലെ ആദ്യത്തെ വിജയകരമായ തൊഴിലാളിവര്‍ഗ്ഗ വിപ്ലവം റഷ്യയില്‍ നടന്നതിനു ശേഷം കഷ്ടിച്ച് മൂന്നു വര്‍ഷം തികയുന്ന 1920 ല്‍ അരങ്ങിലെത്തിയ ഈ നാടകത്തിലാണ് റോബോട്ട് എന്ന പ്രയോഗത്തിന്റെ വേരുകളെന്നു വിലയിരുത്തപ്പെടുന്നു. ക്യാപെക്കിന്റെ നാടകത്തിലെ പോലെ അല്ലെങ്കിലും നാടകം അരങ്ങിലെത്തി 102 വര്‍ഷം പിന്നിടുമ്പോള്‍ അദ്ധ്വാനത്തിന്റെ മേഖലയില്‍ വിവേചന ബുദ്ധിയുള്ള യന്ത്രങ്ങളുടെ (Intelligent Machines) സാന്നിദ്ധ്യം ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. എന്നു മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുകയും, ബാധിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന പ്രക്രിയകളില്‍ വിവേചന ബുദ്ധിയുള്ള യന്ത്രങ്ങളുടെ വിന്യാസം ഇതുവരെ പരിചിതമായിരുന്ന അദ്ധ്വാനത്തിന്റെ മേഖലകള്‍ ഒന്നാകെ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകള്‍ ദിവസേന പെരുകുന്നു.
AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, IOT അഥവാ ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ഡ്രൈവറില്ലാത്ത കാറുകള്‍, ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വിതരണം ചെയ്യുന്ന ഡ്രോണുകള്‍ മുതല്‍ വക്കീലും, ഡോക്ടറുമെല്ലാം കാലഹരണപ്പെടുന്ന ടെക്‌നോ യൂട്യോപ്യകളുടെ (ഡിസ്റ്റോപ്യ?) മൂര്‍ദ്ധന്യത്തില്‍ അദ്ധ്വാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ഏതു ഭാഷയിലാവും എഴുതാനാവുക? 'വിചാരിക്കുന്നതിലും വേഗതയില്‍ നിങ്ങളുടെ തൊഴിലുകള്‍ നഷ്ടമാവും' എന്ന തലക്കെട്ടിലുള്ള 2017 ലെ ഒരു ലേഖനത്തില്‍ കെവിന്‍ ഡ്രമിന്റെ വിലയിരുത്തല്‍ ഇതായിരുന്നു. 'നമ്മളുടെ ജോലികള്‍ കുറഞ്ഞപക്ഷം നമ്മള്‍ ചെയ്യുന്നത്ര കാര്യക്ഷമതയോടെ ചെയ്യുന്നതിന് പുറമെ ഇന്റലിജന്റ് റോബോട്ടുകള്‍ മനുഷ്യരേക്കാള്‍ വേഗതയും, വിശ്വസനീയതയും കുറഞ്ഞ ചെലവില്‍ പ്രദാനം ചെയ്യുന്നു. ആഴ്ചയില്‍ 168 മണിക്കൂര്‍ അവ പണിയെടുക്കും. 40 മണിക്കൂറല്ല. ബുദ്ധിയുള്ള ഒരു ക്യാപിറ്റലിസ്റ്റും ഇനി മനുഷ്യരെ ജോലിക്കെടുക്കില്ല'. 2017 കഴിഞ്ഞിട്ട് കൊല്ലം നാലു കഴിഞ്ഞുവെങ്കിലും ഡ്രം പറഞ്ഞതുപോലുള്ള ആപത്ത് യാഥാര്‍ത്ഥ്യമാവുന്നതിന്റെ സൂചനകള്‍ വ്യക്തമായി ഇനിയും തെളിഞ്ഞിട്ടില്ല.
സാങ്കേതിക വിദ്യ അദ്ധ്വാനത്തെ കാലഹരണപ്പെടുത്തുമെന്ന മുന്നറിയിപ്പുകള്‍ പോലെ ടെക്‌നോളജി സ്വന്തം നിലയില്‍ പറുദീസകള്‍ സൃഷ്ടിക്കുമെന്ന വീക്ഷണങ്ങളും പുതുതല്ല. വ്യവസായ വിപ്ലവത്തിന്റെ കാലം മുതല്‍ അത്തരത്തിലുള്ള ആഖ്യാനങ്ങള്‍ കാണാനാവും. നിലവിലുള്ള സാമ്പത്തിക ക്രമം, വിപണി, ഉല്‍പ്പന്ന ശൃംഖലകള്‍, ഒരോരോ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട വൈദഗ്ധ്യം തുടങ്ങിയ നിരവധി ഘടകങ്ങളെ പറ്റിയുള്ള ഗുണദോഷ വിചാരങ്ങള്‍ക്കു ശേഷമാവും സാങ്കേതിക വിദ്യകളുടെ വിന്യാസത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പലപ്പോഴും കൈക്കൊള്ളുക. ഒരു നിര്‍ദ്ദിഷ്ട ഉല്‍പ്പാദനക്രമത്തിന്റെ സമൂല പരിവര്‍ത്തനത്തിന് പകരം അതുമായി ബന്ധപ്പെട്ട ചില സവിശേഷ പ്രക്രിയകളാവും പലപ്പോഴും മാറ്റത്തിന് വിധേയമാവുക. അത്തരത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള ഉല്‍പ്പന്ന ശൃംഖലകളുടെ കഴിവും, സന്നദ്ധതയും തല്‍ഫലമായുണ്ടാവുന്ന നേട്ടങ്ങളുമെല്ലാം വിലയിരുത്തിയാവും സാങ്കേതിക വിദ്യകളുടെ വിന്യാസം സംഭവിക്കുക. ഓട്ടോമേഷനെ കുറിച്ചുള്ള അമിതമായ ഉത്ക്കണ്ഠകള്‍ പോലെ അമിത പ്രതീക്ഷകളും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. AI, IOT, ഇന്‍ഡസ്ട്രി 4.0 തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന സാധ്യതകളെക്കുറിച്ചുള്ള അവകാശവാദങ്ങളും ആ മേഖലകളില്‍ സംഭവിക്കുന്ന മൂലധന നിക്ഷേപവും തമ്മിലുള്ള കോറിലേഷന്റെ പരിശോധന കുറച്ചുകൂടി വ്യക്തതയോടെ ഈ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കുവാന്‍ സഹായിക്കും.
അദ്ധ്വാനശക്തിയുടെ വിനിയോഗത്തിന്റെ വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ കൈവരുത്തുന്ന ദൂരവ്യാപകങ്ങളായ മാറ്റങ്ങളെ കുറിച്ചുള്ള വ്യാകുലതകളോടൊപ്പം, ഒരുപക്ഷെ, അതിനേക്കാള്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ് അദ്ധ്വാനിക്കുന്നവരുടെ അല്ലെങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഭൗതിക സാഹചര്യങ്ങള്‍. സാങ്കേതികവിദ്യകള്‍ ഉല്‍പ്പാദനക്ഷമത പതിന്മടങ്ങ് ഉയര്‍ത്തുന്നതിന് സഹായിച്ചുവെങ്കിലും ലോകമാകെ തൊഴിലാളികളുടെ അദ്ധ്വാനഭാരം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. അദ്ധ്വാന സമയം, കുറഞ്ഞ വേതനം, തൊഴില്‍ സുരക്ഷയില്ലായ്മ, പെന്‍ഷനും മറ്റുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളുടെയും അഭാവം, ലിംഗ-വംശീയ വിവേചനങ്ങള്‍, സംഘടന സ്വാതന്ത്ര്യത്തിന്റെ നിഷേധം തുടങ്ങിയവ തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളുടെ പ്രകടിതരൂപമായി ലോകമാകെ കാണപ്പെടുന്നു. സാങ്കേതികവിദ്യകളുടെ വികാസം പലപ്പോഴും തൊഴിലാളി ചൂഷണത്തിനുള്ള പ്രേരണയായി മാറുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഷിക്കാഗോയിലെ തെരുവുകളില്‍ സ്വന്തം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 1886 മെയ് ഒന്നിന് പ്രകടനം നടത്തുവാന്‍ നിര്‍ബന്ധിതമായ സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളില്‍ 136 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഗണ്യമായ മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് അമേരിക്കയിലെ Economic Policy Institute മെയ് ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ഉയരുന്ന അസമത്വം, സാമ്പത്തികസുരക്ഷ ഏറ്റവും കുറഞ്ഞ വിഭാഗത്തില്‍ പെടുന്നവരെ ബാധിക്കുന്ന സാമ്പത്തിക തകര്‍ച്ചകള്‍, പരദേശി വിദ്വേഷം, ജീവിതം തള്ളി നീക്കാന്‍ മാത്രം പര്യാപ്തമായ കുറഞ്ഞ വേതനം, കോര്‍പറേറ്റുകളുടെ പക്കല്‍ കുമിഞ്ഞു കൂടുന്ന സമ്പത്ത് എന്നിവ 19-ാം നൂറ്റാണ്ടിലെ സാഹചര്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പ്പുകളില്‍ വന്ന വര്‍ദ്ധന ഗുണപരമായ മാറ്റമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍ ഓര്‍മ്മിപ്പിക്കുന്നു. കൊറോണക്കാലത്തെ അടച്ചുപൂട്ടലിന് ശേഷം അമേരിക്കയില്‍ സ്ഥിതിഗതികള്‍ സാധാരണനിലയില്‍ എത്തിയപ്പോല്‍ സംഭവിച്ച രാജിവെക്കലുകള്‍ തൊഴിലാളികളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അസംതൃപ്തിയുടെ ലക്ഷണമാണെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയിലെ സ്ഥിതിയും ഇന്ത്യൻ അവസ്ഥയും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നു വിണ്ടുകീറിയ കാല്‍പ്പാദങ്ങളുമായി മൈലുകള്‍ താണ്ടുവാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ ദുര്യോഗം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും നിത്യജീവിതത്തില്‍ കാലങ്ങളായി അനുഭവിക്കുന്ന കെടുതികള്‍ പൊതുബോധത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഒരു മുന്നറിയിപ്പുമില്ലാതെയുള്ള അടച്ചുപൂട്ടല്‍ സൃഷ്ടിച്ച ദുരന്തം ഓര്‍മ്മയില്‍ പോലും വരാതെ ഒടുങ്ങുന്ന സ്ഥിതി. ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ 95 ശതമാനവും അസംഘടിത മേഖലയുടെ പരിധിയില്‍ വരുന്നതാണ്. അസംഘടിത മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വം ഏതാണ്ട് അന്യമാണ്. പരിമിതമായ നിലയിലെങ്കിലും നിലനിന്നിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയും, ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന പരിഷ്‌ക്കരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മൂലധനത്തിന്റെ സ്വൈര്യവിഹാരം ഉറപ്പുവരുത്തുന്നതിന് പുറമെ മൂലധനശക്തികളുടെ താല്‍പ്പര്യ സംരക്ഷണം മാത്രം മുന്‍ഗണന നല്‍കലാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കുന്ന നിയമനിര്‍മ്മാണങ്ങളും, നികുതി നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ കാലങ്ങളായി കൈക്കൊള്ളുന്നു. 1991 ലെ നവലിബറല്‍ നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഈ വീക്ഷണം ഇപ്പോള്‍ ആക്രമണോത്സുകമായ നിലയില്‍ നടപ്പിലാക്കപ്പെടുന്നു.
ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ജീവിതത്തെ കഷ്ടത്തിലാക്കുന്ന നയങ്ങള്‍ക്കൊപ്പം സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടും അതിന് ഉത്തരവാദികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നോ-രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന പ്രതീകാന്മക സമരങ്ങള്‍ക്കപ്പുറം തൊഴിലാളി വിരുദ്ധമായ നടപടികള്‍ പിന്‍വലിപ്പിക്കുവാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കുന്ന പ്രക്ഷോഭ-സമര പരിപാടികള്‍ എന്തുകൊണ്ട് സംഘടിപ്പിക്കാനാവുന്നില്ലെന്ന ചോദ്യം അവഗണിക്കാവുന്നതല്ല. പൊതു-സ്വകാര്യ മേഖലകളിലെ ചില പരമ്പരാഗത വ്യവസായങ്ങളിലും, ബാങ്കിംഗ്, റെയില്‍, ഗതാഗതം പോലുള്ള സേവന മേഖലകളിലും മാത്രമായി ഇന്ത്യയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനം ചുരുങ്ങുകയും പുതുതായി രൂപം കൊണ്ട ഐ.ടി വ്യവസായമടക്കമുള്ള സേവനമേഖലകള്‍ ഇപ്പോഴും യൂണിയനുകള്‍ക്ക് അപ്രാപ്യമായ ഇടങ്ങളായി തുടരുകയും ചെയ്യുന്ന സാഹചര്യവും ഗഹനമായ പരിശോധനയര്‍ഹിക്കുന്നു.
സാങ്കേതിക വിദ്യകളും അവയുടെ മാസ്മരിക ലോകവും ഏറിയ പങ്കും കേട്ടറിവുകളും, ചില ഉപകരണങ്ങളും (Gadgets) മാത്രമായി അനുഭവേദ്യമാവുന്ന ഇന്ത്യയും കേരളവുമടക്കമുള്ള മൂന്നാംലോക പ്രവിശ്യയിലെ പ്രജകളെ സംബന്ധിച്ചിടത്തോളം അദ്ധ്വാനം കാലഹരണപ്പെടുന്ന സാങ്കേതിക വിദ്യകളെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ ഏതു തരത്തിലാവും ഉള്‍ക്കൊള്ളാനാവുക. സാങ്കേതികവിദ്യ കാലഹരണപ്പെടുത്തുന്ന തൊഴിലിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണോ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനമെങ്കിലും ലഭിക്കുമെന്ന ഉറപ്പിനാണോ ശരാശരി ഇന്ത്യന്‍ തൊഴിലാളി മുന്‍ഗണന നല്‍കുക? കേരളത്തിലെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം വരുന്ന ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പോലും സ്വന്തമായി ഇതുവരെ വികസിപ്പിക്കുവാന്‍ കഴിയാത്ത സാമൂഹ്യപരിസരത്തിലാണ് AI യും, IOT യും ഇന്‍ഡസ്ട്രി 4.0-യും പോലുള്ള പദാവലികള്‍ നമ്മുടെ ഭാഷയുടെ ഭാഗമാവുന്നതെന്ന വൈരുദ്ധ്യത്തെ എങ്ങനെയാണ് അഭിമുഖീകരിയ്ക്കുക?
പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള വിപത്തായി കാലാവസ്ഥ വ്യതിയാനം മാറുമെന്ന നിഗമനങ്ങള്‍ അദ്ധ്വാനവും, മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തെയും സംഘര്‍ഷത്തെയും ഏതു നിലയിലാണ് സ്വാധീനിക്കുക. മൂലധനത്തിന്റെ ഒടുങ്ങാത്ത ലാഭേച്ഛയാണ് ആപത്തിന്റെ ഈ നിമിഷത്തിന്റെ ഉത്തരവാദിയെന്ന ബോധ്യം അദ്ധ്വാനശക്തി മാത്രം കൈമുതലായുള്ള മനുഷ്യര്‍ ഏതു നിലയിലാവും തിരിച്ചറിയപ്പെടുകയെന്നതിന് ആശ്രയിച്ചാവും അദ്ധ്വാനത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുക.
1: Marx and Robots: Edited by Sabine Nuss & Florian Butol