TMJ
searchnav-menu
post-thumbnail

Outlook

പെൺജാതി സംഗീതം

18 Aug 2021   |   1 min Read
രേണുക അരുൺ

രേണുക അരുണ്‍

ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം

"യാഴ് കൂട്ടും ഇസൈയിലെ
വരിഗൾ നീ ശ്രുതിയും നീയേ
എൻ ഈശൻ തന്ത വരികളിൻ
മുഗങ്കൾ പല നൂറാ"


ചിലപ്പതികാരത്തിലെ മാധവിയെ കുറിച്ചാണീ വരികൾ.  അടുത്തിടെ ഞാൻ സംഗീതം നൽകിയ  മാധവി എന്ന സ്വതന്ത്ര ആല്ബത്തിലേതാണ് ഈ ഗാനം. ചിലപ്പതികാരത്തിന്റെ വ്യാഖ്യാനത്തിൽ ഇരുപത്തിയൊന്ന് കമ്പികളുള്ള പെരിയ യാഴ് എന്ന സംഗീതോപകരണം അനായാസം കൈകാര്യം ചെയ്ത മാധവിയെ പറ്റി പറയുന്നുണ്ട്. യാഴ് വായന അത്യധികം ദുഷ്കരം ആയിരിക്കെ, ശ്രുതിഭേദം പോലെയുള്ള അതിസങ്കീർണ സങ്കേതങ്ങൾ മാധവി തന്റെ യാഴിൽ വിദഗ്ധമായും ലാഘവത്തോടെയും പ്രയോഗിച്ചു. പതിവ് വായനകളുടെ വഴിയിൽ നിന്നും മാറി തന്മയീഭാവത്തോടെ മാധവിയെ സമീപിയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈയറിവാണ്. മാധവിയുടെ കഥ വെറും പുരാവൃത്തമല്ല, ആണിനേക്കാൾ ശ്രേഷ്ഠമായ കലാനിപുണത കൈവരിച്ച പെൺജാതി സംഗീതത്തിന്റെ പ്രതീകം. ആൺമേൽക്കോയ്മയും സ്പർദ്ധയും സൃഷ്ടിയ്ക്കുന്ന നിരന്തര പ്രതിബന്ധങ്ങളല്ലേ സംഗീതത്തിലെ സങ്കീർണ സങ്കേതങ്ങളിലും കഠിനം?

നൂറ്റാണ്ടുകൾക്കിപ്പുറം യാഴ് എന്ന സംഗീതോപകരണം അപ്രത്യക്ഷമായി. തന്ത്രി വാദ്യങ്ങളിൽ സവിശേഷം സ്‌ഥാനം പിന്നീട് ലഭിയ്ക്കുന്നത് വീണയ്ക്കാണ് . കർണാടക സംഗീതത്രയത്തിലാരംഭിയ്ക്കുന്ന സംഗീതപരമ്പരയിൽപ്പെട്ട സംഗീതജ്ഞയാണ് വീണ ധനമ്മാൾ. സുബ്ബരായ ശാസ്ത്രിയുടെ (ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രി എന്നിവർ ചേരുന്നതാണല്ലോ സംഗീത ത്രയം. ശ്യാമശാസ്ത്രികളുടെ മകനാണ് സുബ്ബരായശാസ്ത്രി) നേരിട്ടുള്ള ശിഷ്യയായിരുന്നു ധനമ്മാളിന്റെ അമ്മമ്മ തഞ്ചാവൂർ കാമാക്ഷി. തഞ്ചാവൂർ കാമാക്ഷിയുടെ മറ്റൊരു ഗുരുവായിരുന്ന സാത്തനൂർ പഞ്ചുഅയ്യർ മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യനും. വീണ ശേഷണ്ണയെ പോലെയുള്ള വൈണികർ, പുരുഷന്മാർ അടക്കി വാണിരുന്ന മേഖല. അവിടെയാണ് ധനമ്മാൾ തന്റെ വൈഭവം, ജ്ഞാനം എന്നിവയാൽ സർവ്വരാലും ബഹുമാന്യയായത്. പൊതുസമൂഹത്തിൽ സ്ത്രീകൾ അതും കലാകാരികൾ വളരെ വിഭിന്നമായ ജീവിതം പുലർത്തിയിരുന്ന കാലമായിരുന്നല്ലോ അത്. അന്നത്തെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം ആലോചിക്കുമ്പോൾ വീണ ധനമ്മാളിന് ലഭിച്ച സ്വീകാര്യതയും അംഗീകാരങ്ങളും അവരുടെ യോഗ്യതയുടെ അടയാളമാണ്.

യാഴ്

പഴയ മദ്രാസ് പട്ടണത്തിലെ ജോർജ്ജ് ടൗണിലെ വീട്ടിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദുഷി വീണ ധനമ്മാൾ വീണക്കച്ചേരി അവതരിപ്പിച്ചിരുന്നു. ആ പാട്ടുവീട്ടിലെ അകത്തളത്തിൽ കഷ്ടി മുപ്പത് പേർക്ക് ഇരിയ്ക്കുവാനാകും. മൂന്ന് മണിയ്ക്ക് തന്നെ ആസ്വാദകർ അവിടെ ഇടം പിടിച്ചു. അക്കാലത്ത് കലാകാരന്മാരുടെ രക്ഷാധികാരികളും ആശ്രയവുമായിരുന്നത് സമ്പന്നരായ മുതലാളിമാരായിരുന്നു. അധികാരബലമുള്ള മുതലാളിമാർ മുതൽ പാവപ്പെട്ട റിക്ഷാ തൊഴിലാളി വരെ വെള്ളിയാഴ്ച്ചകളിൽ ആറ്‌ മണിയ്ക്കായി കാത്തിരുന്നു. പതിവുകാർ സ്വയം വിശേഷിപ്പിച്ചത് തങ്ങൾ വെള്ളിയാഴ്ച്ച തീർഥാടകരാണെന്നും.

പെൺജാതി സംഗീതമാവുന്ന ചങ്ങലയിലെ കണ്ണികൾ. ബാംഗ്ലൂർ നാഗരത്നമ്മ സഹിച്ച യാതനകളും അവഹേളനങ്ങളുടെയും ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഞാനുൾപ്പെടുന്ന പുതുകാലത്തെ പാട്ടുകാരും. ഇന്നിന്റെ ഇന്ത്യയിൽ പാട്ടുകാരികളെല്ലാം ബഹുമാന്യരാണ്, പാട്ട് ഉദാത്തമായ കലയാണ്, ദൈവിക സിദ്ധിയാണ് ഞങ്ങളുടെ കല എന്നും ഞങ്ങൾ പ്രകീർത്തിക്കപ്പെടുന്നു.


കച്ചേരിയാരംഭം മുതൽ പരിപൂർണ്ണ നിശബ്ദത 'അമ്മയ്ക്ക്' നിർബന്ധമാണ്. വീണയ്‌ക്കൊപ്പം മൃദുവായ ശബ്ദത്തിൽ കൂടെ പാടുകയും ചെയ്തിരുന്ന അസാധാരണ സംഗീതജ്ഞയായിരുന്നു ധനമ്മാൾ. വീണ വായിച്ചു കൊണ്ട് പാടുന്നത് അതീവ ക്ലേശകരമാണ്. അതിനായി അവർ സ്വയം സൃഷ്ടിച്ച സാങ്കേതിക പദ്ധതി തന്നെയുണ്ട്. Plucking നായി ലോഹനിർമ്മിതമായ 'മീട്ടുക്കരുവി' (Plectrum  )അവർ ഉപയോഗിച്ചില്ല. നീട്ടിവളർത്തിയ നഖത്തിന്റെ സഹായത്തോടെ മീട്ടിയതുമില്ല. കൈവിരലിലെ ദശ തന്നെയായി ധനമ്മാളിന്റെ മീട്ടുക്കരുവി. വൈണികരെല്ലാം സാധാരണ ഉപയോഗിക്കുന്ന വശങ്ങളിലെ താളതന്ത്രികൾ (Rythmic  Strumming) അവർ ശ്രുതിയ്ക്കായുള്ള തന്ത്രികൾ മാത്രമായി ഉപയോഗിച്ചു. വീണവായനയ്‌ക്കൊപ്പം  ആലാപനത്തിലെ സൂക്ഷ്മേഭേദങ്ങളും കൃത്യതയോടെ അവതരിപ്പിക്കുകയെന്നത് അപൂർവ്വവും വിശിഷ്ടവുമായ വൈഭവമാണ്. ഇടയ്ക്ക് ആരെങ്കിലും സംസാരിച്ചാൽ 'യാര് അന്ത ജ്ഞാനശൂന്യൻ ' എന്ന് പതിഞ്ഞ ശബ്ദത്തിൽ തന്നെ അവർ ശകാരിച്ചു. ജോർജ് ടൗൺ കത്തീഡ്രലിൽ എട്ട് മണി മുഴങ്ങുമ്പോൾ കച്ചേരി അവസാനിക്കും. അക്കാലത്തെ നിരവധി ഹിന്ദുസ്‌ഥാനി സംഗീതജ്ഞരുടെ കച്ചേരിക്ക് ആതിഥ്യം വഹിയ്ക്കുവാനും ധനമ്മാൾ ഉത്സാഹിച്ചു. ധനമ്മാളിന്റെ വീണക്കച്ചേരിയിൽ ആകർഷിക്കപ്പെട്ട ഉന്നത പദവിയിലുള്ള വ്യക്തികൾ പണവും മറ്റു ദ്രവ്യങ്ങളും അവർക്ക് സമ്മാനിക്കുക പതിവായിരുന്നു. മറ്റു സംഗീതജ്ഞരുടെ കച്ചേരി സംഘടിപ്പിക്കുന്നതിലും അവർക്ക് ആതിഥേയയാവുന്നതിലും സന്തോഷിച്ചിരുന്ന ധനമ്മാൾ സമ്മാനത്തുകയും മറ്റും അങ്ങനെ ചിലവഴിച്ചു.

പഴയ 78 rpm റെക്കോഡുകളിൽ അപൂർവ്വമായി ആലേഖനം ചെയ്യപ്പെട്ട ധനമ്മാളിന്റെ വീണവായന ഇപ്പോൾ യൂട്യൂബിൽ നമുക്ക് കേൾക്കുവാനാകും. ഒരു സംഗീതവിദ്യാർഥിയെന്ന നിലയിൽ ഞാൻ അമ്പരന്ന് പോയതും അത് കേട്ടപ്പോഴാണ്. ഇത്രയും പരിപൂർണ്ണത ഒരു തന്ത്രിവാദ്യത്തിൽ സാധ്യമാവുമോ! ആ സംഗീതത്തിൽ ഭ്രമിച്ചു പോയവർ നിരവധി പാരിതോഷികങ്ങൾ ധനമ്മാളിന് സമർപ്പിച്ചതിൽ എനിയ്ക്കതിശയമില്ല.

വീണ ധനമ്മാൾ

കർണാടകസംഗീതത്തിന്റെയും, ഒപ്പം ഭരതനാട്യത്തിന്റെയും  യഥാർത്ഥ പരിപാലകർ തന്നെയായിരുന്നു ആ തഞ്ചാവൂർ കലാകുടുംബം. ധനമ്മാളിന്റെ പേരമക്കളായ ടീ ബൃന്ദ ടീ മുക്ത സഹോദരിമാർ ,നർത്തകി ബാലസരസ്വതി എന്നിവർ പകരം വെയ്ക്കുവാനില്ലാത്ത കലാകാരികൾ എന്ന് നിസ്സംശയം പറയാം. ഒരു നർത്തകിയ്‌ക്ക് മദ്രാസ് മ്യൂസിക് അക്കാഡമിയുടെ സംഗീതകലാനിധി പുരസ്‌കാരം ആദ്യമായി ലഭിയ്ക്കുന്നത് ബാലസരസ്വതിയിലൂടെയാണ്. ടീ ബൃന്ദ സംഗീതജ്ഞരുടെ സംഗീതജ്ഞയായിരുന്നു. കർണാടക സംഗീതകുലപതികളിൽ നിന്നും നേരിട്ടേറ്റു വാങ്ങിയ സംഗീതമാണ് കുടുംബസ്വത്തായി അവർ കൈമാറ്റം ചെയ്‌തുപോന്നത്. എണ്ണമറ്റ കൃതികൾക്കൊപ്പം തന്നെ പദം , ജാവളി , ശ്ലോകങ്ങൾ , രാഗം താനം പല്ലവികൾ എന്നിവ ധനമ്മളിന്റെ ശേഷക്കാർ സ്വീകരിയ്ക്കുകയും പൊലിമ ചോരാതെ സൂക്ഷിക്കുകയും ചെയ്‌തു. ടീ ബൃന്ദയുടെ പുത്രി വേഗവാഹിനി , മറ്റു ശിഷ്യർ എന്നിവരിലൂടെ തഞ്ചാവൂർ ബാണി ഇന്നും നിലനിൽക്കുന്നുണ്ട്.

വീണ ധനമ്മാളിന്റെ സമകാലീനയായ ബാംഗ്ലൂർ നഗരത്നമ്മയെ പറ്റി പറയാതെ പെൺജാതി സംഗീതം എങ്ങനെ പൂർത്തിയാക്കും ?  ധനമ്മാൾ, കാഞ്ചീപുരം ധനകോടി അമ്മാൾ, ബാംഗ്ലൂർ നാഗരത്നമ്മ തുടങ്ങിയവരുടെ ജീവിതം വെറും പാട്ട് മാത്രമായിരുന്നില്ല. ജീവിതസമരമെന്ന വിശേഷണം  ഏറ്റവും അനുയോജ്യമാവുന്നത് നാഗരത്നമ്മയുടെ ജീവിതകഥയ്ക്കാണ്. തിരുവയ്യാറിൽ ഇന്ന് കാണുന്ന ത്യാഗരാജസ്മാരകം പണിയുവാനായി ജീവിതം സമർപ്പിക്കുകയായിരുന്നു നാഗരത്നമ്മ. സ്വത്തും സമയവും മുഴുവനും അതിലേയ്ക്കായി നീക്കിവെച്ചു. അന്ന് വരെ സ്ത്രീകൾക്ക് പ്രവേശനം നൽകാത്ത തിരുവയ്യാർ സംഗീതോത്സവത്തിൽ സ്ത്രീ സംഗീതജ്ഞർക്കുള്ള വിലക്ക് മാറ്റാൻ കോടതി വഴി പ്രയത്നിച്ചത് നാഗരത്നമ്മയാണ്, ഒടുവിൽ ആ  പോരാട്ടം വിജയം കണ്ടു. ഈ പറഞ്ഞ ഗായികമാരെല്ലാവരും 'ദേവദാസി' എന്ന തൊഴിൽ സമൂഹത്തിൽപ്പെട്ടവരാണ്. പാട്ടും ആട്ടവും കൊട്ടും തൊഴിലാക്കിയവർ. ചിലപ്പതികാരത്തിലെ മാധവി മുതൽ തഞ്ചാവൂർ വീണ ധനമ്മാൾ വരെ ആട്ടവും പാട്ടും ജീവിതമാക്കിയവരാണ്. പെൺജാതി സംഗീതമാവുന്ന ചങ്ങലയിലെ കണ്ണികൾ. ബാംഗ്ലൂർ നാഗരത്നമ്മ സഹിച്ച യാതനകളും അവഹേളനങ്ങളുടെയും ഗുണഫലങ്ങൾ അനുഭവിക്കുന്നത് ഞാനുൾപ്പെടുന്ന പുതുകാലത്തെ പാട്ടുകാരും. ഇന്നിന്റെ ഇന്ത്യയിൽ പാട്ടുകാരികളെല്ലാം ബഹുമാന്യരാണ്, പാട്ട് ഉദാത്തമായ കലയാണ്, ദൈവിക സിദ്ധിയാണ് ഞങ്ങളുടെ കല എന്നും ഞങ്ങൾ പ്രകീർത്തിക്കപ്പെടുന്നു.  

ബാംഗ്ലൂർ നാഗരത്നമ്മ


നാല് പെണ്ണുങ്ങൾ

My skin is black
My arms are long
Strong enough to take the pain
inflicted again and again
What do they call me
My name is AUNT SARAH
What do they call me
My name is SAFFRONIA
What do they call me
My name is SWEET THING
What do they call me
My name is SWEET THING
What do they call me
My name is PEACHES

വെളുപ്പിലും മീതെ തന്നെ അല്ലെ കറുപ്പിന്റെ കരുത്ത് എന്ന് കവി വരികളിൽ ഒളിപ്പിക്കുന്നുണ്ട്. ഫോർ വിമൻ എന്ന പാട്ടിലാകട്ടെ കറുത്ത ഹാസ്യം മികവോടെ മിഴിഞ്ഞു നിൽക്കുന്നു. ദേവദാസി സമൂഹത്തിൽ നിന്നും സംഗീതവുമായി വന്ന നമ്മുടെ ഗായികമാരും കറുത്ത സംഗീതത്തിലെ കടുംനിറങ്ങൾ തന്നെയല്ലേ?

നീന സിമോൺ

നീന സിമോൺ എന്ന കറുത്ത വർഗ്ഗകാരിയായ ഗായികയുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ് 'Four Women'. ആഫ്രിക്കൻ വംശജരായ നാല് പെണ്ണുങ്ങളെ കുറിച്ചുള്ള പാട്ട്. ആന്റി സാറാ എന്ന അടിമ ഇന്ന് വൃദ്ധ ആയി കഴിഞ്ഞു. സഫ്രോണിയ എന്ന കഥാപത്രത്തിനാകട്ടെ തന്റെ വംശം കറുപ്പോ വെളുപ്പോ എന്ന് സംശയം ആണ്. വെളുത്തവനാൽ ബലാൽസംഗം ചെയ്യപ്പെട്ട കറുത്ത വർഗക്കാരി അമ്മയ്ക്ക്  ജനിച്ച മകൾ. കറുപ്പിനും വെളുപ്പിനും മദ്ധ്യേ എവിടെയോ നിൽക്കുന്ന ഒരുത്തി. 'സ്വീറ്റ് തിങ്' എന്നത് ആ വേശ്യയെ ഇടപാടുകാർ വിളിക്കുന്ന പേര്. അവൾക്കു പേര് പോലുമില്ല. പീച്ചസ് ആകട്ടെ അടിമകളുടെ മകൾ. വളരെ മര്യാദകെട്ട പെരുമാറ്റമാണ് അവളുടേത്. പാട്ടിന്റെ അവസാന വരിയിൽ 'പീച്ചസ്' എന്ന് നീന സിമോൺ പാടുകയല്ല, തുപ്പുകയാണ്. ആ കാലഘട്ടത്തിലെ കറുത്ത വർഗക്കാരികൾക്കു സമൂഹത്തിൽ കിട്ടിയിരുന്ന സ്‌ഥാനം ഇതാണെന്നുള്ള നിരൂപണപരമായ ആഖ്യാനം ആണ് 'ഫോർ വിമൻ' എന്ന പാട്ട്. വളരെ ലളിതമായ സംഗീതം. യാതൊരു വെച്ചുകെട്ടലും പളപളപ്പും ഇല്ലാത്ത പാട്ട്. കറുത്ത വർഗ്ഗക്കാരനു വേണ്ട അഭിമാന ബോധത്തെ കുറിച്ച് നിരന്തരം കവിത എഴുതിയ ലാങ്സ്റ്റൻ ഹ്യുഗ്‌സിന്റെ “Harlem Sweeties” എന്ന കവിതയോട് ചേർത്തു നിർത്താവുന്ന രചന ആണ് 'ഫോർ വിമൻ'. കറുത്ത വർഗ്ഗകാരികളുടെ സൗന്ദര്യത്തെ ബ്രൗൺ ഷുഗർ, പീച്ചസ്, കാരമൽ, വാൾനട്ട് എന്നിവയോടൊക്കെ കവി അഭിമാനപൂർവ്വം ഉപമിക്കുന്നുണ്ട്. കറുത്ത പെണ്ണുങ്ങളുടെ വീര്യത്തെയും ധൈര്യത്തെയും കുറിച്ചുള്ള ആഘോഷം ആണ് “Harlem Sweeties”. വെളുപ്പിലും മീതെ തന്നെ അല്ലെ കറുപ്പിന്റെ കരുത്ത് എന്ന് കവി വരികളിൽ ഒളിപ്പിക്കുന്നുണ്ട്. ഫോർ വിമൻ എന്ന പാട്ടിലാകട്ടെ കറുത്ത ഹാസ്യം മികവോടെ മിഴിഞ്ഞു നിൽക്കുന്നു. ദേവദാസി സമൂഹത്തിൽ നിന്നും സംഗീതവുമായി വന്ന നമ്മുടെ ഗായികമാരും കറുത്ത സംഗീതത്തിലെ കടുംനിറങ്ങൾ തന്നെയല്ലേ?

മഞ്ഞുറഞ്ഞ മൗനം

അന്നപൂർണ്ണദേവി

രണ്ട് പതിറ്റാണ്ട് മുൻപ് അന്നപൂർണദേവി എന്ന മഹാ സംഗീതജ്ഞയെ കേട്ടപ്പോൾ എനിയ്ക്ക് വല്ലാതെ വീർപ്പുമുട്ടി. ലോകം ആഘോഷിച്ച ഒരു വലിയ കലാകാരന്റെ ആദ്യ പത്നി എന്ന വിലാസം പേറിയവൾ. വലിയ നഗരത്തിലെ ചെറിയ വീട്ടിൽ സ്വയം തീർത്ത ഏകാന്തതയിൽ ജീവിയ്ക്കുന്ന അന്നപൂർണ്ണാദേവി. അവരുടെ ഏകാന്തത എന്നെ വെപ്രാളപ്പെടുത്തി, അവരുടെ സംഗീതം നിലച്ചു പോയല്ലോ എന്ന ഭീതി എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ആ സംഗീതം കേൾക്കുവാൻ ഒരു മാർഗ്ഗവുമില്ല. കച്ചേരികൾ എന്നോ അവസാനിപ്പിച്ചു. ആ വീട്ടുവാതിലിൽ മുട്ടിയവരിൽ ഏറെപ്പേരും നിരാശയോടെ മടങ്ങി. ഹരിപ്രസാദ് ചൗരസ്യ അത് വരെ പഠിച്ച സംഗീതം അപ്പാടെയും ഉപേക്ഷിച്ചിട്ടാണ് അന്നപൂർണ്ണയുടെ ശിഷ്യനാവുന്നത്. Unlearning എന്ന അഭ്യാസമാണ് ആദ്യം. നമ്മളറിഞ്ഞ ചൗരസ്യയുടെ വീശിഷ്ടമായ സംഗീതമുണ്ടാകുന്നത് ആർക്കും പ്രവേശനമില്ലാത്ത ആ വീട്ടിൽ നിന്നുമാണ്. അൻപത് വർഷത്തോളം ആരോടും മിണ്ടാതെ ജീവിച്ച അന്നപൂർണ്ണ ആകെ അനുവദിച്ച രണ്ടേ രണ്ട് അഭിമുഖങ്ങളിൽ നിന്നാണ് മഞ്ഞു മലയുടെ തുമ്പ് ആസ്വാദകരറിയുന്നത്. ഉപേക്ഷിക്കപ്പെട്ടവളുടെ വേദന ചുരുങ്ങിയ വാക്കുകളിൽ അവർ പങ്കുവെച്ചു. 'പണ്ഡിറ്റ്ജി'യ്‌ക്ക് താൻ കച്ചേരി ചെയ്യുന്നതിൽ സ്പർദ്ധ ഉണ്ടായിരുന്നു എന്നത് അവർ തെളിച്ചു പറഞ്ഞു. പണ്ഡിറ്റ്ജിയെന്ന് വിളിക്കുന്ന അവരുടെ പങ്കാളി വിശ്വപ്രസിദ്ധനാണല്ലോ. പണ്ഡിറ്റ് രവിശങ്കർ എന്ന ഭർത്താവിന്റെ ആഗ്രഹം മാനിച്ച് സംഗീത ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ച് മൗനം വരിച്ച സംഗീതജ്ഞ എന്നായിത്തീർന്നു  അന്നപൂർണ്ണദേവിയുടെ ചരിത്രം.

ഒരിത്തിരി കുഞ്ഞൻ വൈറസ് നമ്മേ വീടുകളിൽ നിർബന്ധമായി പൂട്ടിയിട്ടിരുന്നുവല്ലോ. വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ കാലത്ത് ഞാൻ അന്നപൂർണ്ണദേവിയെ പറ്റി പലപ്പോഴും ആലോചിച്ചു. ഇടയ്ക്കെപ്പോഴെങ്കിലും കിളി വാതിൽ തുറന്ന് പക്ഷികൾക്ക് ഭക്ഷണം വിതറുന്നത് ഞാൻ ഭാവനയിൽ കണ്ടു. മുഴുവൻ സമയവും സാധകം ചെയ്യുന്ന അന്നപൂർണ്ണയെ ഞാൻ കണ്ടു. അന്നപൂർണ്ണദേവിയെ പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ എനിയ്ക്ക് എന്റെയുള്ളിലേയ്ക്ക് ആഴത്തിൽ നോക്കാനായി. അകത്തേയ്ക്കുള്ള അന്വേഷണം ആദ്യമായിരുന്നു. സംഗീതമെന്ന സിദ്ധിയുള്ളവർ തനിച്ചാകില്ല എന്ന് എനിയ്ക്ക് ബോധ്യമായി. അന്നപൂർണ്ണയുടെ കൂടെ ഒരു അപര ലോകം ഞാൻ നിർമ്മിച്ചു. ഭാവനയിൽപ്പോലും അവർക്ക് ശിഷ്യപ്പെടാനുള്ള ധൈര്യം എനിയ്ക്കുണ്ടായില്ല. നിരാശയാലോ മുറിവേറ്റത് കൊണ്ടോ സ്വയം തടവറയിൽ ജീവിച്ച അന്നപൂർണ്ണ എന്ന ധാരണ മാറി. ആർക്കും പ്രവേശനമില്ലാത്ത ആ ആനന്ദ ജീവിതം എനിയ്ക്ക് അനുഭവപ്പെട്ടു തുടങ്ങി. ദ്രോഹിച്ചവരോട് യാതൊരു പകയും സൂക്ഷിക്കാത്ത അന്നപൂർണ്ണയാണ് എന്റെ മാതൃക. ദുഃഖം പോലും ആ സംഗീതത്തിന്റെ മുൻപിൽ തോറ്റു. പകയും ദുഖവും വേദനയും മഹാമൗനത്തിലുറഞ്ഞു. മുറിവേറ്റവളുടെ മൗനം മുറിഞ്ഞതേയില്ല. മൗനത്തെ നാദമാക്കി തീർത്തു. സംഗീതമൊപ്പമുള്ളപ്പോൾ നക്ഷത്രമായി തീർന്നവൾ. അറുപത് വർഷങ്ങൾ നീണ്ട സംഗീത ജീവിതമായിരുന്നു നീന സിമോണിന്റെതെങ്കിൽ അറുപതാണ്ടിന്റെ അസാന്നിദ്ധ്യമാണ് അന്നപൂർണ്ണദേവിയെ അടയാളപ്പെടുത്തിയത്.

പെൺജാതി സംഗീതം

ആൽപ്സ് മലനിരകളുടെ താഴ്വാരത്തിൽ നിരവധി കോട്ടകളുടെ സമീപത്താണ് മൊസാർട്ടിന്റെ ജന്മഗൃഹം. സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചലച്ചിത്രത്തിൽ കണ്ട ഇടങ്ങളും, മൊസർട്ടിന്റെ വീടുമാണ് മറ്റ് പല സഞ്ചാരികളെ പോലെ എനിയ്ക്കും കാണേണ്ടിയിരുന്ന ആകർഷണങ്ങൾ. ഒരു വ്യാഴവട്ടം മുൻപുള്ള ആ യാത്രയോർമ്മകൾതന്നെയാണ് എന്റെ പാട്ടോർമ്മകളിൽ പ്രധാനപ്പെട്ടത് , പ്രിയപ്പെട്ടതും. സാൽസ്ബർഗ് എന്ന ആ പഴയ പട്ടണത്തിലെ മൊസാർട്ടിന്റെ ജന്മഗൃഹത്തിൽ (മ്യൂസിയം) അദ്ദേഹത്തിന്റെ വയലിൻ സൂക്ഷിച്ചിട്ടുണ്ട്. ആ വയലിനിന്റെ മുൻപിൽ വിസ്മയത്തോടെ ഞാൻ കുറേ സമയം ചിലവഴിച്ചു. ടൈം ട്രാവൽ ചെയ്ത് ക്ലാസിക്കൽ യുഗത്തിലെത്തിയെങ്കിൽ എന്ന മട്ടിലാണ് എന്റെ ചിന്തകൾ. ഒരു വിദേശി അടുത്ത് വന്ന് ഇന്ത്യൻ ആണോ എന്ന് എന്നോട് ചോദിച്ചു, അടുത്ത ചോദ്യം "യൂ മ്യൂസിഷ്യൻ " എന്നായിരുന്നു. ആ ചോദ്യം എന്നെ ആഹ്ലാദിപ്പിച്ചു. അടുത്ത ചോദ്യം എം എസ് സുബ്ബലക്ഷ്മിയെ കുറിച്ചായിരുന്നു. ഇന്ത്യൻ സംഗീതം കേൾക്കുന്ന അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി എം എസ് സുബ്ബലക്ഷ്മിയാണ്. എനിയ്ക്കുണ്ടായ അഭിമാനം വിവരിയ്ക്കാനാവുന്നില്ല. ഗർഭിണിയായ ഞാൻ പതിയെ വയറിൽ സ്പർശിച്ചപ്പോൾ അവിടെയും സന്തോഷത്തിന്റെ തിരയിളക്കം. ലോകത്തിലെ ഏറ്റവും മികച്ച കമ്പോസർ ജനിച്ചയിടത്തിൽ വെച്ച് ലോക പ്രശസ്തയായ എം എസ് സുബ്ബലക്ഷ്മിയെ പറ്റി കേൾക്കുമ്പോൾ ഞാനെന്ന ചെറിയ പാട്ടുകാരി അനുഭവിച്ചത് താനും ആ പെൺജാതി സംഗീതത്തിലെ കണ്ണിയെന്ന ആത്മവീര്യമാണ്.

പല ഭൂപടങ്ങളിൽ, പല ദേശങ്ങളിൽ ,പല ഭാഷകളിൽ ചിതറിയ പാട്ടുകളായിത്തീർന്ന പെൺജാതിസംഗീതം.
അപ്പെണ്ണുങ്ങളുടെ പാട്ടുകൾ തീർത്ത പാലങ്ങൾ.
പാട്ടിലേക്കുള്ള വഴിയിൽ പാട്ടായി തീർന്നവർ...

Leave a comment