
വിദ്യാഭ്യാസ വകുപ്പ് നിര്‍ത്തലാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍നിന്നും നിശിതമായ വിമര്‍ശനമേറ്റിട്ടും വിദ്യാഭ്യാസത്തിനായുള്ള ഫെഡറല്‍ വകുപ്പ് പടിപടിയായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. കണ്‍സര്‍വേറ്റീവുകളുടെ ദീര്‍ഘകാലമായുള്ള വാഗ്ദാനം ആണിത്.
ഇനി വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക ബോര്‍ഡുകള്‍ക്കും മാത്രമാകും. വ്യാഴാഴ്ച്ച ഒപ്പുവച്ച ഉത്തരവ് വകുപ്പിനെ ഇല്ലാതാക്കാനുള്ള നടപടിക്രമങ്ങളുടെ ആദ്യ പടിയാണെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ ഏജന്‍സിയെ പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് കോണ്‍ഗ്രസില്‍ നിയമം പാസാക്കണം. നിയമം പാസാക്കാനുള്ള വോട്ടുകള്‍ ട്രംപിനില്ല.
വിദ്യാഭ്യാസത്തെ സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഉത്തരവില്‍ ഒപ്പിടുന്ന ചടങ്ങില്‍ ട്രംപ് വിദ്യാര്‍ത്ഥികളേയും ക്ഷണിച്ചിരുന്നു. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ ഈ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു. ഫെഡറല്‍ വിദ്യാഭ്യാസ സംവിധാനം കാര്യക്ഷമമല്ലെന്നാണ് ട്രംപ് കരുതുന്നത്.
ട്രംപിന്റെ നടപടി സ്വകാര്യ, മത സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളെ സഹായിക്കുന്നതാണ്. വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക നിയന്ത്രണമാണ് കണ്‍സര്‍വേറ്റീവുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. എന്നാല്‍ ഇടത് ചായ്‌വുള്ളവര്‍ പൊതുവിദ്യാഭ്യാസത്തെ അനുകൂലിക്കുന്നു.