ഓസ്‌കാറിൽ മുത്തമിട്ട് കീരവാണി
ഗോൾഡൻ ഗ്ലോബ് നേട്ടത്തിനൊപ്പം ഓസ്‌കാറിലും മുത്തമിട്ടിരിക്കുകയാണ് സംഗീത സംവിധായകൻ എം എം കീരവാണി. അദ്ദേഹത്തിന്റെ പേരുകൾ പാട്ടുകൾ പോലെ തന്നെ വ്യത്യസ്തമാണ്. മരഗതമണി, കീരവാണി എംഎം ക്രീം എന്നിങ്ങനെ മൂന്ന് പേരുകളിലാണ് അദ്ദേഹം സംഗീതപ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റുകളൊരുക്കിയ സംഗീതസംവിധായകന് തന്റെ പാട്ടുവഴിയിലൂടെ ലഭിച്ച പേരുകളാണിവയെല്ലാം.
കൊഡൂരി മരഗതമണി എന്ന കുടുംബപ്പേരിൽ നിന്നാണ് പേരിന്റെ ഉത്ഭവം. എന്നാൽ, കവിയും സംഗീതഞ്ജനുമായ അച്ഛന്റെ ഇഷ്ട രാഗത്തിന്റെ പേരിൽ മകൻ അറിയപ്പെടണമെന്ന മോഹത്തിൽ മരഗതമണി എന്ന പാരമ്പര്യനാമം കീരവാണി എന്ന പേരിന് വഴിമാറി. തെലുങ്കിൽ ആദ്യകാല സിനിമകൾ ചെയ്തതും അതേ പേരിൽ തന്നെയാണ്.
എന്നാൽ തമിഴ് സിനിമയിലെ പ്രവർത്തനകാലത്ത് കീരവാണിയെന്ന പേര് മാറി വീണ്ടും മരഗതമണിയായി. തമിഴകത്തുനിന്ന് ബോളിവുഡിലെത്തിയപ്പോൾ കീരവാണി, എംഎം ക്രീം ആയും അറിയപ്പെട്ടു.
കീരവാണി എന്ന പേരിൽ മലയാള സിനിമയിലും അദ്ദേഹം പാട്ടുകൾ ചിട്ടപ്പെടുത്തി. ദേവരാഗത്തിലെ ശിശിരകാല മേഘമിഥുനം, ശശികല ചാർത്തിയ ദീപാവലയം, സൂര്യമാനസത്തിലെ തരളിതരാവിൽ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ എന്നും മനസിൽ മൂളുന്ന പാട്ടുകളാണ്.