
കസ്റ്റഡി മര്‍ദനം പൊലീസിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി
കസ്റ്റഡിയില്‍ എടുത്തയാളെ മര്‍ദിക്കുന്നത് പൊലീസിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡി മര്‍ദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
പോലീസ് ഉദ്യോഗസ്ഥന്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. പൊതു ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ 1977-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ആനുകൂല്യവും കുറ്റാരോപിതനായ പോലീസുകാരന് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2008 ല്‍ സ്ത്രീയെ ആക്ഷേപിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ നിലമ്പൂര്‍ എസ്ഐ സി അലവി സ്റ്റേഷനില്‍ വെച്ച് അസഭ്യം പറയുകയും തല ഭിത്തിയില്‍ ഇടിക്കുകയും വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്ത കേസിനെ തുടര്‍ന്നായിരുന്നു ഹര്‍ജി.