ബ്രാഹ്മണ്യം, ജാതിവ്യവസ്ഥ, വൈരുദ്ധ്യം
ഭാഗം രണ്ട്
ആറ്
പാര്‍ട്ടിയുടെ പ്രശ്‌നമല്ല, മാര്‍ക്‌സിസത്തിന്റെ പ്രശ്‌നമാണ് അതിന്റെ അപചയത്തിന് കാരണമെന്ന് പറയുന്നവരുണ്ട്. കാലഹരണപ്പെട്ട ആശയങ്ങള്‍ ആണ് മാര്‍ക്‌സിസത്തിന്റേത് എന്നവര്‍ കരുതുന്നു. അപ്പറയുന്നതില്‍ എന്തര്‍ത്ഥമെന്ന് എനിക്ക് മനസിലാകുന്നില്ല. കാരണം കാലഹരണപ്പെട്ട എത്രയോ ആശയങ്ങളുള്ള ഭരണകൂടങ്ങളാണ് ഇന്ന് ലോകത്ത് ഉള്ളത്. സ്ത്രീവിരുദ്ധമായ, മത ഫാഷിസത്തിന്റേതായ , കറുത്ത മനുഷ്യരെ അധിക്ഷേപിക്കുന്ന, ആശയപരമായി ശത്രുതയുള്ളവരെ ഒക്കെ ഉന്‍മൂലനം ചെയ്യുന്ന എത്രയെത്ര ഭരണകൂടങ്ങള്‍. നല്ലതുമാത്രമാണ് അതിജീവിക്കുന്നതെന്നോ കാലികമായി അപ്രസക്തമായത് നിലനില്‍ക്കില്ല എന്നോ പറയാന്‍ പറ്റുമോ? അര്‍ഹമായത് അതിജീവിക്കും എന്ന് ഡാര്‍വിന്‍. അര്‍ഹതയ്ക്കാകട്ടെ യുക്തിയോ ശാസ്ത്രീയതയോ നന്മയോ സൗന്ദര്യമോ ഒന്നും വേണമെന്നുമില്ല. മാര്‍ക്‌സിസത്തിന്റെ പ്രധാനപ്പെട്ട ഒരു ആശയം വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ആണല്ലോ. ഹെഗലിന്റെ കേവലമായ ആശയത്തെ മാര്‍ക്‌സ് അംഗീകരിക്കുന്നില്ല. കേവല ഭൗതികവാദത്തേയും അംഗീകരിക്കുന്നില്ല. നിലവിലുള്ള ആശയങ്ങളും പുതുതായി തലമുറ കണ്ടെത്തുന്ന ആശയങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടും ചേര്‍ന്ന് പുതിയ ഒന്നുണ്ടായി അങ്ങനെ ലോകം മുന്നോട്ടു പോകുന്നു എന്ന് ഹെഗലും മാര്‍ക്‌സും പറയുന്നു. ഇതില്‍ എന്ത് തെറ്റാണ് ഉള്ളത് ?
KARL MARX | PHOTO: WIKICOMMONS
മാര്‍ക്‌സിസത്തിന്റെ അടുത്ത ആശയം സാമ്പത്തിക അടിത്തറയാണ് അടിസ്ഥാനം എന്നാണ്. അതില്‍ നിന്ന് ഉപരിഘടന ഉണ്ടാകുന്നു. ജാതി എന്ന പ്രത്യയ ശാസ്ത്രം ഉണ്ടാകുന്നു. ജാതി എന്ന പ്രത്യയശാസ്ത്രം അടിസ്ഥാന ഘടനയെ തിരിച്ചും സ്വാധീനിക്കുന്നു. അങ്ങനെ ജാതിയില്‍ താണവര്‍ ദരിദ്രരായി തുടരുന്നു. അങ്ങനെ താണജാതി = ദാരിദ്ര്യം എന്ന സമവാക്യം ഉണ്ടാകുന്നു. ജാതിവ്യവസ്ഥയെ അഡ്രസ് ചെയ്യാത്തതു കൊണ്ടാണ് ഇന്ത്യയില്‍ മാര്‍ക്‌സിസം വിജയിക്കാത്തത് എന്ന് ഒരു അഭിപ്രായമുണ്ട്. ഈ വാദം ശരിയാണോ എന്ന് പറയാന്‍ പറ്റുകയില്ല. ഒരു ആശയം സമൂഹത്തില്‍ പ്രചരിക്കുന്നതിന് പ്രത്യേകിച്ച് യുക്തി ഒന്നും ഇല്ല. ഗാന്ധിയും അംബേഡ്കറും നെഹ്രുവും ഒക്കെ സോഷ്യലിസത്തിന്റെ ചില ആശയങ്ങള്‍ എടുത്തെങ്കിലും കമ്യൂണിസത്തെ ഒഴിവാക്കുകയാണുണ്ടായത്. ഈ പ്രബലരെ മറികടക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാകുമായിരുന്നില്ല. എന്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജാതിയെ അഡ്രസുചെയ്യുന്നത് ? ജാതിവ്യവസ്ഥയെ പഠിക്കണമായിരുന്നു എന്നത് ശരിയാണ്. അംബേദ്കറിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളണമായിരുന്നു. മൊത്തത്തില്‍ ഒരു ബ്രാഹ്‌മണിക് പ്രത്യയശാസ്ത്ര ബോധം ആണ് അവരെ അതില്‍നിന്ന് തടഞ്ഞത്. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ഉല്പതിഷ്ണുക്കളുമായ മേല്‍ജാതിക്കാരുടെ ഒരു കൂട്ടമായിരുന്നല്ലോ കമ്യൂണിസ്റ്റുകള്‍. കേരള പശ്ചാത്തലത്തില്‍ ഇനി ജാതിയെ പഠിക്കാനൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമയമുണ്ടാവണമെന്നില്ല; ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും. അത് വേണ്ടെന്ന് പറയുന്നില്ല. പിന്നെയോ എ.സി, എസ്.ടി, ഒ.ഇ.സി, OX വിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹികോന്നമനത്തിനായി പ്രവര്‍ത്തിച്ചാല്‍ മതി. അവരെ കോളനികളുടെ സ്ഥാനത്ത് ഫ്‌ലാറ്റു പണിതു കൊടുത്ത് വിമോചിപ്പിച്ചാല്‍ മതി. എയിഡഡ് സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം ബാധകമാക്കിയാല്‍ മതി. എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും നിശ്ചിത സംവരണം നല്കിയാല്‍ മതി. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റും സ്ഥാനങ്ങള്‍ കൊടുത്താല്‍ മതി. (ഇതെല്ലാം എല്ലാവര്‍ക്കും വേണ്ടിയാണ്. ) ജാതി മാറ്റാനോ അവരുടെ അപമാനം മാറ്റാനോ ഒരു പാര്‍ട്ടിക്കും കഴിയുകയുകയില്ല. കാരണം ജാതി രൂപീകരണത്തിന്റേയും അതിന്റെ ഫാഷിസത്തിന്റേയും പിന്നിലെ ലോകത്തിലെ ഏറ്റവും ഭീകരമായ ആര്യന്‍ കുബുദ്ധി അത്രത്തോളമുണ്ട്.
ഏഴ്
ഹിന്ദു മതത്തെ അഴിച്ചെടുത്താല്‍ മതം അപ്രത്യക്ഷമാകുകയും കുറേയേറെ ജാതികള്‍ പ്രത്യക്ഷമാകുകയും ചെയ്യും. എന്നാല്‍ ആ ജാതികളെയെല്ലാം കൂട്ടിയോജിപ്പിച്ചാല്‍ ഹിന്ദു മതം കിട്ടുകയുമില്ല.
മനുഷ്യരെ ജാതീയമായി പലതട്ടില്‍ നിര്‍ത്തുന്ന ഒരു മതവും പുതുതായി ഒരു സന്ദേശവും നല്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ ഒരു മതത്തിനും ഒന്നും പുതുതായി പറയാന്‍ ഇല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭരണകൂടം എന്നത് ഉത്തരാധുനിക കാലത്ത് ഒരു തരത്തിലും കോമണ്‍ സെന്‍സിന് നിരക്കുന്നതുമല്ല. ഞാന്‍ മതവിശ്വാസങ്ങള്‍ക്ക് എതിരല്ല. പക്ഷേ മതങ്ങള്‍ കാലഹരണപ്പെട്ടു എന്ന് പറയേണ്ടി വരുന്നു. സ്വകാര്യമായി മതങ്ങളില്‍ വിശ്വസിക്കാന്‍, ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ മനുഷ്യര്‍ക്ക് അവകാശങ്ങളുണ്ട്. അത് പരിരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ആ വിശ്വാസങ്ങളെ ചൂഷണം ചെയ്തുഭരണകൂടം നിര്‍മ്മിക്കുക എന്നതും അടുത്ത ക്ഷേത്രനിര്‍മ്മാണത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാക്കുക എന്നതും തികച്ചും പ്രാകൃതമാണ്. സൃഷ്ടിച്ചു വിട്ടവര്‍ക്കുപോലും ജാതിവ്യവസ്ഥയെ ഇല്ലാതാക്കാന്‍ പറ്റുകയില്ല എന്നതാണ് ജാതിവ്യവസ്ഥ എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകത. അതിനാല്‍ ജാതിവ്യവസ്ഥ തന്നെ തിരിച്ചു കുത്താന്‍ സാധ്യതയുമുണ്ട്. അത് ഹിന്ദുമതത്തെ എടുത്ത് ഉപയോഗിക്കുന്നവര്‍ക്ക് വിനയാകാനും സാധ്യതയുണ്ട്. ഗുജറാത്തു കലാപം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നിങ്ങനെയുള്ള ആസൂത്രിതമായ കുമാര്‍ഗങ്ങളിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. അതിനായിട്ടവര്‍ മതേതരത്വം തകര്‍ത്തു. ഇന്ത്യക്കാരായ, സഹോദരങ്ങളായ, രാജ്യസ്‌നേഹികളായ മുസ്ലീങ്ങളെ അപരമാക്കി. അതിന് സഹായകമായിരുന്നു ലോകത്തിലെ ഇസ്ലാമിക ടെററിസം, ഇസ്ലാമോ ഫോബിയ. പാകിസ്ഥാന്‍ എല്ലാം. മുസ്ലീങ്ങള്‍ മതപരമായ കാര്യങ്ങളില്‍ വ്യത്യസ്തരായിരിക്കുന്നതും അവര്‍ക്ക് സഹായകമായി. സ്വന്തം വ്യത്യസ്തത അവര്‍ മനഃപൂര്‍വ്വം മനസിലാക്കാതെയുമിരുന്നു. നോട്ടു നിരോധനം കൊണ്ടും പണാധിപത്യം കൊണ്ടും രാഷ്ട്രീയ നൈതികത നഷ്ടപ്പെടുത്തിക്കൊണ്ടും സോഷ്യലിസത്തില്‍ നിന്ന് ക്യാപ്പിറ്റലിസത്തിലേക്കുള്ള മാറ്റം കൊണ്ടും ( സ്വകാര്യവല്‍കരണം ) ഒരു ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ എല്ലാ സ്വഭാവവും ചേരുന്ന ഒരു സമീപനമാണ് അവരുടേത്. ഇത് 90 കളില്‍ തന്നെ ഇന്ത്യയില്‍ പലരും മനസിലാക്കിയിരുന്നു. ഞാനും മനസിലാക്കി. നാലുകാര്യങ്ങള്‍ ഒരുമിച്ചു വരുന്ന ഒരു മാറ്റമായിരുന്നത്. സ്വകാര്യവല്‍ക്കരണം, ആഗോളീകരണം, ഉദാരവല്‍ക്കരണം, ഹിന്ദുവൈസേഷന്‍ എന്നീ നാലുകാര്യങ്ങളായിരുന്നു അവ. ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം ഫാഷിസത്തോടും നാസിസത്തോടും അടുത്തു നില്ക്കുന്നു. നവഫാസിസത്തിന്റെ മാതൃകകള്‍ അത് ഏറ്റെടുക്കുന്നു അവര്‍ എന്നതാണ് യാഥാര്‍ത്ഥ്യം. കിണ്ണം കൊട്ടി കൊറോണയെ ഓടിക്കുക, ഗോമൂത്രം കുടിക്കുക, പശുവിനെ ആലിംഗനം ചെയ്യുക പോലുള്ള അപഹാസ്യമായ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നു. അതിലൂടെ ജനങ്ങളെ ഭൂതകാലത്തിലേക്ക് നയിക്കുന്നു. ദളിതരെയും മുസ്ലീങ്ങളെയും ആക്രമിക്കുന്നു. അവിശ്വാസികള്‍ അഥവാ മത വിശ്വാസമനുസരിച്ച് ജീവിക്കാത്തവര്‍ വിശ്വാസികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുന്ന സാഹചര്യമാണ് ലോകത്തുള്ളത്. മൊറോക്കോയില്‍ 50 % മുസ്ലീങ്ങളും പള്ളിയില്‍ പോകുന്നില്ല. യൂറോപ്പിലെ കാര്യം ഞാന്‍ പറയേണ്ടല്ലോ. അഴിമതി ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് എത്രയോ ഭേദമായിരുന്നു. പക്ഷേ അവരില്‍ പലരും ബി.ജെ.പി ക്കാരായി. അങ്ങനെ ഇരുണ്ട നാളുകള്‍ ആണ് വരാനിരിക്കുന്നതെന്ന് ഭയക്കേണ്ടി വരുന്നു.
BABRI MASJID DEMOLITION | PHOTO: PTI
എട്ട്
നമ്മള്‍ മനുഷ്യര്‍ ആണോ ? ആരു പറഞ്ഞു ?
ഒരു പുസ്തകം പുസ്തകമാണോ ? ഒരു കടുവ കടുവയാണോ ? ദെല്യൂസിനെയും ഗെത്തേരിയേയും അല്പം വായിച്ചപ്പോള്‍ ( ക്യാപിറ്റലിസം ആന്റ് സ്‌കീസോഫ്രേനിയ ) മുമ്പേ ഉണ്ടായിരുന്ന ചിന്തകള്‍ എന്നില്‍ ബലപ്പെട്ടു. മനുഷ്യൻ എന്ന് ആണ്‍ലിംഗവും പെണ്‍ലിംഗവും ഒഴിവാക്കിയാണ് ഇവിടെ പറയുന്നത്. അതാകട്ടെ മൂലരൂപിയായ ആള്‍ തന്നെ. മനുഷ്യന്‍ എന്നൊരു ജീവിയില്ല. അത് ഭൂമിയിലെ ഒരു ജീവിയുടെ പേരാണ്. പേരിടല്‍ പരിമിതപ്പെടുത്തല്‍ ആണെന്ന് മല്ലാര്‍മ്. മനുഷ്യര്‍ക്കും കടുവയ്ക്കും പേരിന് പുറത്തു നില്ക്കാം. പേരിന്റെ താഴെ നില്ക്കാം. പേരില്‍ത്തന്നെ നില്ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കു പറ്റും ? നിങ്ങള്‍ കമ്യൂണിസ്റ്റാണോ ? സംഘപരിപാര്‍ ആണോ ? കോണ്‍ഗ്രസ് ആണോ ? ആണെങ്കില്‍ മമ്മൂട്ടി പല്ലാവൂര്‍ ദേവനാരായണന്‍ ആണ് ? ജോസഫ് അലക്‌സ് ആണ് ? സേതുരാമ അയ്യര്‍ ആണ് ? നിങ്ങള്‍ പേരിനപ്പുറത്തോ ഇപ്പുറത്തോ ആണ്. വ്യാഖ്യാനിക്കാന്‍ പറ്റാത്ത തിയറം ആണ് നിങ്ങള്‍. അര്‍ത്ഥ ക്ലേശമുള്ള കവിത. ബ്രാക്കിന്റെ വയലിന്‍കാരന്‍. പിയാത്തെ. ആളുകള്‍ അര്‍ത്ഥമില്ലാതെ ഉച്ചരിക്കുന്ന മന്ത്രം.
ജീവികള്‍ക്കെല്ലാം പേരു കൊടുത്തത് ദൈവം ആണ്. എല്ലാ ജീവികളെയും ഒരു കാട്ടിലെ പുല്‍പ്പരപ്പില്‍ വിളിച്ചു കൂട്ടി ദൈവം പേരിട്ടു. ഹീബ്രുവിലാകയാല്‍ എനിക്കത് അറിയില്ല. യഹോവയെ നമ്മള്‍ മലയാളത്തില്‍ ദൈവമെന്ന് മൊഴിമാറ്റി. ദിവത്തില്‍ ഇരിക്കുന്നത് ദൈവം എന്നാണോ? ദിവം ഇല്ല, ആകാശം ഇല്ല. മനുഷ്യര്‍ ചെയ്ത കാര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ദൈവത്തെ ഏല്പിച്ചു എന്നു മാത്രം. മനുഷ്യര്‍ എന്ന പേര്‍ നമ്മള്‍ക്കും നമ്മള്‍ തന്നെ ഇട്ടു. മനുവില്‍ അതിന്റെ ഉടമസ്ഥത ആരോപിച്ചു. മനു മനുഷ്യരില്‍ നിന്നുണ്ടായി. എല്ലാ ദൈവങ്ങളുടേയും തന്തയും തള്ളയും മനുഷ്യര്‍ തന്നെ.
ഞാന്‍ ഒരു മനുഷ്യന്‍ അല്ല. മനുഷ്യന്‍ എന്നത് ഒരു സങ്കല്പമാണ്. ഞാന്‍ സങ്കല്പമല്ല. ഞാന്‍ നിങ്ങളുടെ സ്വപ്നമല്ല. ഞാന്‍ കമ്യൂണിസ്റ്റല്ല. Pariah അല്ല. ബ്രഹ്‌മാവിന്റെ തലയും കൈയും തുടയും കാലും കൂട്ടിച്ചേര്‍ത്താല്‍ അത് ബ്രഹ്‌മാവല്ല. അരക്കുട് എവിടെ എന്ന് ചോദിക്കും. അഴിച്ചെടുത്താല്‍ ഹിന്ദു മതമില്ലെന്ന് പറഞ്ഞത് അതുകൊണ്ടാണ്. അഴിച്ചെടുക്കാന്‍ ഒരു മതവും ഇല്ല തന്നെ. ഹൃദയവും പതപ്പയും കരളും പാന്‍ക്രിയാസും കുടലും പണ്ടവും എവിടെയെന്ന് ചോദിക്കും. അതുകൊണ്ട് ഞാന്‍ ചണ്ഡാലനല്ല. കേരളത്തില്‍ ശൂദ്രര്‍ ഇല്ല. കാലുകൊണ്ട് ശൂദ്രര്‍ ഉണ്ടാവില്ല.
മനുഷ്യന്‍ എന്ന സങ്കല്പത്തിന് പൊതുമാനമില്ല. അതുകൊണ്ട് എനിക്ക് ഏതു വാക്കും ആകാം ഏത് വസ്തുവും ആകാം. ഞാന്‍ മഴയെക്കുറിച്ചെഴുതുന്നതിനാല്‍ മഴ നനയുകയാണ് എന്ന് പറയരുത്.
ഒന്‍പത്
സാഹിത്യം മാര്‍ക്‌സിനുമുമ്പും ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയേണ്ടതില്ല. ഇങ്ങനെ പറഞ്ഞത് ഒരു തുടക്കത്തിനാണ്. സാഹിത്യംപോലെ രാഷ്ട്രിയവും തത്വചിന്തയും നൈതികതയും മുമ്പേ ഉണ്ടായിരുന്നു. മാര്‍ക്‌സ് സാഹിത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, ബല്‍സാക്കിനെപ്പറ്റിയും ഗ്രീക് സാഹിത്യത്തെപ്പറ്റിയും മറ്റും. കാല്പനിക കവിതകള്‍ ഭാര്യ ജെന്നിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ( ഒ.എന്‍ വി അത് മലയാളത്തില്‍ ആക്കി. മാര്‍ക്‌സിനെയും ജെന്നിയേയും കളിയാക്കിക്കൊണ്ട് ഒ. വി. വിജയനും എഴുതിയിട്ടുണ്ട്, എന്റെ ചരിത്രാന്വേഷണ പരീക്ഷണങ്ങളില്‍ ) ഗോര്‍ക്കിയുടെ അമ്മയും മയക്കോവ്‌സ്‌കിയുടെ കവിതകളും ഷോളോഖോവിന്റെ ഡോണ്‍ നദി ശാന്തമായൊഴുകുന്നു പോലുള്ള നോവലുകളും ബ്രഹ്റ്റിന്റെയും നെരുദയുടെയും നാടകങ്ങളും കവിതകളും എങ്ങനെ മറക്കാനാണ് ? മലയാള കൃതികള്‍ വേറേ. സാഹിത്യത്തെക്കുറിച്ച് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അഥവാ അനുഭാവികള്‍ക്ക് ചില വിചാരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ സാഹിത്യം വായിക്കുമായിരുന്നു. അവരുടെ സംഭാവന ചെറുതല്ല. നക്‌സലുകളും പുസ്തകം ആഴത്തില്‍ വായിച്ചിരുന്നു. സാഹിത്യം ചിന്തിച്ചിരുന്നു. ഇരുകൂട്ടരും എം. ഗോവിന്ദനെ പോലുള്ള സ്വതന്ത്ര ചിന്തകരും അരാജകവാദികളും ആണ് നമ്മുടെ വിശാലാധുനികസാഹിത്യം സൃഷ്ടിച്ചത്. ഇന്നും പു.ക.സ ഉണ്ട്. എനിക്ക് പരിചയമുള്ള ഷാജി. എന്‍. കരുണാണ് അതിന്റെ പ്രസിഡന്റ് എന്നാണ് മനസ്സിലാക്കുന്നത്. മഹാനായ ഒരു കലാകാരനാണ്. ഒരു പകല്‍ മുഴുവനും ആലുവ ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ട് ഞാന്‍. വയലാര്‍ അവിടെയിരുന്ന് ആയിരം പാദസരങ്ങള്‍ എന്ന പാട്ടെഴുതിയ കാര്യം അദ്ദേഹം എന്നോട് പറഞ്ഞു. ശ്യാം എന്ന എംബ്രോയ്ഡറി കലാകാരനെക്കുറിച്ചുളള അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയെപ്പറ്റി ഞാനും പറഞ്ഞു. പിറവി എന്ന ക്ലാസിക് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പു.ക.സാ യുടെ രാഷ്ട്രിയ നിലപാടുകള്‍ നല്ലതാണ് എന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞാന്‍ ഏറ്റുമാനൂര്‍ ടൗണില്‍ അവര്‍ക്കായി പ്രസംഗിച്ചിട്ടുണ്ട്. കത്തിക്കേറിയാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ടു. വൈക്കത്തും പ്രസംഗിച്ചു. പക്ഷേ മാറിയ കാലത്ത് അവര്‍ക്ക് പരിമിതികള്‍ ഉണ്ട്. സമകാല ഇന്ത്യന്‍ ചിത്രകലയും സമകാല ലോക കലാപ്രവര്‍ത്തനങ്ങളും അവരുടെ പരിധിയിലില്ല. അവര്‍ സാഹിത്യത്തെ കേന്ദ്രീകരിക്കുന്നു. ഞാനൊരു കമ്യൂണിസ്റ്റ് കവി അല്ലാത്തതു കൊണ്ടും സാഹിത്യം പുരോഗമനപരം എന്നുപറയുന്നത് മനസിലാകാത്തതു കൊണ്ടും പു.ക.സ ക്കാരുടെ ആശയങ്ങള്‍ എന്നെ ഒട്ടും ഉണര്‍ത്താറില്ല.
(ഒരു തരത്തിലും നിര്‍വചിക്കാന്‍ പറ്റാത്ത എഴുത്തുകാരനും മനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്ന ജീവിയുമാണ് ഞാന്‍. ഞാന്‍ മോഷ്ടിച്ചാല്‍ നിങ്ങള്‍ എന്നെ കള്ളന്‍ എന്നാണ് വിളിക്കുക. കൊള്ളയടിച്ചാല്‍ കൊള്ളക്കാരന്‍ എന്നും.)
അതുപോട്ടെ, അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ പോകാറുണ്ടായിരുന്നു എന്നു മാത്രം. പക്ഷേ അവര്‍ പഴേ പോലെ ഇപ്പോള്‍ വിളിക്കാറില്ല. ഞങ്ങള്‍ അരാജക സാഹിത്യത്തില്‍ വിശ്വസിച്ചവരാണ്. അത് തിന്മ നിറഞ്ഞതും ഏതൊരു അധികാരത്തെയും വിമര്‍ശിക്കാതിരിക്കാന്‍ പറ്റാത്തതുമാണ്. അത് ഭ്രാന്തും ഫിലോസഫിയുമാണ്. അത് രോഗവും രോഗമുക്തിയുമാണ്. അത് ദൈവത്തോടുള്ള കലാപമാണ്. അത് നരകദര്‍ശനമാണ്. അത് ഡിവൈന്‍ കോമഡി വായിക്കലാണ്. അത് ഡി സാദേയെ വായിക്കലാണ്. പസോളിനിയെ കാണലാണ്. അത് ഹെര്‍ത്താ മുള്ളറെ വായിക്കലാണ്. കറുത്ത സാഹിത്യം, ദലിത് സാഹിത്യം, ട്രാന്‍സ് ജന്റര്‍ സാഹിത്യം, ആദിവാസിസാഹിത്യം എന്നിവയെ തത്വത്തില്‍ കമ്യൂണിസ്റ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അകലെയുള്ളതെന്തും ആസ്വദിക്കാം. അടുത്തു നില്ക്കുമ്പോഴാണ് പ്രശ്‌നം. കേരളത്തിന് വെളിയിലുളള ദളിത് സാഹിത്യമെഴുതുന്നവരെ അവര്‍ അംഗീകരിക്കാറുണ്ട്. കേരളത്തില്‍ ഉള്ളവരെ, അടുത്തുള്ളവരെ ശ്രദ്ധിക്കാറില്ല. അവിടെ അകലമിട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഇതര രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ക്കൊന്നും സാഹിത്യ വീക്ഷണമില്ല. സാഹിത്യകാരന്മാരെ വരും കാലത്ത് ഹിന്ദുമത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പേടിക്കേണ്ടിവരും; എന്നാല്‍ തിരിച്ചും സംഭവിക്കാം. സ്വതന്ത്ര ബുദ്ധിജീവികളെ, നിസ്വാര്‍ത്ഥരെ ഉണര്‍ത്താവുന്ന ഒന്നും തന്നെ അവരുടെ പിന്നോട്ടുയാത്രയില്‍ ഇല്ല. താലിബാന്റെ ജനാധിപത്യ പതിപ്പ്. കോണ്‍ഗ്രസുകാര്‍ സാഹിത്യത്തെ പോഷിപ്പിക്കില്ലെങ്കിലും സാഹിത്യകാരന്മാരെ നേരില്‍ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കുന്നവരാണ്. (ഉള്ളില്‍ അവഗണയാണെങ്കിലും.) ക്യാപ്പിറ്റലിസ്റ്റ് സമൂഹത്തില്‍ സാഹിത്യത്തെ പണം കൊണ്ട് ആദരിക്കും. അതിജീവിക്കുന്നവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വിവാദമുണ്ടാക്കുന്നവര്‍ക്കും അംഗീകാരം നല്കും. ഏത് പുതുമയേയും പുകഴ്ത്തും. പു.ക.സയുമായോ അരാജകവാദികളുമായോ തത്വചിന്തകരുമായോ അവര്‍ക്ക് വൈരുദ്ധ്യം ഇല്ല.
പത്ത്
ബ്രാഹ്‌മണര്‍ ശ്രേഷ്ഠജാതിയാണെന്നുള്ള വാദം പ്രകൃതി വിരുദ്ധമാണ്. വിഡ്ഢിത്തവും അസംബന്ധവുമാണ്. പല തരം മനുഷ്യരാണ് ലോകത്തുള്ളത്. തമ്മില്‍ വ്യത്യസ്തരും മനുഷ്യര്‍ എന്ന പൊതു സങ്കല്പത്തില്‍ തുല്യരുമാണ്. ഇന്ന് പക്ഷി മൃഗാദികളില്‍ നിന്നന്യമായ സമാനതകള്‍ പങ്കിടുന്ന 800 കോടിയിലധികം വരുന്ന ഒരു ജീവിവര്‍ഗം ആകുന്നു അവര്‍. പരസ്പരം ആശ്രയിക്കാതെ അവര്‍ക്ക് ജീവിതമില്ല. ഇന്ന് ബ്രാഹ്‌മണരും ഭൗതികമായി ഈ പ്രായോഗികതയോടെയാണ് ജീവിക്കുന്നത്. ആചാരങ്ങളില്‍ ചിലത് നിലനിര്‍ത്തുന്നുണ്ടെങ്കിലും ശാസ്ത്രത്തിലും സാങ്കേതികതയിലും അവരുടെ സംഭാവനകള്‍ ഉണ്ട്. അവര്‍ മിശ്രവിവാഹം കഴിക്കുന്നുമുണ്ടാവാം. പക്ഷേ ബ്രാഹ്‌മണിക് പ്രത്യയ ശാസ്ത്രം ഭൗതികതയില്‍ നിന്ന് കുറേയെല്ലാം മാറിനില്ക്കുന്നു. അത് ബോധാബോധങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അതിന് അരൂപിയായി നിന്നു കൊണ്ട് അന്തമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയും. അതൊരു വൈറസ് ആണ്. മനസ്സിലും ശരീരത്തിലും അത് ബാധിച്ചിരിക്കുന്നു. ഈ ബ്രാഹ്‌മണിക് ബോധം ഇതരജാതികളിലേക്ക് സംക്രമിക്കുന്നുണ്ട്. തൊട്ടുതാഴെയുള്ള ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാര്‍ ബ്രാഹ്‌മണരാണ്. ഇന്ത്യയില്‍ ബ്രാഹ്‌മണരുടെ ആധിപത്യത്തെ ക്ഷത്രിയരും മറ്റും അംഗീകരിച്ചിരുന്നില്ല. ബുദ്ധ- ജൈന-ആജീവക-ചാര്‍വാകന്മാര്‍ പ്രത്യേകിച്ചും. ബ്രാഹ്‌മണര്‍ ആവട്ടെ ബ്രഹ്‌മാവിനെ അവയവങ്ങളാക്കി പരികല്പിച്ച് ജാതി വ്യവസ്ഥയെ കോസ്മിക്കായി ഉറപ്പിച്ചു. തലയില്‍ നിന്ന് ബ്രാഹ്‌മണരും കൈകളില്‍ നിന്ന് ക്ഷത്രിയരും തുടകളില്‍ നിന്ന് വൈശ്യരും ഉണ്ടായി എന്ന് എഴുതി വച്ചു. കാലുകള്‍ തീരെ മോശമാണെന്ന് അവര്‍ കരുതി. ( അവര്‍ സ്വന്തം കാലുകള്‍ വെട്ടിക്കളയാഞ്ഞത് ഭാഗ്യം ! ) അതിനാല്‍ കാലുകളില്‍ നിന്ന് ശൂദ്രരുണ്ടായി. ഇതിലൊന്നും പെടാത്തവരെ നമുക്ക് ബ്രഹ്‌മാവിന്റെ ഉടലില്‍ നിന്ന് ഉണ്ടായവരായി കല്പിക്കാം. തദ്ദേശീയരെ രാക്ഷസരായി ചിത്രീകരിച്ചു.
തല Singular ആയതിനാല്‍ ബ്രാഹ്‌മണര്‍ ന്യൂനപക്ഷമാണെന്ന് നമുക്ക് വായിച്ചെടുക്കാം. തല ഒഴികേ ബാക്കിയെല്ലാം Plural ആണല്ലോ. അത് ഭൂരിപക്ഷത്തെ സൂചിപ്പിക്കുന്നു എന്നും നമുക്ക് വായിച്ചെടുക്കാം. കേരളത്തില്‍ ഈ വര്‍ണ വ്യവസ്ഥയില്‍ രണ്ടെണ്ണമേയുള്ളു. തലയില്‍ നിന്നും കൈകളില്‍ നിന്നും ഉണ്ടായവര്‍. ക്ഷത്രിയരും ഇവിടെ ഉണ്ടായിരുന്നോ ? ക്ഷത്രിയര്‍ ഇവിടത്തെ രാജാക്കന്മാര്‍ ആയിരിക്കാം. അവര്‍ ക്ഷത്രിയര്‍ ആക്കപ്പെട്ടിരിക്കാം. തിരുവിതാം കൂറില്‍ ഹിരണ്യഗര്‍ഭം വഴി ക്ഷത്രിയീകരണം നടന്നിട്ടുണ്ട്. വൈശ്യര്‍ ഇവിടെ ഉണ്ടോ? ഉണ്ടെങ്കില്‍ അത് മറ്റു മതക്കാരാണ്. ശൂദ്രര്‍ ആണ് നായന്മാര്‍ എന്ന് പറയാറുണ്ട്. എങ്കില്‍ അമ്പലവാസികള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെല്ലാം ശൂദ്രര്‍ ആണെന്നല്ലേ പറയാന്‍ പറ്റൂ. എനിക്കു തോന്നുന്നത് ശൂദ്രരും ഇവിടെ ഇല്ലെന്നാണ്. ഏതായാലും ഭാരതത്തില്‍ ചണ്ഡാളര്‍, സൂതര്‍, മാഗധര്‍ എന്നിവരെയെല്ലാം ശൂദ്രരായി കരുതുണ്ടാവാം. ഇവര്‍ പഞ്ചമരും ആവാം. മേല്‍പറഞ്ഞ വര്‍ണ വ്യവസ്ഥയും ജാതിവ്യവസ്ഥയും കുറേയേറെ ശിഥിലമാണ് എന്നു തോന്നുന്നു. വര്‍ണ വ്യവസ്ഥയില്‍ അല്പം വ്യക്തത ഉണ്ടെങ്കിലും ജാതിവ്യവസ്ഥയില്‍ ഒരു വ്യക്തതയും ഇല്ല. പല പുസ്തകങ്ങളിലും പലതാണ്. ഇനി വ്യക്തത ഉണ്ടാക്കാനും പറ്റുകയില്ല. അതിന്റെ ആവശ്യവുമില്ല. അനുഭവചരിത്രങ്ങള്‍ മഹാഭാരതം, രാമായണം, ബുദ്ധചരിത്രം എന്നിവയിലെല്ലാം ചിതറിക്കിടക്കുന്നു.
<RSS>
ഇപ്പോഴത്തെ അനുഭവാഖ്യാനങ്ങള്‍ വച്ച് ഭൂതകാലത്തെയും കുറേശ്ശേ വായിച്ചെടുക്കാം. എന്നാല്‍ എല്ലാ കാലത്തും ഇന്ത്യ ഇതെല്ലാം അനുഭവിച്ചിരുന്നു എന്ന് കരുതാന്‍ വയ്യ. ബ്രാഹ്‌മണര്‍ മാത്രമല്ല ഇന്ന് കീഴാള വിഭാഗങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാവരും സൂത്രക്കാരാണ്. ബ്രാഹ്‌മണ്യം എല്ലാവരേയും തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നാളിതുവരെ പരിഹാരം കാണാത്ത വിഷയം ദളിത്, ആദിവാസി, ജിപ്‌സി ക്വെസ്റ്റ്യന്‍സ് ആണ്. ആ ചോദ്യത്തെ അവഗണിക്കാന്‍ ഇനി ആവുകയില്ല. ഭരിക്കുന്നത് പാര്‍ട്ടിക്കാര്‍ മാത്രമല്ലല്ലോ. മീഡിയയും കോടതിയും കൂടിയുണ്ടല്ലോ. അതുകൊണ്ട് ചോദ്യങ്ങളെ അങ്ങനെ ഇനിയും വച്ചു നീട്ടാന്‍ പറ്റുകയിയില്ല. പുതിയ കാലത്ത് പിന്നോക്കക്കാര്‍ക്ക് അധികാരം കൊടുത്തു കൊണ്ട് പിന്നിലിരുന്ന് ഭരിക്കാനും ബ്രാഹ്‌മണര്‍ക്ക് അറിയാം. അതാണ് RSS ചെയ്യുന്നത്. RSS പിരിച്ചു വിട്ടാലേ ഇന്ത്യ രക്ഷപെടൂ. അവര്‍ പഴയ നിലപാട് കുറേ മാറ്റിയിട്ടുണ്ട്. ആ മാറ്റം ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതുമൂലം ഇതരര്‍ക്കും തങ്ങള്‍ തുടരുന്ന ബ്രാഹ്‌മണിക് നിലപാടുകളെ കുറേയെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരുന്നു. എന്നാല്‍ അത് ഹൈന്ദവതയ്ക്കുള്ളില്‍ത്തന്നെ ആകുന്നു എന്നതാണ് കമ്മ്യൂസ്റ്റ് പാര്‍ട്ടികളുടേയും പ്രശ്‌നം. സംവരണ മണ്ഡലങ്ങള്‍ക്കപ്പുറത്ത് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സമൂഹ പ്രാതിനിധ്യത്തെ തെരെഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ടില്ല മുഖ്യാധാരാ പാര്‍ട്ടികള്‍. അവിടെയാണ് ബ്രാഹ്‌മണ്യം ഒറ്റക്കെട്ടായി സവര്‍ണ ശക്തിയായി നിലകൊള്ളുന്നത്. ഇത് ദളിതരും ആദിവാസികളും സാഹോദര്യ ബോധം ഉള്ളവരും തിരിച്ചറിഞ്ഞിട്ടുണ്ട്.
പതിനൊന്ന്
രാഷ്ട്രിയം എന്നാണ് ഞാന്‍ എഴുതുന്നത്.
എന്താണ് രാഷ്ട്രിയം? വാക്കിന്റെ അര്‍ത്ഥം രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. രാഷ്ട്രം എന്നു വച്ചാല്‍ മനുഷ്യരും മറ്റ് ജീവജാലങ്ങളും കൃഷിയും വ്യവസായവും ഭരണവും ഭരണഘടനയും ഉള്ളത് എന്ന് പറയാം. ഇതെന്റെ സ്വന്തം ധാരണ ആകുന്നു. ഏതായാലും കുറേ ആളുകളുടെ കൂട്ടം അല്ലത്. ഭൂഭാഗം മാത്രവുമല്ല. രാഷ്ട്രം എന്ന ആശയം ചരിത്രത്തിലൂടെ പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞു വന്നതാണ്. രാഷ്ട്രിയം എന്ന വാക്ക് വിശാലമായ അര്‍ത്ഥത്തിലും സവിശേഷമായ അര്‍ത്ഥത്തിലും പ്രയോഗിക്കാറുണ്ട്. കവിതയുടെ രാഷ്ട്രിയം, മരുന്നിന്റെ രാഷ്ട്രിയം എന്നും മറ്റും. ഏതിനോടും ആ വാക്ക് ചേരും.
സവിശേഷമാകുമ്പോള്‍ അത് ഭരണവും മനുഷ്യരും തമ്മിലുള്ള ബന്ധവും ഭരണത്തിന്റെ നിലപാടുകളും ഒക്കെയാണ്. രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ഭരണത്തിന്റെ ചുറ്റും സ്ഥിതി ചെയ്യുന്നു. അവരാണ് ഭരണത്തില്‍ എത്തുന്നത്. ഒരു ജനാധിപത്യക്രമത്തില്‍ ഭരണഘടനയും പാര്‍ലിമെന്ററി ഘടനയും മറ്റും പ്രധാനമാണ്. ഇന്ത്യ ആരു ഭരിച്ചാലും അത് ജനാധിപത്യ ഭരണമാണ്. ഇന്ത്യയിലെ ബി.ജെ.പി. മതത്തെയും ദൈവങ്ങളെയും അവരുടെ രാഷ്ട്രിയാവശ്യത്തിനായി ഉപയോഗിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ അവരുടെ ഭരണവും ജനാധിപത്യ വ്യവസ്ഥ അനുസരിച്ചായിരിക്കുന്നു. ഓരോ പാര്‍ട്ടിക്കും സ്വന്തമായുള്ള ആശയങ്ങള്‍ ഭരണകൂടത്തിന് പുറത്താണ്. അതാണ് RSS കാര്‍ 2040 ല്‍ തങ്ങള്‍ നേരിട്ട് ഇന്ത്യ ഭരിക്കും എന്ന് എന്നോട് പറഞ്ഞത്. ജനാധിപത്യ വ്യവസ്ഥയിലാണ് അവരുടെ ഭരണമെങ്കില്‍ അതോടുകൂടി അവര്‍ തീരും. കാരണം ഭരിക്കുമ്പോള്‍ ഭരിക്കപ്പെടുകയും ചെയ്യുമല്ലോ. ഇന്ത്യയിലെ ജനങ്ങള്‍ ചെയ്യേണ്ടത് ഭരണഘടനയെ സംരക്ഷിക്കുക എന്നതുമാത്രമാണ്. അടിസ്ഥാനപരമായ അമെന്റുമെന്റുകള്‍ക്ക് വഴങ്ങാതിരിക്കുക എന്നതാണ്.
REPRESENTATIONAL IMAGE: PTI
മുമ്പത്തെ അധ്യായത്തില്‍ ഭരിക്കുന്നത് ഗവണ്‍മെന്റ് മാത്രമല്ല എന്ന് പറഞ്ഞിട്ടുണ്ട്. ജുഡീഷ്യറിക്ക് മേല്‍നോട്ടമുണ്ട്. മാധ്യമങ്ങള്‍ക്കും ഭരണത്തെ വിമര്‍ശിച്ച് നിയന്ത്രിക്കാന്‍ പറ്റും. നവമാധ്യമങ്ങളും വെറുതേയിരിക്കില്ല. സമുദായ സംഘടനകള്‍ ജനകീയ മുന്നേറ്റങ്ങള്‍ ഒക്കെ ഭരണത്തെ നിയന്ത്രിക്കുന്നുണ്ട്. വ്യക്തിക്കും അത് സാധ്യമാണ്. സജീവമായ ജനാധിപത്യത്തില്‍ എല്ലാവരും ഭരിക്കുന്നുണ്ടെന്നും ഭരിക്കപ്പെടുന്നുണ്ടെന്നും പറയാം. ഒരു വ്യക്തിയാണ് ജനാധിപത്യത്തില്‍ കേന്ദ്രം. നല്ല രാഷ്ട്രിയ ബോധമുള്ള ജനത ഉണ്ടെങ്കില്‍ ജനാധിപത്യ ഭരണം നന്നാകും. പക്ഷേ അതല്ല കണ്ടു വരുന്നത്. ആരാണ് ഭരിക്കുന്നതെന്ന് അറിയാത്തവര്‍ പോലും ഉണ്ട്. ഇപ്പോഴും രാജഭരണമാണെന്ന് കരുതുന്നവരുണ്ട്. ഭരിക്കുന്നത് ഒരു മൂക കോടിയെയാണ്. അജ്ഞരും പാവങ്ങളുമാണ്.
വീടുപോലുമില്ലാത്തവരാണ്. സത്യത്തില്‍ അവരെ ഭരിക്കാന്‍ ആരും വേണ്ടതില്ല. ഭരണം കൊണ്ട് അവര്‍ക്ക് ഒരു ഗുണവുമില്ല. ഈ സാധാരണ മനുഷ്യരെ എല്ലാ പാര്‍ട്ടിക്കാരുടേയും ചില ആശയങ്ങള്‍ എങ്കിലും ബാധിക്കുന്നുണ്ടാവാം. ശ്രീരാമനെ അവര്‍ക്ക് ഇഷ്ടമാണ്. ഹിന്ദുമതം പ്രിയങ്കരമാണ്. കാള്‍ മാര്‍ക്‌സിനോടും എംഗല്‍സിനോടും ആദരവുണ്ടാകാം. ഗാന്ധിയെയും നെഹ്രുവിനെയും ഇഷ്ടമായിരിക്കാം. ഇതൊന്നും അറിയാത്തവരും ഉണ്ട്. അത് മുകളില്‍ പറഞ്ഞല്ലോ. ജനങ്ങള്‍ക്കു മുമ്പില്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ കാണിക്കുന്നത് അവരെ ആകര്‍ഷിക്കുവാനുള്ള തന്ത്രങ്ങള്‍ ആണ്. കൂട്ടക്കൊലകള്‍ നടത്തി ജനങ്ങളെ പേടിപ്പിക്കാം, ക്ഷേത്രനിര്‍മ്മാണം, പര്യടനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, ജാഥകള്‍, ഹര്‍ത്താലുകകള്‍, റോഡ് ഷോകള്‍, സ്വന്തം ചാനലുകള്‍, ചാനല്‍ ചര്‍ച്ചകള്‍, കോര്‍പറേറ്റുകളുമായുള്ള ബന്ധം. പണത്തിന്റെ ബലം എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍. ജനങ്ങള്‍, ജാതി, മതം, ബന്ധുത്വം എന്നിവയുടെ സ്വാധീനങ്ങളില്‍ പെട്ട് വോട്ടു ചെയ്യും. ഇത് മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രായോഗികമായി ചിന്തിക്കുന്നു. ജാതിയെയും മതത്തെയും അറിഞ്ഞ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. ക്യാപിറ്റലിസത്തിലേക്ക് കൂടുതല്‍ കൂടുതല്‍ മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. കുറച്ചു പേര്‍ മാത്രം സമ്പന്നരാകുന്നു. സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ വിദ്യാഭ്യാസം, വിവാഹം, ചികിത്സ, കൃഷി, ചെറുകിട കച്ചവടം എന്നിവയ്‌ക്കെല്ലാം മുന്നില്‍ പകയ്ക്കുന്നു.
കഴിഞ്ഞ അമ്പതുവര്‍ഷത്തെ ജീവിതം എടുത്താന്‍ മൂല്യരാഹിത്യം, നീതിരാഹിത്യം ചതിയും വഞ്ചനയും ഒക്കെ കൂടി. ആദര്‍ശം ഇല്ലാതായി എല്ലായിടത്തും. ജനങ്ങളെ ജാതീയമായും മതപരമായും ആളുകള്‍ സംഘടിപ്പിക്കുന്നു. അവിടെ പൊതുവിടം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനുള്ളത്. അടിസ്ഥാന ജനതയ്ക്കുവേണ്ടി നിലകൊള്ളുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. കേരളത്തിലെ കീഴാളരെ മാത്രം ഫോക്കസു ചെയ്താല്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനില്ക്കും. രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ആത്മശുദ്ധീകരണം കാലം ആവശ്യപ്പെടുന്നു. രാഷ്ട്രിയത്തില്‍ തിന്മയ്ക്ക് പ്രസക്തിയുണ്ട്. പക്ഷേ പരിധി വിട്ടാല്‍ അത് സര്‍വ്വനാശത്തിലേക്ക് പോകും. മതഭരണം പ്രാകൃതമാവാം. ഒരു തരം താലിബാനിസം ആകുന്നു. പക്ഷേ ഇന്ത്യയില്‍ മതഭരണം പ്രാകൃതം മാത്രമല്ല. ടെക്‌നോളജി, സയന്‍സ്, സൈബര്‍ ടെക്‌നോളജി, മുതലാളിത്തം, വികസനം എന്നിവയെല്ലാം കുടി ചേര്‍ത്തു വച്ചിട്ടുണ്ട് അവര്‍ എന്നത് മറക്കരുത്. അതിനാല്‍ അത്തരം മതഭരണം ഉത്തരാധുനിക പ്രതിഭാസം ആകുന്നു.
പന്ത്രണ്ട്
നോക്കൂ, ബ്രാഹ്‌മണ മതക്കാരുടെ ജാതി വ്യത്യാസങ്ങളും അസ്പൃശ്യതയും ബുദ്ധന്‍ വകവച്ചില്ല. പുരോഗമന ചിന്താഗതിക്കാരായ ബ്രാഹ്‌മണരേയും മറ്റുള്ളവര്‍ക്കൊപ്പം തങ്ങളുടെ കൂടെക്കൂട്ടി ഒരു ജനാധിപത്യ സംവിധാനമായിരുന്നു സംഘം. ബുദ്ധനെ മനസിലാക്കാനായി ഞാന്‍ നേപ്പാളില്‍ പോകുകയുണ്ടായി. അത് ഒരു ഹിന്ദു രാഷ്ട്രം ആണെന്നുളള അറിവ് എന്നെ ഞെട്ടിച്ചു.
ബുദ്ധന്റെ കൂടുതല്‍ പ്രവര്‍ത്തനവും ഇന്ത്യയിലായിരുന്നു. ജന്മനാട്ടിലേക്ക് അദ്ദേഹം ബുദ്ധനായശേഷം ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഒരു ബുദ്ധിസ്റ്റ് ഇന്ത്യയുണ്ട്. അത് ബുദ്ധിസത്തിന്റെ ജന്മ നാടാണ്. കാഞ്ച ഐലയ്യ ബുദ്ധനെ ഒരു രാഷ്ട്രിയ തത്വചിന്തകനായി കാണുന്നു. ചന്ദ്രഗുപ്ത മൗര്യന്‍ ജൈന മതത്തിലഭയം കൊണ്ടാണ് മരിച്ചത്. അശോകന്‍ ബുദ്ധിസ്റ്റായി മാറി. ബുദ്ധന്‍ ജനിച്ച സ്ഥലത്ത് അശോകന്‍ ഒരു സ്തംഭം നാട്ടിയിട്ടുണ്ട്. ഞാനവിടെ പോയിട്ടുണ്ട്. ആ സ്തംഭം കണ്ടിട്ടുണ്ട്. ഹിന്ദുമതത്തിന് ഒരു നിശ്ചിത സ്ഥാപകന്‍ ഇല്ല. അതൊരു മതവുമല്ല. ഒരു സംസ്‌കാരമാണത്. ഇത് പലരും സൂചിപ്പിച്ചിട്ടുള്ളതാണ്. ജാതിവ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ ശാപം. അതില്ലെങ്കില്‍ ഹിന്ദുമതം സൂപ്പറാണ്. എന്തൊരു സ്വാതന്ത്ര്യം എന്തൊരു ഭാവനകള്‍. ഹിന്ദു വഴി എന്നു പറയാം. ജാതിവ്യവസ്ഥയെ നിയമം മൂലം നിരോധിച്ചാലേ ഇന്ത്യക്കാര്‍ രക്ഷപെടുകയുള്ളു. അതിന് മേല്‍ ജാതിക്കാര്‍ സമ്മതിക്കില്ല. സംഘടിതരായ കീഴ് ജാതിക്കാരും സമ്മതിക്കില്ലെന്നാണ് തോന്നുന്നത്. സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും ജാതിവ്യവസ്ഥ കൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഗുണങ്ങളുടെ അഥവാ പ്രയോജനങ്ങളുടെ പേരില്‍ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍, അപരിഷ്‌കൃതത്വം എന്നിവ അവര്‍ മറക്കുന്നു. ഏതായാലും ഉത്തരാധുനികരായ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല ജാതിവ്യവസ്ഥ.
മാര്‍ക്‌സിസ്റ്റ് രീതിയില്‍ പറഞ്ഞാല്‍ ജാതി ഒരു പ്രത്യയശാസ്ത്രം ആകുന്നു. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളല്ലാത്തവരും പ്രത്യയശാസ്ത്രം എന്ന് പറയും. അത് ഐഡിയോളജിയാണ്. ഭൗതികതയില്‍ നിന്ന് ഉമിര്‍ക്കൊളളുന്ന ആശയമാണ് പ്രത്യയശാസ്ത്രം. ജാതി അങ്ങനെ ഉയിര്‍ക്കൊണ്ടതാണോ? അതോ ചിന്തയില്‍ നിന്ന് രൂപം കൊണ്ടതാണോ? തീര്‍ച്ചയായും ഭൗതികതയുമായതിന് ബന്ധമുണ്ട്. അതിഗഹനമായ കാര്യങ്ങളാണിവ. അതിസങ്കീര്‍ണവും. ഏതായാലും കുറച്ചുപേര്‍ ജാതി രൂപീകരണത്തിന് അക്കാലത്ത് ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അത് ബ്രാഹ്‌മണരാകാനാണ് സാധ്യത. ജാതി ആധുനികോത്തര കാലത്ത് ഐഡന്റിറ്റിയായി സര്‍ട്ടിഫിക്കറ്റുകളിലും മറ്റും രേഖപ്പെടുത്തുന്നു. ഓരോ ജാതിയേയും പ്രത്യേക തൊഴിലില്‍ ബന്ധിച്ചിരുന്നു. അവര്‍ താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേകമായിരുന്നു എന്നും കരുതാം. ഇന്ന് പല ജാതി മനുഷ്യര്‍, മതവിഭാഗത്തില്‍ പെട്ടവര്‍ പൊതുവേ ഇടകലര്‍ന്നാണ് താമസിക്കുന്നത്. ഭൂമിയുടെ ഒന്നാം നിലയ്ക്കുമീതേ ആകാശവാസികളുടെ പ്ലാറ്റുകളുണ്ട്. അവിടെ ജാതിമതഭേദം കുറവാണ് എന്ന് തോന്നുന്നു. അതുകൊണ്ട് ജാതി സര്‍ട്ടിഫിക്കറ്റിലേ കാണൂ. ലോകത്തില്‍ പലതരം വൈവിധ്യങ്ങളും ഉണ്ട്. പക്ഷേ ജാതിപോലെ ഒരു വൈരുധ്യം വേറെങ്ങും ഇല്ല. ലോകത്ത് ജാതി ഉണ്ടെന്ന് പറയുന്നവര്‍ ഉണ്ട്. പക്ഷേ അതിന് തെളിവില്ല. ഇന്ത്യക്കാര്‍ പോയ സ്ഥലത്തെല്ലാം ഉണ്ടാകും. ഇത് ഇന്ത്യയ്ക്ക് ലോകത്ത് അപമാനം ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയെ തനിക്ക് ഇഷ്ടമല്ലെന്ന് ലൂയി ബുനുവല്‍ My last breath എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം സ്‌പെയിന്‍കാരനാണ്. യൂറോപ്പിന് പണ്ടേ ഭാഷാതീതവും രാജ്യാതീതവുമായ ഒരു യൂണിറ്റി ഉണ്ടായിരുന്നു. യൂറോപ്പ് ഒരു ഭൂഖണ്ഡം എന്ന നിലയില്‍ ഐക്യമുള്ളതാണ്. യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്പം അങ്ങനെ ഉണ്ടായതാവാം. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ നിന്ന് കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് യൂറോപ്പ് ഉയിര്‍ത്തെഴുന്നേറ്റു. അത് ജാതിവ്യവസ്ഥ ഇല്ലാത്തതു കൊണ്ടാണ്.
ഇന്ത്യയിലെ ജാതിവ്യവസ്ഥ മാറ്റാന്‍ ആര്‍ക്കും താല്പര്യമില്ലാത്തത് എന്താണ്? ഇന്ത്യയില്‍ എല്ലാവരും ബ്രാഹ്‌മണരാണ് എന്നതാണ് അതിന്റെ പിന്നിലുള്ള കാരണം എന്ന് ഞാന്‍ പറയുന്നു. അത് രസകരമായ പറച്ചിലാണ്. കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതു പോലെ തങ്ങള്‍ക്കും താഴെ ഒരു ജാതി/ജാതികള്‍ ഉള്ളതിനാല്‍ തങ്ങള്‍ മേല്‍ജാതിക്കാരാണ് എന്ന് ഓരോ ജാതിയും കരുതുന്നു. അത് ബ്രാഹ്‌മണ്യത്തിന്റെ മേല്‍ക്കോയ്മയുടെ സ്വാധീനം ആണ്. ഇംഗ്ലീഷ് അക്ഷരമാല Z മുതല്‍ പുറകോട്ടു പോകും പോലെയാണ് ജാതി വ്യവസ്ഥ. അതിലെ അവസാന ജാതി ഏതാണ് ? അങ്ങനെ ഒന്നില്ല. അതൊക്കെ അവ്യക്തമാണ്. 26 അക്ഷരങ്ങള്‍ പോലെ പരിമിതമല്ല ജാതികളുടെ എണ്ണം. അത് സങ്കീര്‍ണമാണ്. സ്ഥലവും കാലവും പ്രകാരം ഓരോ ജാതിയുടെയും മൂല്യം ഉയരുകയും താഴുകയും ചെയ്യും. അങ്ങനെയാണെങ്കില്‍ പിന്നെ ബ്രാഹ്‌മണ്യം ഇന്ത്യയില്‍ പൊതുവിലുളളതാണ് എന്ന് പറയാം. കീഴാളതയും പൊതുവിലുള്ളതാണ്. ഒരേസമയം എല്ലാവരും ബ്രാഹ്‌മണരാണ്, കീഴാളരാണ്. കീഴാളര്‍ എന്നത് മറക്കുന്നു. ബ്രാഹ്‌മണര്‍ എന്നത് ഓര്‍ക്കുന്നു. ഇന്ത്യക്കാരുടെ ദ്വിമാനതയാണിത്. ഇരട്ട സ്വത്വം - ഒരു നദിയുടെ അപ്പുറത്തും ഇപ്പുറത്തും വസിക്കുന്ന വരെ പോലെയാണ് ഇന്ത്യക്കാര്‍. ഇരുകൂട്ടര്‍ക്കും പരസ്പരം വെറുപ്പാണ്. രണ്ട് ജാതികള്‍ക്കിടയില്‍ ഒരു നദി ഒഴുകുന്നു. ഒടിഞ്ഞു പറിഞ്ഞ ചില പാലങ്ങളേയുള്ളു അവര്‍ക്കിടയില്‍.
എസ് ജോസഫ് എഴുതിയ ലേഖനത്തിന്റെ ഒന്നാം ഭാഗം.
https://themalabarjournal.com/post/tmj-outlook-article-marxism-s-joseph